കൊല്ലം: ചിതറയിൽ വടിവാളും നായ്ക്കളുമായി അക്രമം നടത്തിയ കേസിലെ പ്രതി സജീവൻ നിരപരാധിയെന്ന് മാതാവ് ശ്യാമള. മകന് പ്രശ്നങ്ങളില്ലെന്നും ജയിൽ പോകാനുള്ള ഒരു തെറ്റും മകൻ ചെയ്തിട്ടില്ലെന്നും അമ്മ പറഞ്ഞു. തങ്ങൾക്കവകാശപ്പെട്ട ഭൂമി ബന്ധുക്കൾ തട്ടിയെടുത്തു. ഈ ഭൂമി അളന്നു തിട്ടപ്പെടുത്താനാണ് മകൻ പോയത്. ബന്ധുക്കൾ മകനെ മർദ്ദിച്ചു. വീണ്ടും മർദ്ദനം ഭയന്നാണ് വടിവാളും നായയുമായി പോയതെന്നും മാതാവ് ശ്യാമള പറയുന്നു.

ഭർത്താവിന്റെ പേരിൽ അഞ്ചിടത്ത് ഭൂമിയുണ്ട്. അവ ബന്ധുക്കൾ തട്ടിയെടുത്തു. ഭർത്താവിന്റെ ബന്ധുക്കളാണ് ഭൂമി തട്ടിയെടുത്തത് എന്നാണ് ശ്യാമളയുടെ ആരോപണം.ഈ ഭൂമിയെല്ലാം തനിക്കും മകനും തിരിച്ചു ലഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

മകനെ മർദിച്ചതായി പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ല. ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വേണ്ടിയാണ് സജീവ് പോയത്. എന്നാൽ സജീവനെ
ബന്ധുക്കൾ മർദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിൽ എത്തി സജീവൻ അക്രമം നടത്തിയിരുന്നു . തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും പറഞ്ഞായിരുന്നു അക്രമം .ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സജീവിനെ അനുനയിപ്പിച്ച് പറഞ്ഞ് വിടുകയും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

സ്റ്റേഷനിൽ ഹാജരാവാത്തതിനെ തുടർന്ന് പൊലീസ് എത്തിയപ്പോളാണ് സജീവ് നായകളെ അഴിച്ചവിട്ട് പ്രശ്നങ്ങളുണ്ടാക്കിയത്. പ്രതിയെ പിടികൂടനാകാതെ പൊലീസ് വലഞ്ഞതോടെ നാട്ടുകാർ സജീവനെ പിടികൂടുകയായിരുന്നു.

സജീവന്റെ വീട്ടിൽ പൊലീസ് സംഘം കടന്നത് രാവിലെയാണ്. അതിനപ്പുറം ഒന്നും ചെയ്യാനായില്ല. വീട്ടിന്റെ ജനൽ തുറന്ന് നാട്ടുകാർ സജീവനുമായി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ആർക്കും വഴങ്ങുന്നില്ല. നേരത്തെ പൊലീസ് എത്തി നിങ്ങളെ സംരക്ഷിക്കാനാണ് എത്തിയതെന്ന് പോലും പറഞ്ഞിരുന്നു. ഇയാൾക്കൊപ്പമാണ് അമ്മയും നിലയുറപ്പിക്കുന്നത്. മകനെ സമാധാനിപ്പിക്കാൻ അമ്മയും ശ്രമിച്ചിരുന്നില്ല. അവസാനം നാട്ടുകാർ രണ്ടും കൽപ്പിച്ച് സജീവനെ പിടികൂടുകയായിരുന്നു. പിന്നാലെ സജീവനേയും അമ്മയേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പൊലീസ് മാറ്റിയിരുന്നു വീണ്ടും ഈ പട്ടിയുടെ നിയന്ത്രണം അക്രമിക്കായി. അമ്മയേയും വീട്ടിൽ കൂടെ നിർത്തി സമാനതകളില്ലാത്ത അക്രമ സ്വഭാവമാണ് സജീവൻ പ്രകടിപ്പിച്ചത്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു.

അച്ഛൻ ഒരുപാട് സ്ഥലം വാങ്ങിയെന്നും ആ പ്രമാണമെല്ലാം തിരിച്ചു വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സജീവന്റെ അക്രമം. പ്രദേശവാസികളെല്ലാം സജീവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഒന്നിനും വഴങ്ങിയില്ല. വീട്ടിനുള്ളിൽ കയറാൻ ശ്രമിക്കുന്ന നാട്ടുകാരെ വടിവാളു കൊണ്ട് അക്രമിച്ചു. പൊലീസ് വെറും കാഴ്ചക്കാരായി. ആത്മഹത്യാ ഭീഷണിയും മുഴക്കി. ഇതിനൊപ്പം അമ്മയെ കൊല്ലുമെന്നും പറഞ്ഞു. തീർത്തും വിചിത്രമായ മാനസികാവസ്ഥയാണ് പ്രകടിപ്പിച്ചത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ചവരെ ഗ്ലാസ് എറിഞ്ഞ് ആക്രമിച്ചു. ഒടുവിൽ നാട്ടുകാർ ചേർന്ന് സജീവനെ പിടികൂടുകയായിരുന്നു.

വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ പ്രതി നായയും വടിവാളും കൊണ്ട് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാനസിക പ്രശ്നമുള്ള ആളിനെ പോലെയാണ് ഇയാൾ അക്രമം കാട്ടിയത്. വീട്ടിനുള്ളിലെ ഉപകരണങ്ങൾ തല്ലി തകർത്തു. 

വീട്ടിൽ അതിക്രമിച്ച് കയറിയതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജീവിനോട് സ്റ്റേഷനിലേയ്ക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ സ്വന്തം വീട്ടിലേയ്ക്ക് പോയി നായ്ക്കളെ അഴിച്ചുവിട്ടു ശേഷം ഗേറ്റ് പൂട്ടി വീടിനകത്ത് കയറി. പൊലീസുകാർ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി.

കഴിഞ്ഞ ദിവസവും പൊലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയായിരുന്നു. തുടർന്നാണ് നായപിടിത്തക്കാരുടെ സഹായം പൊലീസ് തേടിയത്.സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. മുമ്പും ഇയാൾ ഇതേപോലെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.