- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാഴക്കുല ബൈ വൈലോപ്പിള്ളി പരാമർശം നോട്ടപ്പിശക് മാത്രം; പ്രബന്ധം പൂർണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകൾ; ചിന്ത ജെറോമിന്റെ പ്രബന്ധത്തിൽ വീഴ്ചകൾ ഒന്നുമില്ലെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടു; കേരള വിസിക്ക് വിശദീകരണം നൽകി ഗൈഡ്; കോപ്പിയടിയെന്ന ആരോപണം പൂർണമായി തള്ളി
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നായ 'വാഴക്കുല' എഴുതിയത് ചങ്ങമ്പുഴ ആണെങ്കിലും തന്റെ ഗവേഷണ പ്രബന്ധത്തിൽ ചിന്ത ജെറോം, വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് പരാമർശിച്ചത് വിവാദമായിരുന്നു. ചിന്തയുടെ പ്രബന്ധം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല വിസിക്ക് പരാതിയും കിട്ടി. ഗവർണർ, ചിന്തയുടെ പ്രബന്ധം പരിശോധിക്കണമെന്ന് കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന പരാമർശം നോട്ടപ്പിശകാണെന്ന് യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ ഗൈഡും, പിവിസിയുമായിരുന്ന ഡോ.പി.പി.അജയകുമാർ കേരള വിസിക്ക് വിശദീകരണം നൽകി.
കേരള സർവകലാശാലയിൽ ചിന്ത ജെറോം സമർപ്പിച്ച പ്രബന്ധം പരിശോധിച്ചു ബോധ്യപ്പെട്ടതാണ്. അതിൽ വീഴ്ചകൾ ഒന്നുമില്ലെന്നും ഡോ. പി.പി. അജയകുമാർ വിശദീകരണത്തിൽ പറഞ്ഞു. ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന് ചിന്ത നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം, ഡോ. അജയകുമാർ വിസിക്ക് നൽകിയ മറുപടിയിലും പറയുന്നുണ്ട്.
പ്രബന്ധത്തിനു മറ്റു പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത 10 ശതമാനത്തിൽ താഴെയാണ്. യൂജിസി വ്യവസ്ഥ പ്രകാരമുള്ള പരിശോധന നടത്തിയതാണ്. പ്രബന്ധം പൂർണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഡോ.അജയകുമാറിന്റെ വിശദീകരണത്തിൽ പറയുന്നു. ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകളും പ്രബന്ധത്തിന്റെ ഒറിജിനൽ പതിപ്പും മൂല്യനിർണയം നടത്തിയ തമിഴ്‌നാട്ടിലെയും ബനാറസിലെയും സർവകലാശാല പ്രഫസർമാരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസ് രേഖകളും വിസി ആവശ്യപ്പെട്ടതനുസരിച്ചു രജിസ്ട്രാർ സമർപ്പിച്ചിട്ടുണ്ട്.ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേലാണ് കേരള വിസിയുടെ ചുമതല വഹിക്കുന്നത്.
അതേസമയം, ഡോ: പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്കും വിസി ക്കും കഴിഞ്ഞ മാസം നിവേദനം നൽകിയിരുന്നു.
മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധംവിദഗ്ധസമിതിയെ നിയോഗിച്ച് പുനഃ പരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പിവിസി, പി. പി. അജയകുമാറിന്റെ ഗൈഡ് ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും, അദ്ദേഹത്തെ നിലവിലെ എച്ച്ആർഡിസി ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ്് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും കേരള വിസി ക്കും നിവേദനം നൽകി.
ചിന്താ ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്നും പകർത്തിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്.
അക്കാദമിക് പ്രോഗ്രാമുകളുടെ സർഗാത്മകതയും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവ്വകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ, ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സത്യ സന്ധത പാലിക്കണമെന്നും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുതെന്നും ചൂണ്ടിക്കാട്ടുന്നു. സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുവാൻ ബാധ്യസ്ഥരാണ്. അതിനാൽ ക്രമക്കേടുകൾക്ക് വിസി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. അതുകൊണ്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ