മലപ്പുറം: കോവിഡ് കാലത്തു എല്ലാവരും വീട്ടിലിരുന്നപ്പോൾ ഇവർ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടു രാവും പകലും ശ്രമദാനമായി നിർമ്മാണത്തിലേർപ്പെട്ടു. അവസാനം ആധുനിക രീതിയിൽ പണികഴിപ്പിച്ച മൂന്നുനില കെട്ടിടമെന്ന സ്വപ്നം സാക്ഷാൽക്കാരമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിലെ നിലമ്പൂർ മേഖലയിലുള്ള പുളിക്കക്കാട് സെന്റ് ജോർജ്ജ് പള്ളിയാണ് ഇടവക അംഗങ്ങൾ ശ്രമദാനത്തിലൂടെ മാത്രം ആധുനിക വൽക്കരിച്ചു പണിതത്.

ഫുൾ ഫർണിഷ്ട് ആയ പാഴ്സനേജിന്റെയും, പള്ളി ഓഫീസിന്റെയും, ഭക്ഷണ ശാലയുടെയും സ്ഥിരമായ സംവിധാനത്തോടുകൂടിയ ആധുനിക രീതിയിൽ ക്രമീകരിച്ച സ്റ്റേജ് , പാരിഷ് ഹാൾ എന്നിവയുടെ യും, വലിയ അടുക്കളയുടെയും കൂദാശയും ഉദ്ഘാടനവും, പൊതുസമ്മേളനവും കഴിഞ്ഞ ദിവസം നടന്നു. മലബാർ ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെയും, സ്ഥലം എംഎ‍ൽഎ പി വി അൻവറിന്റെയും, മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്.

നല്ല ശതമാനം ആളുകളും രാത്രി 5.30 മുതൽ 10 മണി വരെ കഴിഞ്ഞ രണ്ടു വർഷം പരിപൂർണ്ണമായും ശ്രമദാനമായി ചെയ്ത ഒരു പ്രവർത്തിയാണ് ഈ പ്രൊജക്റ്റെന്നു ഭാരവാഹികൾ പറഞ്ഞു. മേസ്തിരിമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ വെൽഡർമാർ, പെയിന്റ് അടിക്കുന്നവർ, ലോഡിങ് തൊഴിലാളികൾ, ഗുഡ്സ് വാഹനം ഓടിക്കുന്നവർ എല്ലാവരും പള്ളിയിൽ ഉണ്ടായിരുന്നതുകൊണ്ട് ശ്രമധാനം വേഗത്തിലായി.

പള്ളിയിലുള്ള ആർക്കും ടാർജറ്റ് എന്ന നിലയിൽ ഇത്ര രൂപ വേണ മെന്നുള്ള നിർബന്ധിത പിരിവ് ഉണ്ടായിരുന്നില്ല. അത് ഇടവകക്കാർക്ക് വലിയ ആശ്വാസം ആയിരുന്നു. മറ്റു പള്ളികളിൽ ഔദ്യോഗികമായി പോയി ഒരു പിരിവ് നടത്തിയില്ല. ഓരോ നിലയുടെ വാർപ്പിനും തങ്ങൾക്ക് ആവുന്ന വിധത്തിൽ ചോദിക്കാതെ ഓരോ ഇടവക അംഗവും തന്ന ദാനങ്ങളും കൂപ്പൺ , സമ്പാദ്യ പദ്ധതി, കേക്ക്, ഇടവക വീടുകളിൽ നിന്ന് പഴയ സാധനങ്ങൾ പെറുക്കൽ, ചിപ്സ് ഉണ്ടാക്കി വിറ്റും ഒക്കെയാണ് ഭൂരിഭാഗവും കൂലിപ്പണിക്കാർ മാത്രമുള്ള ഇടവകയിൽ ഇത്തരമൊരു പ്രവർത്തിക്ക് സാമ്പത്തികം കണ്ടെത്തിയത്.

ഏകദേശം 30 ലക്ഷം രൂപ കൂലി ഇനത്തിൽ ശ്രമദാനത്തിലൂടെ ലാഭിക്കുകയുണ്ടായി. ഏകദേശം 95 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടന്നത്. ഇതിന്റെ കൂടെ 34 കല്ലറകൾ, സെമിത്തേരിക്ക് ചുറ്റുമതിൽ എന്നിവ ശ്രമദാനത്തിലൂടെ നിർമ്മിച്ചു. പള്ളി മനോഹരമായി പെയിന്റ് ചെയ്തു, കാർപെറ്റ് മാറി, പള്ളിക്ക് ചുറ്റും 9000 സ്‌ക്വയർ ഫീറ്റ് ഇന്റർലോക്ക് ഇട്ടു, പുതിയ സൗണ്ട് സിസ്റ്റം വാങ്ങി, ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് ഫാനുകൾ ഫിറ്റ് ചെയ്തു, ഹാളിലേക്ക് വേണ്ട കസേരകളും മേശകളും വാങ്ങി.

രണ്ടു വർഷങ്ങൾക്കു മുമ്പ് കൊറോണ കാലഘട്ടത്തിൽ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ കടത്തിൽ ആയിരുന്ന സമയത്താണ് ഈ പണി ആരംഭിക്കുന്നത്. ബാധ്യതകൾ ഒന്നുമില്ലാതെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചു. സ്വപ്നത്തിന്റെ പിന്നാലെ ഹൃദയപൂർവ്വം യാത്ര ചെയ്താൽ എന്തും സാധിക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ മൂന്നു നില കെട്ടിട സമുച്ചയം.