കൊല്ലം: ചിതറയിൽ വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ചു നിന്ന പ്രതി നാടിനെ വിറപ്പിച്ചു. മാങ്കോട് സ്വദേശി സജീവനെയാണ് മൽപ്പിടുത്തത്തിനൊടുവിൽ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. മൂന്ന് ദിവസമായി പ്രതിയെ പിടികൂടാതിരുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് എന്ത് വിലകൊടുത്തും സജീവിനെ അറസ്റ്റ് ചെയ്യാൻ ചിതറ പൊലീസ് തീരുമാനിച്ചത്. പക്ഷേ അതിന് പൊലീസിന് നാട്ടുകാരുടെ പിന്തുണയും വേണ്ടി വന്നു. എല്ലാം ചാനലുകളിലൂടെ മലയാളി തൽസമയം കണ്ടു. അങ്ങനെ ചിതറയിലെ തർക്കം സംസ്ഥാന വിഷയവുമായി.

54 മണിക്കൂറോളം പൊലീസിനേയും നാട്ടുകാരേയും മുൾമുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം ചിതറ സ്വദേശി സജീവൻ ചാനലുകളിൽ തൽസയ താരമായി. പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായാണ് സജീവനെ കീഴ്പ്പെടുത്തിയത്. റോട്ട്വീലർ ഇനത്തിൽപ്പെട്ട നായയെ തുറന്നു വിട്ടതിനാൽ കഴിഞ്ഞ രണ്ടുദിവസമായി പൊലീസിന് വീട്ടിനുള്ളിൽ കയറി സജീവനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഫയർഫോഴ്സിന്റെ സഹായത്തോടെ നായയെ മാറ്റിയ ശേഷമാണ് പൊലീസിനും നാട്ടുകാർക്കും വീട്ടിനുള്ളിൽ പ്രവേശിക്കാനായത്.

ഫയർഫോഴ്‌സും നായ്കളെ പരിശീലിപ്പിക്കുന്ന സംഘവുമായി രാവിലെ പത്തരയോടെ പൊലീസെത്തി. വീടിന് പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ ആദ്യം കെട്ടിയിട്ടു. ഗേറ്റിന്റെ പൂട്ട് പൊളിച്ച സംഘം അകത്തേക്ക് കയറി. ആദ്യം അനുനയിപ്പിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സജീവ് വഴങ്ങിയില്ല. അടുക്കള ഭാഗത്തെ കതക് കുത്തിതുറന്ന് ഒരു സംഘം അകത്ത് കയറി. എന്നാൽ വടിവാൾ വീശി സജീവൻ ഇവരെ ഓടിച്ചു. ആത്മഹത്യ ചെയ്യുമെന്നായി ഭീഷണി. അമ്മയെ കൊല്ലുമെന്നും പറഞ്ഞു.

അനുനയിപ്പിക്കാൻ ശ്രമിച്ചവർക്ക് നേരെ ജനൽ ചില്ലുകൾ വലിച്ചെറിഞ്ഞു. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തർക്കത്തിനിടയിൽ ഒന്നു പിന്തിരിഞ്ഞ പ്രതിയുടെ നേർക്ക് എലിഫന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ റിജു ചാടി വീണു. ഇതോടെ പ്രതിയെ കീഴടക്കാനായി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ വടിവാളും നായയുമായി പ്രതിയെത്തി അക്രമം കാണിച്ചത്. പിന്നാലെ പൊലീസിനെ കബളിപ്പിച്ചു കടന്ന പ്രതി ഗേറ്റ് പൂട്ടി നായ്ക്കളെ അഴിച്ചു വിടുകയായിരുന്നു.

വടിവാൾവീശി വീട്ടിനുള്ളിൽ തന്നെ നിലയുറപ്പിച്ച സജീവനെ ഏറെനേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ശനിയാഴ്ച രണ്ടരയോടെ കീഴടക്കിയത്. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്ത് കയറിയെങ്കിലും വടിവാൾ വീശിയതോടെ തിരിച്ചിറങ്ങേണ്ടി വന്നു. ഒടുവിൽ മഫ്തിയിൽ വീട്ടിനുള്ളിൽ കയറിയ കൊല്ലം എസ്‌പി.സിഐ സീനിയർ ഇൻസ്പെക്ടർ റിജുവാണ് പിന്നിൽ കൂടിയെത്തി സജീവനെ ആദ്യം കീഴ്പ്പെടുത്തിയത്.

പിന്നാലെ പൊലീസും നാട്ടുകാരും സജീവനെ വളയുകയായിരുന്നു. പൊലീസ് അകത്തുകടന്നാൽ ആത്മഹത്യ ചെയ്യുമെന്നും അമ്മയെ കൊലപ്പെടുത്തുമെന്നും സജീവൻ ഭീഷണി മുഴക്കിയതുകൊണ്ട് തന്നെ പൊലീസ് മതിയായ കരുതലെടുത്തു. ഇതിനിടയിലാണ് സജീവന്റെ കണ്ണൊന്ന് തെറ്റിയപ്പോൾ പിറകിൽനിന്ന് ചാടിയെത്തി ഇൻസ്പെക്ടർ റിജു ഇയാളെ കീഴ്പ്പെടുത്തിയത്. ബലംപ്രയോഗിച്ച് കൈവിലങ്ങണിയിച്ച് തോളിലിട്ടാണ് സജീവനെ പൊലീസ് വാഹനത്തിലേക്ക് മറ്റിയത്. സജീവന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ 10 മണി മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. അയൽവാസിയായ സുപ്രഭയുടെ വീട്ടിലെത്തി വീടും വസ്തുവും തന്റെതാണെന്ന് അവകാശപ്പെട്ട് വടിവാൾ വീശി സജീവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നായയെ കൊണ്ടുവന്ന് കടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സുപ്രഭയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്.

ഇതിനുശേഷം സ്വന്തം വീട്ടിലെത്തിയ സജീവൻ നായകളെ അഴിച്ചുവിട്ട് ഗേറ്റ് പൂട്ടി വീടിനകത്ത് തന്നെ ഇരിക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും കീഴടങ്ങാൻ സജീവൻ തയ്യാറായില്ല. തുടർന്ന് 54 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് നാട്ടുകാരുടെ സഹായത്തോടെ സജീവൻ പൊലീസ് കസ്റ്റഡിയിലായത്.