കൊച്ചി: ചോറ്റാനിക്കരയില്‍ 16 വയസുകാരി ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന 'ബ്ലാക്ക് വെനം' എന്ന നിഗൂഢ അക്കൗണ്ടിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വെറുമൊരു ആത്മഹത്യ എന്നതിനപ്പുറം, കുട്ടികളുടെ സൈബര്‍ ലോകത്തെ അത്യന്തം അപകടകരമായ പ്രവണതകളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

കൊറിയന്‍ മ്യൂസിക് ബാന്‍ഡുകളോടുള്ള കൗമാരക്കാരുടെ അമിത താല്പര്യം മുതലെടുക്കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് ബ്ലാക്ക് വെനം എന്ന അക്കൗണ്ടിലുള്ളത്. ഒരു കൊറിയന്‍ ബാന്‍ഡ് അംഗത്തിന്റെ മരണം ആദിത്യയെ മാനസികമായി തളര്‍ത്തിയിരുന്നതായി പ്രാഥമിക നിഗമനമുണ്ടായിരുന്നു. എന്നാല്‍, ഇതിന് പിന്നില്‍ കുട്ടികളെ മാനസികമായി സ്വാധീനിക്കുന്ന സൈബര്‍ ഗ്രൂപ്പുകള്‍ ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇത്തരം അക്കൗണ്ടുകള്‍ പലപ്പോഴും വ്യാജ വിവരങ്ങള്‍ നല്‍കി കുട്ടികളെ വൈകാരികമായി തളര്‍ത്തുകയും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും, ഒരു ഫോണില്‍ നിന്നുതന്നെ എട്ടോളം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നതും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഒരു പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് എട്ട് അക്കൗണ്ടുകളുടെ ലോഗ് ഇന്‍ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പല അക്കൗണ്ടുകളും വ്യാജ പേരുകളിലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുമാണ്. കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇത്തരം അക്കൗണ്ടുകളിലൂടെ നിഗൂഢമായ ആശയവിനിമയം നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.

ഈ സംഭവം നമ്മുടെ സമൂഹത്തിന് നല്‍കുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ആരെയാണ് പിന്തുടരുന്നതെന്നും ഏത് തരം ഗ്രൂപ്പുകളിലാണ് അംഗങ്ങളെന്നും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കൊറിയന്‍ സിനിമകളോടും പാട്ടുകളോടുമുള്ള കുട്ടികളുടെ താല്പര്യത്തെ ക്രിയാത്മകമായി വഴിതിരിച്ചുവിടാന്‍ സാധിക്കണം. ഇത് പലപ്പോഴും ഒരു ഫാന്റസി ലോകത്തേക്ക് കുട്ടികളെ തളച്ചിടുന്നു. ഇത്തരം അക്കൗണ്ടുകള്‍ പലപ്പോഴും വിദേശ സെര്‍വറുകള്‍ വഴിയോ പ്രൈവറ്റ് മോഡിലോ ആണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ഉറവിടം കണ്ടെത്തുന്നത് സൈബര്‍ പോലീസിന് വലിയ വെല്ലുവിളിയാണ്.

ജനുവരി 27-ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ആദിത്യയെ വീടിനടുത്തുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാമല കക്കാട് മഹേഷിന്റെ ഏക മകളായ ആദിത്യയുടെ മരണം സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.