- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രോഗി ഇച്ഛിച്ചതും പാല്...' സ്ത്രീവിരുദ്ധ പഴഞ്ചൊല്ല് ഉപയോഗിച്ചെന്നും വഷളന്‍ ചിരിയെന്നും ഉള്ള ആരോപണങ്ങള്‍ തെറ്റ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീനാദേവിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു
ശ്രീനാദേവിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു
പത്തനംതിട്ട: വ്യാജവും രാഷ്ട്രീയ പ്രേരിതവും സത്യ വിരുദ്ധവുമായ പ്രസ്താവനകള്‍ സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലൂടെയും തുടര്‍ച്ചയായി നടത്തി അപമാനിക്കാന്‍ ശ്രമിച്ച ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മാത്രമല്ല, വോട്ടര്‍മാരുടെയും പൊതുജനങ്ങളുടെയും മുമ്പില്‍ കളങ്കപ്പെടുത്താന്‍ മനഃപൂര്‍വ്വം ഉദ്ദേശിച്ചുള്ളതാണെന്ന് നോട്ടീസില്‍ പറയുന്നു. സിപിഐ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനാദേവി ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പളളിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുകയാണ്. അതിന്റെ ഭാഗമായി സിപിഐയേയും അതിന്റെ നേതാക്കളെയും ബോധപൂര്‍വ്വം അപമാനിക്കുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമായി നടത്തുകയാണ്.
വസ്തുതകള്‍ വിശദീകരിക്കാനായി ചിറ്റയം ഗോപകുമാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീനാദേവി ആരോപിച്ചതുപോലെയുള്ള ആപകീര്‍ത്തികരമായതോ വ്യക്തിപരമായതോ ആയ പരാമര്‍ശങ്ങള്‍ ഇല്ലാതിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തി, സ്ത്രീവിരുദ്ധപ ഴഞ്ചൊല്ല് ഉപയോഗിച്ചു, വഷളന്‍ ചിരിയായിരുന്നു തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. *രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്‍പ്പിച്ചതും പാല് *എന്ന ഒരു പഴഞ്ചൊല്ല് പ്രയോഗിച്ചിരുന്നു. പാര്‍ട്ടി വിടാനും പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് സ്വീകരിക്കാനും തീരുമാനിച്ചതിനാല്‍ ശ്രീനാദേവിയുടെ പുതിയ നീക്കത്തില്‍ പാര്‍ട്ടിക്ക് അല്‍ഭുതമില്ല എന്ന് വിശദീകരിക്കാനാണ് പഴഞ്ചൊല്ല് പ്രയോഗിച്ചത്.
ഒരു സാധാരണ പഴഞ്ചൊല്ലിനെ സ്ത്രീവിരുദ്ധമായി തെറ്റായി ചിത്രീകരിച്ച് ധാര്‍മ്മിക, സാമൂഹിക, രാഷ്ട്രീയ നിലയെ മനഃപൂര്‍വ്വം ഇകഴ്താത്താനാണ് ശ്രമം ഉണ്ടായത്. ഇത് ക്രിമിനല്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അപകീര്‍ത്തിപ്പെടുത്തല്‍, മാനസിക വേദന, അപമാനം, പ്രശസ്തി നഷ്ടം എന്നിവക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ നിരുപാധികം പൊതുക്ഷമാപണം നടത്തുക, പത്രസമ്മേളനത്തില്‍ ശ്രീനാദേവി നടത്തിയ തെറ്റായ പ്രസ്താവനകള്‍ പിന്‍വലിക്കുക, സ്ത്രീവിരുദ്ധ ആരോപണങ്ങളും 'വഷളന്‍ ചിരി' പരാമര്‍ശവും പിന്‍വലിക്കുക, എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാര്‍ത്താ ഔട്ട്‌ലെറ്റുകളില്‍ നിന്നും പത്രക്കുറിപ്പുകളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ ഭാരത് ന്യായ് സംഹിത 2023 ലെ സെക്ഷന്‍ 356 പ്രകാരം ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ഹൈക്കോടതി അഭിഭാഷകന്‍ അമൃത് എം ജെ മുഖേനെയാണ് വക്കില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.




