- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അർബൻ നിധിക്ക് ശേഷം കണ്ണൂരിൽ വീണ്ടും ചിട്ടി തട്ടിപ്പ്; ഒരു കോടിയോളം രൂപയുമായി അദ്ധ്യാപകനും ഭാര്യയും മുങ്ങി; പ്രതിഷേധവുമായി നിക്ഷേപകർ
കണ്ണൂർ: അർബൻ നിധി നിക്ഷേപ കുംഭകോണത്തിന് ശേഷം കണ്ണൂരിൽ വീണ്ടും ചിട്ടി തട്ടിപ്പ്. ഒരു കോടി രൂപയോളം നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത് അദ്ധ്യാപകനും ഭാര്യയും മുങ്ങിയ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു. കൂത്തുപറമ്പ് മാനന്തേരിയിൽ അക്ഷയകേന്ദ്രം മറയാക്കിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നത്.
തട്ടിപ്പിനിരയായവർ കണ്ണവം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ചിട്ടി നടത്തി മുങ്ങിയ അദ്ധ്യാപകന്റെ ഉടമസ്ഥതയിലുള്ള മാനന്തേരി പോസ്റ്റ് ഓഫീസിന് സമീപത്തെ അക്ഷയ കേന്ദ്രത്തിന് മുൻപിൽ ഉപവാസം നടത്തുകയും ചെയ്തു. അദ്ധ്യാപകനായ മാനന്തേരിയിലെ പി ഹരീന്ദ്രനും ഭാര്യ ജീനയും ചേർന്നാണ് അക്ഷയ കേന്ദ്രത്തെ മറയാക്കി ചിട്ടി തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ ആരോപിച്ചു.
നറുക്കെടുപ്പിലൂടെ ചിട്ടി വന്നാൽ ശേഷമുള്ള തവണകൾ അടയ്ക്കേണ്ടെന്ന വ്യവസ്ഥയിലാണ് ചിട്ടി ആരംഭിച്ചത്. 2000 രൂപയാണ് മാസ തവണയായി നിക്ഷേപകർ അടച്ചത്. അൻപത് മാസമാണ് ചിട്ടിയുടെ കാലാവധി. മുന്നൂറിലധികം പേരെ ചിട്ടിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ചിലർ പാതി വഴിയിൽ തവണ മുടങ്ങിയത് കാരണം ചിട്ടി അവസാനിപ്പിച്ചു.
മുഴുവൻ മാസ തവണകളും അടച്ച 162 പേരടങ്ങുന്ന സംഘമാണ് പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്ത് വന്നത്. ആദ്യ മാസ തവണ അടച്ചവർക്ക് അക്ഷയ സെന്ററിന്റെ പേരിൽ തന്നെയാണ് രസീത് നൽകിയത്. ഹരീന്ദ്രന്റെ ഭാര്യ ജീനയുടെ പേരിലാണ് അക്ഷയ സേവന കേന്ദ്രം. പിന്നീട് നെസ്റ്റ് ഗ്ലോബൽ വില്ലേജ് എന്ന പേരിൽ കമ്പനി ആരംഭിക്കുകയും തവണകൾ അടയ്ക്കുന്നവർക്ക് അതിന്റെ പേരിലുള്ള രസീതുകളുമാണ് നൽകിയത്.
ചിട്ടിയിൽ അംഗങ്ങൾ ആയവർക്ക് അക്ഷയ സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി നൽകാമെന്ന വാഗ്ദാനങ്ങളുമുണ്ടായിരുന്നതായി പരാതിക്കാർ പറഞ്ഞു. 2018 നവംബറിലാണ് ചിട്ടി ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് അവസാനിക്കേണ്ടിയിരുന്നത്. ഫെബ്രുവരി മാസം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ നറുക്കെടുപ്പ് ഈ മാസം ഇല്ലെന്ന് അറിയിക്കുകയും മാർച്ച് 30 നകം തുക എല്ലാവരുടെയും വീട്ടിലെത്തിക്കുമെന്നും അറിയിക്കുകയുണ്ടായി.
മാർച്ച് കഴിഞ്ഞിട്ടും പൈസ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് നിക്ഷേപകർ പൊലീസിൽ പരാതിപ്പെട്ടത്. ഹരീന്ദ്രൻ സർവീസിൽ നിന്നും ദീർഘ കാലത്തെ ലീവിലാണ്. മാർച്ച് മാസം കഴിഞ്ഞതോടെ ഹരീന്ദ്രനെയും ഭാര്യയെയും ബന്ധപ്പെടാൻ യാതൊരു വിധ മാർഗ്ഗവുമില്ലെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.അക്ഷയ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ഉപവാസം മുൻ പഞ്ചായത്ത് അംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു.
സി മോഹൻദാസ് അധ്യക്ഷനായി.പി അഖിൽ,അഡ്വ ഷൈമ മഹേഷ്,വി പി ശശി തുടങ്ങിയവർ പ്രസംഗിച്ചു. ഒളിവിലുള്ള അദ്ധ്യാപകനും ഭാര്യയ്ക്കുമായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് കണ്ണവം പൊലിസ് അറിയിച്ചു.




