തിരുവനന്തപുരം: ഒമ്പത് ലക്ഷം ശമ്പള കുടിശ്ശിക തരപ്പെടുത്താമെന്ന സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ മോഹം തൽക്കാലം നടക്കില്ല. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലും സർക്കാറിന്റെ സാമ്പത്തികാവസ്ഥയും പരിഗണിച്ചും തുടർ നടപടികളിലേക്ക് നീങ്ങേണ്ടെന്നാണ് സർക്കാറിന്റെ തീരുമാനം. ഇതോടെ ശമ്പള കുടിശ്ശിക ചിന്ത ജെറോമിന് ലഭിക്കില്ല. 18 മാസത്തെ കുടിശികയായ 9 ലക്ഷം രൂപ നൽകാൻ ധനവകുപ്പ് അനുമതി നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ ഉത്തരവും ഇറക്കിയിട്ടില്ല.

ചിന്താ ജെറോമിന് ശമ്പളക്കുടിശിക നൽകിയാൽ യുഡിഎഫ് കാലത്ത് നിയമിച്ച യൂത്ത് കോൺഗ്രസ് നേതാവ് ആർ.വി.രാജേഷിനും കുടിശിക നൽകേണ്ടി വരും. 3 വർഷത്തെ കുടിശികയായി 18 ലക്ഷത്തോളം രൂപയാണ് രാജേഷിനു നൽകേണ്ടി വരുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2016 ഒക്ടോബറിലാണ് ചിന്തയെ യുവജന കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നതു വരെ പ്രതിമാസം 50,000 രൂപ നൽകാനായിരുന്നു അന്നത്തെ തീരുമാനം,

2018 മേയിൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി നിശ്ചയിക്കുകയും ചിന്തയ്ക്ക് ഈ തുക നൽകിത്തുടങ്ങുകയും ചെയ്തു. എന്നാൽ, അതിനു മുൻപ് 50,000 രൂപ വീതം കൈപ്പറ്റിയ 18 മാസത്തെ കുടിശികയായ 9 ലക്ഷം രൂപ അനുവദിക്കണമെന്ന് ചിന്ത സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തള്ളി. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് കുടിശിക അനുവദിച്ചത്.

അതേസമയം, താൻ കുടിശികയ്ക്കായി അപേക്ഷിച്ചിട്ടില്ലെന്ന ചിന്തയുടെ വിശദീകരണം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ആദ്യത്തെ അപേക്ഷ തള്ളിക്കൊണ്ടുള്ള കായിക യുവജനകാര്യ വകുപ്പിന്റെ ഉത്തരവിൽ ശമ്പളക്കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് . ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിന്റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരുലക്ഷമാക്കി ഉയർത്തി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം. വിവാദമായപ്പോൾ കുടിശ്ശിക ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചത് കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷാണെന്നും ചിന്ത പറഞ്ഞു. ചിന്തക്ക് ശമ്പളം നിശ്ചയിക്കുന്നതറിഞ്ഞാണ് താൻ ആദ്യം സർക്കാറിനെ സമീപിച്ചതന്ന് രാജേഷ് പറയുന്നു. ആവശ്യം തള്ളിയതോടെ ഹൈക്കോടതിയിൽ പോയി അനുകൂല ഉത്തരവ് നേടിയിട്ടും സർക്കാർ നടപ്പാക്കുന്നില്ലെന്നാണ് രാജേഷിന്റെ പരാതി.