തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിവാദങ്ങൾ വിടാതെ പിടികൂടുകയാണ്. വാഴക്കുല ബൈ വൈലോപ്പിള്ളി കോപ്പിയടി വിവാദത്തിന് പിന്നാലെ, ആഡംബര റിസോർട്ട് വിവാദം വന്നു. ഒന്നര വർഷമായി ചിന്ത വൻതുക വാടക നൽകി റിസോർട്ടിൽ താമസിക്കുന്നുവെന്ന ആരോപണം കൂടി വന്നതോടെ സിപിഎമ്മും, യുവജന കമ്മീഷൻ അദ്ധ്യക്ഷയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കുകയാണ്. ആകെ പി കെ ശ്രീമതി മാത്രമാണ് പരസ്യ പിന്തുണയുമായി വന്നത്. ചങ്ങമ്പുഴ വിവാദത്തിൽ ഇപിയെ പോലുള്ളവർ ചിന്തയ്ക്ക് തുണയായി കുറിപ്പിട്ടിരുന്നു. ഏറ്റവുമൊടുവിൽ മോശം പെരുമാറ്റമാണ് ചിന്ത ജെറോമിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഭക്ഷണം കഴിക്കാൻ റസ്റ്റോറണ്ടിൽ പോയപ്പോൾ ചിന്ത ജെറോം ജീവനക്കാരോട് തട്ടിക്കയറി എന്നാണ് ആക്ഷേപം. ഭക്ഷണം കൊണ്ടുവരാൻ വെയിറ്റർമാർ വൈകിയതാണ് അവരെ പ്രകോപിപ്പിച്ചത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ചിന്ത ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറിയത്.

വ്യാഴാഴ്ച രാത്രി 11.30 ഓടെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലായിരുന്നു സംഭവം. ഭക്ഷണം കിട്ടാൻ വല്ലാതെ വൈകി എന്ന പേരിലായിരുന്നു ശകാരവർഷം. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചിന്ത നില വിട്ടുപെരുമാറിയതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നവരും, ജീവനക്കാരും അന്തം വിട്ടുപോയി.

ജീവനക്കാർക്ക് നേരെയുള്ള ശകാരം കടുത്തതോടെ ഭക്ഷണം നൽകില്ലെന്നായി ഹോട്ടൽ ജീവനക്കാർ. ഇതറിഞ്ഞതോടെ ചിന്തയുടെ ശൗര്യം കൂടി. എല്ലാം കണ്ടുകൊണ്ട് നിസ്സഹായരായി ഇരുന്നു എം എ ബേബിയും ഭാര്യയും. ഇരുവരും പോട്ടെ സാരമില്ലെന്ന് പറഞ്ഞ് ചിന്തയെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാൻ കൂട്ടാക്കിയില്ല. കൂടുതൽ പ്രകോപനം ഉണ്ടാക്കാനാണ് ചിന്ത ശ്രമിച്ചതെന്നാണ് ആരോപണം.

എന്നും പാവപ്പെട്ട തൊഴിലാളികൾക്കൊപ്പം എന്ന് ആണയിടുന്ന പാർട്ടിയുടെ സഖാവ് തന്നെ ഇങ്ങനെ ജീവനക്കാരോട് മോശമായി പെരുമാറിയതിലെ ശരികേടാണ് അവിടെ ഉണ്ടായിരുന്നവർ പങ്കുവയ്ക്കുന്നത്. സാധാരണഗതിയിൽ ഭക്ഷണം ഓർഡർ ചെയ്താൽ ഉണ്ടാകാവുന്ന താമസം മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഹോട്ടലുടമ പറയുന്നത്. കാര്യം മനസ്സിലാക്കാതെയാണ് അവർ തട്ടിക്കയറിയതെന്ന് ജീവനക്കാരും പറയുന്നു.

തിരിച്ചടിയായി റിസോർട്ട് വിവാദവും

ചിന്ത ജെറോം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.

കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്‌മെന്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്‌മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.

2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്. ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്