കണ്ണൂർ: ചൊക്ലിയിൽ പൊലിസ് സീറ്റു ബെൽട്ടിടാതെ ജീപ്പിലിരുന്നത് ചോദ്യം ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. പാനൂർ മുക്കിലെ പീടിക സ്വദേശി സനൂപ്, പ്രയാഗ് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു ചായക്കടയിൽ ഇരുന്ന് ബൈക്ക് നിർത്തി ചായകുടിക്കുകയായിരുന്നു സനൂപും സുഹൃത്ത് പ്രയാഗും. ഈസമയം ഇതുവഴി പൊലിസ് ജീപ്പിൽ വന്ന ചൊക്ലി എസ്. ഐയും പൊലിസുകാരും ഹെൽമിറ്റിടാത്തതിന് ഫൈൻ അടയ്ക്കണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ നിർത്തിയിട്ട ബൈക്കിൽ ഹെൽമിറ്റിടാത്തതിന് ഫൈൻ അടയ്ക്കണോയെന്നു സനൂപ് ചോദിച്ചതിൽ പ്രകോപിതനായി അഞ്ഞൂറ് രൂപ ഫൈനടിക്കുകയായിരുന്നു. എസ്. ഐയെ ചോദ്യം ചെയ്തതുകൊണ്ടാണ് അഞ്ഞൂറ് രൂപ ഫൈൻ ഇട്ടതെന്ന് അവരോട് പറഞ്ഞു. പൊലിസ് സംഘം അവിടെ നിന്നും പോയി. അൽപസമയത്തിനു ശേഷം ചായപ്പീടികയുടെ സമീപം പൊലിസ് ജീപ്പ് വീണ്ടുമെത്തി.

ഈ സമയം പൊലിസുകാർ സീറ്റ്ബെൽട്ടിടാത്തത് നിയമപരമായി തെറ്റല്ലേയെന്നു സനൂപ് ചോദിച്ചു. പൊതുജനങ്ങൾ മാത്രം നിയമം പാലിച്ചാൽ മതിയോയെന്ന സനൂപിന്റെ ചോദ്യം എസ്. ഐയെ പ്രകോപിച്ചു. ഇതോടെ പൊലിസുകാരും അവിടെകൂടി നിന്നിരുന്ന നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലിസ് വാഹനം തടഞ്ഞുവെന്നു ആരോപിച്ചാണ് സനൂപിനും സുഹൃത്തിനുമെതിരെ കേസെടുത്തത്.

ഏറെനേരം സനൂപ് പൊലിസിനെ ചോദ്യം ചെയ്യുന്നതും അവിടെയുണ്ടായിരുന്ന യുവാക്കളെ പൊലിസ് തള്ളുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലും വൈറലായി. തന്നെ ചോദ്യം ചെയ്യാൻ നീയാരാണെന്നു എസ്. ഐ ചോദിക്കുന്നതും യുവാക്കളെ ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റാനുള്ള ശ്രമവും ദൃശ്യങ്ങളിലുണ്ട്.

സീറ്റ് ബെൽട്ടിടാത്തതിന് മറുപടി പറഞ്ഞിട്ടു പോയാൽ മതിയെന്നു സനൂപ് ചോദിക്കുന്നതും വാഹനം തടഞ്ഞുവെന്നു പറഞ്ഞുകൊണ്ടു യുവാവിനെതിരെ എഫ്. ഐ. ആറിടാൻ എസ്. ഐ പറയുന്നതും സനൂപിനെയും കൂടെയുള്ളവരെയും തള്ളുന്നതും കൂടെയുണ്ടായിരുന്നവർ പകർത്തിയ വീഡിയോയിൽ വ്യക്തമാണ്. സനൂപും കൂടെയുണ്ടായിരുന്നവരും പൊലിസ് വണ്ടി തടയാൻ ശ്രമിച്ചുവെന്നാരോപിച്ചു നടുറോഡിൽ നിന്നുതന്നെ എഫ്.ഐ.ആറിടാനായിരുന്നു എസ്. ഐയുടെ നേതൃത്വത്തിൽ നീക്കം നടത്തിയത്.

ഓരോദിവസം കണക്കിലേറെ പെറ്റികേസുകൾ പിടിക്കണമെന്ന് ഓരോ പൊലിസ് സ്റ്റേഷനുകൾക്കും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഉത്തരവ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർത്തിയിട്ട ബൈക്കുകൾക്കു പോലും ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്നു പറഞ്ഞു പെറ്റിയടിക്കുന്നത്.