- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളി! ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കവിതാസമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന പ്രബന്ധത്തിൽ വൈലോപ്പിള്ളിയുടെ പേരിൽ അക്ഷരത്തെറ്റ്; ഇതു വെറുമൊരു സാങ്കേതിക പ്രശ്‌നമെന്ന് യുവജനകമ്മിഷൻ അധ്യക്ഷയുടെ അടുപ്പക്കാർ; ചിന്താ ജെറോമിന്റെ പ്രബന്ധം രാജ് ഭവനിലേക്ക്
തിരുവനന്തപുരം: വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപരിശോധിക്കണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യവുമായി കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി. അടുത്ത ദിവസം ഗവർണർക്ക് ഉൾപ്പെടെ പരാതി നൽകാനും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തീരുമിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സർവ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മിത്വത്തിനെതിരായ പോരാട്ടത്തിൽ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉണർത്ത് പാട്ടായി പോലും കേരളം ഏറ്റെടുത്ത കവിതയായിരുന്നു അത്. ഇതാണ് ചിന്ത തെറ്റിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് രേഖകൾ സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വിവാദം പുതിയ തലത്തിലെത്തി.
ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കവിതാസമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന ചിന്തയുടെ പ്രബന്ധത്തിൽ വൈലോപ്പിള്ളിയുടെ പേരുപോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 'വൈലോപ്പള്ളി' എന്നാണ് പ്രബന്ധത്തിൽ പരാമർശിച്ചിട്ടുള്ളത്. ഗുരുതര പിശകുസംഭവിച്ചെങ്കിലും ഗവേഷണത്തിന് മേൽനോട്ടം വഹിച്ച അദ്ധ്യാപകനോ മൂല്യനിർണയം നടത്തിയവരോ ഇക്കാര്യം കണ്ടെത്തിയിരുന്നില്ല. 'നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിന് 2021ലാണ് പിഎച്ച്.ഡി. നൽകിയിരുന്നത്. കേരള സർവകലാശാല മുൻ പി.വി സി. ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു ചിന്തയുടെ ഗവേഷണം.
അതേസമയം വിവാദത്തിൽ ചിന്താ ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രബന്ധത്തിന്റെ കാതലായ വിഷയങ്ങളിൽ യാതൊരു പ്രശ്നവുമില്ലെന്നും ചില കവിതകളിൽനിന്ന് ഭാഗമെടുത്ത് ഉദാഹരിച്ചതിൽ സാങ്കേതികമായ പിഴവുവന്നത് മാത്രമാണ് പ്രശ്നമെന്നുമാണ് ചിന്തയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിൽ ചിന്ത ഗവേഷണം പൂർത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. പിന്നെ ഒട്ടും മടിച്ചില്ല വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി. സിപിഎം സഹയാത്രികനാണ് രഞ്ജിത്. കേരള ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ.
കേരള സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന അജയകുമാറിന്റെ മേൽനോട്ടത്തിൽ വർഷങ്ങൾ സമയമെടുത്ത്, പണം ചെലവിട്ട് തയ്യാറാക്കിയതാണ് പഠനം. വിവിധ കമ്മിറ്റികൾക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല.അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിന്റെ പ്രതികരണം. ഓർമ്മയില്ലെന്ന് ഗൈഡും പറയുന്നു. കഥയെന്തായാലും ചിന്തയിപ്പോൾ ഡോക്ടറാണ്. ചങ്ങമ്പുഴയുടെ വാഴക്കുല അങ്ങനെ എഴുത്തുകാരന്റെ പേരിൽ ചർച്ചയുമാകുന്നു. ആരും വായിക്കാതെയാണ് പ്രബന്ധത്തിന് അനുമതി കൊടുത്തതെന്ന് സാരം.
കൂട്ടിയ ശമ്പളത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അയച്ച കത്ത് പുറത്ത് വന്നിരുന്നു. തന്റെ തന്നെ ലെറ്റർ ഹെഡിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചിന്ത അയച്ച കത്താണ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്താ ജെറോമിന് വർധിപ്പിച്ച ശമ്പളം മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വലിയ വിവാദമാണ് ഉയർത്തിവിട്ടത്. എന്നാൽ താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്ത പക്ഷേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെയൊരു കത്തുണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള ഇനത്തിൽ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ചിന്ത തന്നെ ആവശ്യപ്പെട്ടത് എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നതും.. 2016 ഒക്ടോബർ 14 മുതൽ 2018 മെയ് 25 വരെയുള്ള കാലയളവിലെ ശമ്പള കുടിശിക അനുവദിക്കണമെന്നാണ് കത്തിൽ ചിന്ത ആവശ്യപ്പെട്ടിരുന്നത്. 2016 ഒക്ടോബറിലാണ് ചിന്തയെ യുവജന കമ്മിഷൻ ചെയർപഴ്സനായി നിയമിച്ചത്. 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു. 2018 മെയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മുതൽ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷംരൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്നാണ് കത്തെഴുതിയത്. രണ്ടു തവണ ഇത് തള്ളിയ ധനകാര്യവകുപ്പ് ഒടുവിൽ അനുവാദം നൽകുകയായിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ