- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്ത ജെറോം കുടുംബ സുഹൃത്ത്; സ്ഥാപനം നിശ്ചയിച്ച വാടക നൽകിയാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷ താമസിച്ചത്; ചിന്തയുടെ അമ്മയെ ചികിത്സിക്കുന്നത് തന്റെ ഭാര്യയെന്നും തങ്കശേരിയിലെ ഹോട്ടൽ ഉടമ; തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നും വിശദീകരണം
കൊല്ലം: യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം ഫോർ സ്റ്റാർ റിസോർട്ടിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന യൂത്ത് കോൺഗ്രസിന്റെ ആരോപണത്തെ ചൊല്ലി വിമർശനം തുടരുകയാണ്. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്ട്‌മെന്റാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ അമ്മയുടെ ചികിത്സയ്ക്കായാണ് അപാർട്‌മെന്റിൽ താമസിച്ചതെന്നും 20,000 രൂപയാണ് മാസ വാടകയെന്നും ചിന്ത പറഞ്ഞു. വീട് പുതുക്കിപ്പണിയുന്നതിനായാണ് മാറിത്താമസിച്ചതെന്നും ചിന്ത വ്യക്തമാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ വിടാതെ വിമർശനം തുടരുന്നു.അതിനിടെ, റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ രംഗത്തെത്തി.
ചിന്ത ജെറോം കുടുംബ സുഹൃത്താണ്. സ്ഥാപനം നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ അമ്മയെ ചികിത്സിക്കുന്നത് തന്റെ ഭാര്യയെന്നും ഹോട്ടൽ ഉടമ പറഞ്ഞു. നിയമങ്ങൾ പാലിച്ചാണ് സ്ഥാപനം നടത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് ഹോട്ടൽ ഉടമയുടെ വിശദീകരണം.
കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാവാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും പരാതി നൽകിയിരുന്നു. അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം.
കൊല്ലം തങ്കശേരിയിലെ ഫോർസ്റ്റാർ ഹോട്ടൽ റിസോർട്ട് താമസിച്ചതായി ചിന്ത സമ്മതിച്ചിരുന്നു. കൊറോണ കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നുവെന്നും അമ്മയുടെ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചതെന്നും യുവജന കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി. അമ്മയ്ക്ക് ആയുർവേദ ചികിത്സ ആവശ്യമായി വന്നു. സ്‌ട്രോക്ക് വന്നത് കാരണം അമ്മയ്ക്ക് നടക്കാൻ പ്രയാസമായിരുന്നു. അറ്റാച്ചഡ് ബാത്തറൂമും വീട്ടിൽ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഡോക്ടർ താമസിക്കുന്ന സ്ഥലത്തെ അപാർട്ട്‌മെന്റിലേക്ക് മാറിത്താമസിക്കുകയാണ് ഉണ്ടായതെന്ന് അവർ വ്യക്തമാക്കി.
20,000 രൂപയാണ് മാസവാടകയാണ് നൽകിയത്. തന്റെ കയ്യിൽ നിന്നും അമ്മയുടെ പെൻഷനിൽ നിന്നുമാണ് പണം നൽകിയതെന്നും ചിന്ത വ്യക്തമാക്കി. പൊതുചടങ്ങുകൾക്ക് പോകുമ്പോൾ രോഗിയായ അമ്മ തനിച്ചാവുന്നത് കണക്കിലെടുത്താണ് പരിചയമുള്ളയാളുടെ സമീപത്ത് താമസമാക്കിയത്. വിമർശിക്കുന്നവർ തന്റെ ഈ അവസ്ഥ മനസിലാക്കണമെന്നും ചിന്ത പറഞ്ഞു.
'ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കോവിഡിന്റെ സമയത്ത് അമ്മയ്ക്ക് ചില അസുഖങ്ങളുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ചികിത്സ. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യങ്ങളൊക്കെ ആവശ്യമുണ്ടായ സാഹചര്യത്തിൽ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു. അമ്മയ്ക്ക് ആയുർവേദ ചികിത്സ നടത്താനും തീരുമാനിച്ചു. യാത്രകളിൽ അമ്മയെ കൂടെ കൂട്ടാറാണ് പതിവ്.
ഇതിനിടെ ഞാൻ വിദേശത്ത് പോയപ്പോഴൊക്കെ അമ്മ താമസിച്ചിരുന്നത് കൃഷ്ണപുരം ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ ഗീതാ ഡാർവിന്റെ വീട്ടിലാണ്. വ്യക്തിപരമായി അവരുമായി അടുപ്പമുണ്ട്. ഇതിനിടെ അവർ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ താഴെ നിലയിൽ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് പറഞ്ഞു. തുടർന്ന് അങ്ങോട്ടേക്ക് മാറി. കോവിഡ് സാഹചര്യംകൊണ്ട് വീടുപണിയും നീണ്ടിരുന്നു. 20000 രൂപയാണ് ആ അപ്പാർട്ട്‌മെന്റിൽ താമസിക്കാൻ വാടകയായി അവർ പറഞ്ഞിരുന്നത്. ഡോ.ഗീതയുടെ പരിചരണം ലഭിക്കുമെന്നതായിരുന്നു പ്രധാനം. ബാങ്ക് ട്രാൻസ്ഫർ വഴിയാണ് ഈ വാടക നൽകിയിരുന്നത്. അമ്മയും ഞാനും മാറി മാറിയാണ് ഇത് നൽകിയിരുന്നത്. സഹായത്തിനായി ആദ്യം രണ്ട് പേരുണ്ടായിരുന്നു. ഞങ്ങളുടെ സ്വകാര്യ കാര്യങ്ങളൊക്കെ ഇങ്ങനെ പരസ്യമാക്കുന്നതിൽ പ്രയാസമുണ്ട്. വെള്ളവും കറന്റ് ചാർജും അടക്കമാണ് അവർ 20000 രൂപ വാടക പറഞ്ഞത്. അത് കൃത്യമായി തന്നെ നൽകിയിട്ടുണ്ട്' ചിന്ത പറഞ്ഞു.
ദിവസവും എനിക്കുനേരെ ഇത്തരത്തിൽ ആരോപണങ്ങളുമായി വന്നുകൊണ്ടിരിക്കുകയാണ്. പിഎച്ച്ഡിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വസ്തുതാപരമായ പിശക് വന്നിട്ടുണ്ടെന്ന് ഞാൻ സമ്മതിച്ചതാണ്. നിങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴാണ് അത് അറിയുന്നതും. മറ്റുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും ചിന്ത വ്യക്തമാക്കി. താമസിച്ചിരുന്ന കൊല്ലത്തെ റിസോർട്ടിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്‌മെന്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്‌മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.
2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്.
ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ