തിരുവനന്തപുരം: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ തള്ളി. മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതിയുടെ അപേക്ഷയില്‍ മാനുഷിക പരിഗണന നല്‍കണമെന്ന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ കുറിപ്പ് മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ രണ്ട് ഓപ്ഷനുകളില്‍ 15 ലക്ഷം രൂപ കൈപ്പറ്റാനായിരുന്നു ശ്രുതി ആദ്യം തീരുമാനിച്ചത്. സ്വകാര്യ സംഘടനകള്‍ വീട് നിര്‍മ്മിച്ച് നല്‍കാം എന്ന് അറിയിച്ചതിനാലായിരുന്നു ഇത്. എന്നാല്‍ ആ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന്, കൈപ്പറ്റിയ 15 ലക്ഷം രൂപ സര്‍ക്കാരിലേക്ക് തിരികെ നല്‍കാമെന്നും പകരം ടൗണ്‍ഷിപ്പില്‍ ഒരു വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രുതി കഴിഞ്ഞ ഡിസംബറില്‍ അപേക്ഷ നല്‍കി.

മറ്റു സംഘടനകളുടെ വീട് കൈപ്പറ്റില്ലെന്ന വ്യവസ്ഥയില്‍ ശ്രുതിക്ക് വീട് നല്‍കാമെന്നായിരുന്നു ചീഫ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയത്. ഗുണഭോക്താക്കള്‍ സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പിനെ വിശ്വസിക്കുന്നത് സര്‍ക്കാരിന് ലഭിക്കുന്ന അംഗീകാരമായി കാണണമെന്നും അദ്ദേഹം ഫയലില്‍ കുറിച്ചു. എന്നാല്‍ മാര്‍ച്ചില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിയുടെ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.

അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, കോണ്‍ഗ്രസ് ശ്രുതിക്ക് വീട് നല്‍കാതെ കബളിപ്പിച്ചു എന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും മുഖ്യമന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ആദ്യം വീട് വെച്ചു കൊടുത്ത ശേഷം ഗ്യാരണ്ടിയെക്കുറിച്ച് സംസാരിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് തന്നെ ശ്രുതിക്ക് വീട് നിഷേധിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ എടുത്തിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ഒട്ടേറെ ഫയലുകളില്‍ അനുകൂല തീരുമാനം എടുത്ത മന്ത്രിസഭ, ദുരന്തത്തിനിരയായ പെണ്‍കുട്ടിയോട് കാട്ടിയത് വലിയ ക്രൂരതയാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.