- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2024 മലയാള സിനിമയ്ക്ക് ബ്ലോക്ക് ബസ്റ്റർ പദവി ലോഡിങ്
സിനിമയുടെ ഇടവേളയിലും ആദ്യപകുതിയെക്കുറിച്ച് പ്രേക്ഷകരുടെ പ്രതികരണം എടുക്കുന്നതാണ് നിലവിലെ ട്രൻഡ്..ജൂൺ മാസം എത്തുമ്പോൾ മലയാള സിനിമ ഇ വർഷം ഏതാണ്ട് ഇന്റർവെൽ സീനിനോട് അടുത്തുവെന്ന് പറയാം. സിനിമ ഭാഷയിൽ തന്നെ പറഞ്ഞാൽ മികച്ച കഥയും തിരക്കഥയും ആക്ഷനും പ്രണയവും ത്രില്ലറും ഒക്കെ ചേർന്ന് ഒരു കിടു ഫസ്റ്റ്ഹാഫാണ് മലയാള സിനിമയ്ക്ക് ഇക്കുറി ലഭിച്ചത്. മിത്തും പ്രണയവും സൗഹൃദവും അതിജീവനവും തമാശയും ഒക്കെ നിറഞ്ഞ് നിന്ന ഒന്നാം പകുതിയിൽ കുറവുണ്ടായത് നല്ലൊരു ത്രില്ലറിനും ഒരു മാസ് ആക്ഷൻ പടത്തിനും ആയിരുന്നു. തലവനും ടർബോയും കൂടി വിജയം കണ്ടതോടെ ആ കുറവും നികത്തപ്പെട്ടു. മഴക്കാലം വരുമ്പോൾ അടിപൊളി ഒരു ഇന്റർവെൽ പഞ്ചിലാണ് മലയാള സിനിമ. രണ്ടാം പകുതി ആദ്യപകുതിയുടെ പകുതിയെങ്കിലും വന്നാൽ മലയാള സിനിമ 2024 ൽ ബ്ലോക്ക് ബസ്റ്ററാകും.
മമ്മൂട്ടി മോഹൻലാലിന്റേതുൾപ്പടെ മികച്ച ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതിനാൽ ആദ്യ പകുതിയോളമോ അതിന് മേലേയോ ആണ് രണ്ടാം പകുതിയിലും പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിഗ്ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ സർപ്രൈസ് ഹിറ്റാവാൻ സാധ്യതയുള്ള ചെറു ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇത് ഒക്കെയും യാഥാർത്ഥ്യമായാൽ ആയിരം കോടി കടന്ന് കുതിക്കുന്ന മലയാള സിനിമ ഒരു മാജിക്കൽ നമ്പറിൽ തന്നെയാവും ഈ വർഷം അവസാനിപ്പിക്കുക. മമ്മൂട്ടി ചിത്രം ബസൂക്ക, മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം ബറോസ്, നായകനായെത്തുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തരുൺ മൂർത്തി ചിത്രം, റാമിന്റെ ഒന്നാം ഭാഗം, ജയസൂര്യയുടെ കത്തനാർ, ടോവിനോ തോമസിന്റെ എ അർ എം, അസിഫിന്റെ ടിക്കി ടാക്ക തുടങ്ങി പ്രതീക്ഷ നൽകുന്ന ബിഗ്ബജറ്റുകൾ തന്നെ നിരവധിയാണ്.
പ്രതീക്ഷയുടെ രണ്ടാം പകുതി
ആദ്യ പകുതി നൽകിയ ത്രസിപ്പിക്കലിലും അത്ഭുതത്തിലുമാണ് മലയാള സിനിമയുടെ ഈ വർഷത്തെ രണ്ടാം പകുതി അഥവ ജുൺ മുതൽ അങ്ങോട്ടുള്ള മാസങ്ങളെ പ്രേക്ഷകരും തിയേറ്റർ ഉടമകളും നോക്കിക്കാണുന്നത്. പ്രതീക്ഷ നിറഞ്ഞ ചെറുതും വലുതുമായ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പല താരങ്ങളും തങ്ങളുടെ കരിയറിൽ തന്നെ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ഉൾപ്പടെ ഈ രണ്ടാം പാദത്തിൽ തിയേറ്ററിലെത്തും. അവയെ പരിചയപ്പെടാം
ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' ത്രില്ലറാണ്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയ്ക്കും സിദ്ധാർഥ് ആനന്ദ് കുമാറിനൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ് നിർമ്മാണം. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡിനോ. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
കത്തനാർ
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം. 'ഹോം' എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റോജിൻ തോമസ് ആണ് സംവിധാനം. അനുഷ്‌ക ഷെട്ടി നായികയാകുന്നു. ആർ. രാമാനന്ദ് ആണ് തിരക്കഥ. ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം 2024 അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും.
അജയന്റെ രണ്ടാം മോഷണം
ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിലൊന്നാണ് അജയന്റെ രണ്ടാം മോഷണം അഥവാ എ ആർ എം. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്.പൂർണമായും 3 ഡിയിൽ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായി പുറത്ത് വരും.
ബറോസ്
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബിഗ് ബജറ്റ് ത്രി ഡി ഫാന്റസി ചിത്രം. വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
മോഹൻലാൽ 360
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത എൽ 360. റാന്നിക്കാരനായ ടാക്‌സി ഡ്രൈവർ ഷണ്മുഖമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ശോഭനയാണ് നായിക. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിർമ്മാണം എം രഞ്ജിത്ത് ആണ്.
റാം
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വമ്പൻ പ്രതീക്ഷയോടെ അനൗൺസ് ചെയ്ത ചിത്രമായിരുന്നു റാം. 2020ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം പിന്നീട് കോവിഡ് കാലത്ത് മുടങ്ങുകയായിരുന്നു. സിനിമാ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ആദ്യ ഭാഗം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാം ഭാഗം 2025ലാകും എത്തുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
എമ്പുരാൻ
വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാൽ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മലയാളത്തിലെ തന്നെ ബിഗ്ബജറ്റ് ചിത്രമായി ഒരുങ്ങുന്ന എമ്പുരാനിൽ മലയാളത്തിന് പുറമെ ഇതര ഭാഷയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനഘട്ടത്തിലാണ്. ഈ വർഷം അവസാനമോ ജനുവരി ആദ്യമോ ആയി ചിത്രം പ്രേക്ഷകരിലേക്കെത്തും.
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് ഒരുക്കുന്ന കിഷ്‌കിന്ധാ കാണ്ഡം,അസിഫ് അലിയുടെ തന്നെ ലെവൽ ക്രോസ്, കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി 'കറി ആൻഡ് സയനൈഡ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രം പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക്, ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന നെസ്ലൻ ചിത്രം ഐ ആം കാതലൻ, ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ, കുഞ്ചാക്കോ ബോബൻ അമൽ നീരദ് ചിത്രം, ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ് തുടങ്ങി ഇ വർഷം റിലീസിനൊരുങ്ങുന്ന പ്രൊജക്ടുകൾ നിരവധിയാണ്.
ആഗോള തലത്തിൽ കൂടി മലയാള സിനിമയുടെ വ്യാപ്തി വർധിച്ചതോടെ ആറുമാസത്തിൽ പ്രധാനമായും മുന്ന് സിനിമകളുടെ വരുമാനം ഉൾപ്പെടുത്തി 1000 കോടി ക്ലബിൽ കയറിയ മലയാള സിനിമ ഒരു മാജിക്കൽ നമ്പർ തന്നെയാണ് ഇവർഷം ക്ലൈമാക്സിൽ പ്രതീക്ഷിക്കുന്നത്.
1000 കോടി തിളക്കത്തിൽ ആദ്യ പകുതി
സുവർണ്ണകാലം എന്ന് അടയാളപ്പെടുത്താൻ പാകലത്തിലുള്ള ജൈത്രയാത്രയാണ് 2024 ൽ മലയാള സിനിമ ഇതുവരെ തുടരുന്നത്. ബോളിവുഡ് കഴിഞ്ഞാൽ ഏറ്റവും പണം വാരുന്ന സിനിമകൾ ഇപ്പോൾ മലയാളത്തിലാണുണ്ടാകുന്നത്.വലിയ ഹിറ്റുകളും മികച്ച അഭിപ്രായവും നേടി മുന്നേറുന്ന മലയാള സിനിമയുടെ നേട്ടം ബോക്‌സോഫീസിലും പ്രതിഫലിച്ചു.സമീപകാലത്തെ തകർച്ചയിൽ നിന്ന് സമാനതകളില്ലാത്ത കുതിപ്പാണ് മലയാളം ഇ വർഷം നടത്തിയത്.ഒരു ഇൻഡസ്ട്രിയൽ ഹിറ്റും, മൂന്നു ബ്ലോക്ക്‌ബസ്റ്ററുകളും മൂന്നു ഹിറ്റുകളുമാണ് മലയാളത്തിൽ പിറന്നത്.
ആഗോള ബോക്‌സോഫീസിൽ നിന്നുള്ള മലയാള സിനിമയുടെ നേട്ടം 1000 കോടി പിന്നിട്ടു.ട്രാക്കിങ് വെബ്‌സൈറ്റുകളുടെ കണക്ക് പ്രകാരം ഇതുവരെ 1320.87 കോടി രൂപയാണ് മലയാളസിനിമകൾ നേടിയത്.238.34 കോടി നേടിയ മഞ്ഞുമ്മൽ ബോയ്‌സ് ഇൻഡസ്ട്രിയൽ ഹിറ്റായി. ഈ വർഷം ഇന്ത്യൻ സിനിമയിലുണ്ടായ ഏക ഇൻഡസ്ട്രിയൽ ഹിറ്റാണ് മഞ്ഞുമ്മൽ ബോയ്‌സ്.നൂറു കോടി ക്ലബിലെത്തിയ ആടുജീവിതം (156.32 കോടി), ആവേശം (137.25 കോടി), പ്രേമലു (131.48 കോടി) എന്നീ സിനിമകൾ ബ്ലോക്ക്‌ബസ്റ്ററായി. വർഷങ്ങൾക്ക് ശേഷം (79.53 കോടി), ഭ്രമയുഗം (58.32) കോടി എന്നീ ചിത്രങ്ങളും ഹിറ്റായി. 70 കോടി പിന്നിട്ട് ഗുരുവായൂർ അമ്പല നടയിലും 50 കോടി പിന്നിട്ട് ടർബോയും കുതിക്കുകയാണ്.മികച്ച അഭിപ്രായം നേടി മുന്നേറുന്ന തലവനും കലക്ഷൻ മെച്ചപ്പെടുത്തും. 40 കോടി നേടിയ എബ്രഹാം ഓസ്ലറും ഹിറ്റാണ്.
വിദേശ ബോക്‌സോഫീസിൽ ഏറ്റവും നേട്ടമുണ്ടാക്കിയ 25 സിനിമകളിൽ ആറെണ്ണം മലയാള ചിത്രങ്ങളാണ്. ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ സിനിമകളിൽ മൂന്നാമതാണ് മഞ്ഞുമ്മൽ ബോയ്‌സ്. ബോളിവുഡ് ചിത്രം ഫൈറ്ററാണ് ഒന്നാമത്. തെലുങ്ക് ചിത്രം ഹനുമാൻ രണ്ടാമതും. അഉതേസമയം വിദേശ ബോക്‌സോഫീസിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സിനിമകളിൽ മഞ്ഞുമ്മൽ ബോയ്‌സ്, ഫൈറ്ററിന് പിന്നിൽ രണ്ടാമതെത്തി. ഫൈറ്റർ വിദേശത്തു നിന്ന് 104 കോടി രൂപ നേടിയപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് 73.25 കോടി രൂപ നേടി. ആവേശം, ആടുജീവിതം, പ്രേമലു എന്നീ സിനിമകളും 40 കോടിക്കു മുകളിൽ വിദേശ ബോക്‌സോഫീസിൽ നിന്ന് നേടി.
ഒന്നിനു പുറകെ ഒന്നായി ഹിറ്റുകൾ നേടിക്കൊണ്ട്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ നഷ്ടങ്ങളുടെ കണക്കാണ് 2024ന്റെ പാതിയോടുകൂടി പലിശ സഹിതം വീട്ടിയിരിക്കുന്നത്. ഇതോടെ മലയാള സിനിമ സുവർണകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നു നിസംയം പറയാം. സിനിമ മികച്ചതാണെങ്കിൽ തിയെറ്ററുകളിലേക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കായിരിക്കും എന്ന് അടിവരയിട്ട വിജയങ്ങളാണ് പോയ മാസങ്ങളിൽ കണ്ടത്.
പിക്ച്ചർ അഭി ഭി ബാക്കി ഹേ ഭായ്.. എന്ന സിനിമാ വാചകം തന്നെ കടമെടുത്ത് പറയാം.. സിനിമ പകുതിയെ അയുള്ളു.. മികച്ച ഫസ്റ്റ് ഹാഫിന് ശേഷം സെന്റ് ഹാഫ് കൂടി നന്നായി ഒരു കിടിലൻ ക്ലൈമാക്സിന് കൂടി കാത്തിരിക്കുകയാണ് 2024 ലെ മലയാള സിനിമ.