തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ, പി ആർ സുനുവിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണർ ഉത്തരവിറക്കും. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്.

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആർ സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനിൽ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ പിന്നാലെ സുനുവിനോട് അവധിയിൽ പോകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ നിർദ്ദേശം നൽകി.

ആരോപണ വിധേയനായ വ്യക്തി സ്റ്റേഷൻ ചുമതല വഹിക്കുന്നത് കൂടുതൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിൽ ആണ് ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എം ആർ അജിത് കുമാർ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയത്. താൻ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മേലധികാരികൾ അനുവാദം തന്നതെന്നായിരുന്നു സുനുവിന്റെ വിശദീകരണം.

ബലാത്സംഗക്കേസിൽ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദ്ദേശിച്ചെതെന്നായിരുന്നു പുറത്തുവന്ന വിവരം. തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി.ആർ. സുനു. ചോദ്യം ചെയ്യലിനു ശേഷം സുനുവിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തിൽ വകുപ്പ് തല നടപടികൾ ഉണ്ടായില്ല. ഇതോടെയാണ് സുനു ജോലിക്ക് എത്തിയത്.

ബലാത്സംഗം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ഉൾപ്പെടെയുള്ളവ പരിഗണനയിലിരിക്കെ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തി ഇയാൾ ചുമതലയേറ്റത് വ്യാപക വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും ഇക്കാര്യം അന്വേഷണത്തിൽ തെളിയുമെന്ന് ബോധ്യമുള്ളതിനാലുമാണ് ഡ്യൂട്ടിക്കെത്തിയത് എന്നാണ് സുനു പറയുന്നത്. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.

പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും നിരപരാധിയാണെന്നും താൻ ആത്മഹത്യചെയ്യേണ്ട സാഹചര്യം ആണുള്ളതെന്നും പറഞ്ഞ് പ്രചരിക്കുന്ന ഓഡിയോ ക്ലിപ് തന്റേതാണെന്നും സുനു പറയുന്നു. പത്തുപേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സുനുവിനെതിരെ കൃത്യമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്.

ഒൻപതോളം തവണ വകുപ്പ് തല അച്ചടക്ക നടപടിക്കു വിധേയനാകുകയും 6 ക്രിമിനൽ കേസുകളിൽ പ്രതിയാകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിയിരുന്നു.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയിൽ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.