- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ ആൾമാറാട്ടം ആസൂത്രിതം; ആൾമാറാട്ടം നടത്തിയത് റിട്ടേണിങ് ഓഫീസറുടെ സാക്ഷ്യപത്രവും അട്ടിമറിച്ച്; കുട്ടിസഖാക്കൾക്കായി മുതിർന്ന സഖാക്കളും ഇടപെട്ടതോടെ പ്രതിരോധത്തിൽ സിപിഎം; ക്രിമിനൽ കേസെടുക്കണമെന്ന് കോൺഗ്രസ്; പാർട്ടി അന്വേഷണ കമ്മീഷന് മൊഴി നൽകി യുയുസിയായി വിജയിച്ച പെൺകുട്ടി
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം നടന്നത് ആസൂത്രിതമായെന്നാണ് പുറത്തുവരുന്ന വിവരം. പാർട്ടിയിലെ ഉന്നതർക്ക് അടക്കം സംഭവത്തിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പാർട്ടിയിലെ വിഭാഗീയതയാണ് ആൾമാറാട്ടം പുറത്തു വരാൻ കാരണം എന്നാണ് സൂചന. ആൾമാറാട്ടത്തിൽ ക്രിമിനൽ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഒരു എംഎൽഎക്ക് എതിരെയും ആരോപണം ഉയരുന്നുണ്ട്. വിശാഖിനെ തിരുകി കയറ്റാൻ പ്രിൻസിപ്പലിനോട് നിർദേശിച്ചത് എംഎൽഎ ആണെന്നാണ് ആരോപണമുണ്ട്. അതേസമയം ഇത് പാർ്ട്ടിയിലെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിന്റെ ഭാഗമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
വിവാദം ആകുന്നതിനു മുൻപ് തന്നെ സിപിഐഎം വിഷയം അറിഞ്ഞിരുന്നു. പാർട്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷൻ നിയോഗിച്ചത്. കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനാണ് അന്വേഷണ ചുമതല. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. എസ്എഫ്ഐ നേതൃത്വത്തിനെതിരെ അനഘ മൊഴി നൽകിയതായാണ് വിവരം.
സംഭവം വിവാദമായതിന് പിന്നാലെ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അതേസമയം കോൺഗ്രസ് അനുകൂല അധ്യപക സംഘടന നേതാവായ പ്രിൻസിപ്പാലിനെ ഭീഷണിപ്പെടുത്തിയതാണെന്നും ആരോപണം ഉയരുന്നുണ്ട്. എസ്എഫ്‌ഐ ആൾമാറാട്ടം നടത്തിയത് റിട്ടേണിങ് ഓഫീസറുടെ സാക്ഷ്യപത്രവും അട്ടിമറിച്ചാണെന്നാണ് പുറത്തുവരുന്ന വിവരം. ഉദ്യോഗസ്ഥൻ പ്രിൻസിപ്പാലിന് നൽകിയത് മത്സരിച്ച് ജയിച്ചവരുടെ പേര് മാത്രമായിരുന്നു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് തിരുത്തി ചേർത്ത പ്രിൻസിപ്പാലിനെതിരെ സർവകലാശാല നടപടി എടുത്തേക്കും
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ ആസൂത്രിത അട്ടിമറിക്ക് കൂടുതൽ തെളിവുകളാണ് പുറത്ത് വരുന്നത്. റിട്ടേണിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പട്ടിക തിരുത്തിയാണ് എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് ചേർത്ത് പ്രിൻസിപ്പൽ സർവ്വകലാശാലക്ക് നൽകിയത്. റിട്ടേണിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖയും പുറത്തുവന്നു.
രണ്ട് ഘട്ടങ്ങളിലായി പാലർമെന്റ് ഇലക്ഷൻ മാതൃകയിലാണ് കട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് നടന്നത്. എസ്എഫ്‌ഐയ്ക്ക് ഒരു വെല്ലുവിളിയുമില്ലാത്ത ക്യാംപസിൽ ആദ്യം നടന്ന ക്ലാസ് റെപ്പ് തെരഞ്ഞെടുപ്പിൽ, 43ൽ 43 സീറ്റും നേടിയാണ് എസ്എഫ്‌ഐയുടെ വമ്പൻ ജയം. പിന്നീട് യൂണിയൻ പ്രതിനിധികളെ കണ്ടെത്താനുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ജയിച്ചവരുടെ പേരുകൾ പ്രഖ്യാപിച്ച് റിട്ടേണിങ് ഓഫീസർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖയാണിത്. യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത്, സെക്കന്റ് ഡിസിയിലെ അനഘ എ.എസും, ആരോമൽ വി.എല്ലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ അനഘയുടെ പേര് തിരുത്തിയാണ് പ്രിൻസിപ്പാൾ സർവകലാശാലയ്ക്ക് പട്ടിക നൽകിയത്. 23 വയസ്സ് കഴിഞ്ഞ വിശാഖിന് ചട്ടപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. പക്ഷെ വിശാഖിനെ മത്സരിക്കാൻ അനുവദിക്കാനായി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്കുമേൽ തുടക്കം മുതൽ സമ്മർദ്ദമുണ്ടായതായാണ് വിവരം. സമ്മർദ്ദം വിഫലമായതോടെയാണ് പ്രിൻസിപ്പൽ വഴി പേര് തിരുത്തി. വിശാഖിനെ ഉൾപ്പെടുത്തിയതെന്നാണ് സൂചന.
വിശാഖിനെ യുയുസിയാക്കി, യുണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ചെയർമാനാക്കായിരുന്നു നീക്കം. അനഘ രാജിവച്ചതുകൊണ്ടാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയതെന്ന വിചിത്ര വിശദീകരണമാണ് പ്രിൻസിപ്പാൾ സർവകലാശാലയ്ക്ക് നൽകിയത്. സർവകലാശാല തെരഞ്ഞെടുപ്പ് സുതാര്യതയെ ഒട്ടാകെ ചോദ്യം ചെയ്യുന്ന സംഭവത്തിൽ കടുത്ത നടപടികളിലേക്ക് സർവകലാശാല കടന്നേക്കും.
മറുനാടന് മലയാളി ബ്യൂറോ