മേപ്പാടി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച മുണ്ടക്കൈ ചൂരല്‍മല മേഖലയ്ക്ക് സമീപം രക്ഷാപ്രവര്‍ത്തനം ഇപ്പോഴും സജീവമാകാതെ വെള്ളരിമല വില്ലേജ് ഓഫീസിനോട് ചേര്‍ന്ന ഭാഗം. നിരവധി പാഡികളും വീടുകളും തകര്‍ന്നുപോയ ഈ ഭാഗത്തുനിന്ന് നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഇതുവരെ 32 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പുഴ വഴിമാറി ഒഴുകിയുണ്ടായ തുരുത്തില്‍ മരത്തടികള്‍ക്കുമേലെ കുടുങ്ങിക്കിടക്കുകയായിരുന്ന മൃതദേഹങ്ങളാണ് ഇത്.

വീടുകളും പാഡികളും മരത്തിനടിയിലും മണ്ണിനടിയിലും പൂണ്ടുപോയ ഈ പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നാല് ഹിറ്റാച്ചികള്‍ മാത്രമേ ഇവിടെ എത്തിയിട്ടുള്ളൂ. എന്‍.ഡി.ആര്‍.എഫിന്റെ ഉള്‍പ്പെടെ കൂടുതല്‍ സേനാംഗങ്ങള്‍ മരം മുറിച്ചുമാറ്റാനും കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ മുറിച്ചുനീക്കാനുമുള്ള ഉപകരണങ്ങളുമായും മറ്റ് സജ്ജീകരണങ്ങളുമായി ഇവിടെ എത്തിയാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനാകൂ എന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പറയുന്നത്.

ചൂരല്‍മല മേഖലയ്ക്ക് സമീപം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതേസമയം ചൂരല്‍മലയിലെ അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്.

അട്ടമല നിവാസികള്‍ക്ക് പുറത്തേക്ക് കടക്കാനുള്ള ഏകമാര്‍ഗം ചൂരല്‍മലയാണ്. ഉരുള്‍പൊട്ടലില്‍ പ്രദേശമാകെ ഒലിച്ചു പോയതോടെയാണ് ഒന്നര ദിവസമായി അട്ടമലക്കാര്‍ ഇവിടെ കുടുങ്ങിയത്. നിലവില്‍ അട്ടമലയില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്ക് പറ്റിയവരുണ്ടെങ്കില്‍ ഇവര്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ സംഘം കൂടി ദൗത്യ സംഘത്തിനൊപ്പം അട്ടമലയിലേക്ക് നീങ്ങിയിട്ടുണ്ട്.

രക്ഷപ്പെടുത്തി എത്തിക്കുന്ന അട്ടമല നിവാസികളെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായിരിക്കും മാറ്റുക. അട്ടമലയില്‍ പ്രധാനമായും ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടെന്നാണ് നിഗമനം. തോട്ടം ജോലികള്‍ക്കായി എത്തിയ ഇവര്‍ പ്രദേശത്തെ പാടികളിലാണ് കഴിഞ്ഞിരുന്നത്. ഉരുള്‍പ്പൊട്ടലില്‍ അട്ടമലയില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.