ലണ്ടൻ: മലയാള താരങ്ങൾ യൂറോപ്പിലും യുകെയിലും അവധിക്കാല യാത്രകൾക്ക് എത്തുന്നത് വാർത്തയേ അല്ലാതായി കഴിഞ്ഞു. വേനൽക്കാലമോ മഞ്ഞുകാലമോ എന്ന വേർതിരിവില്ലാതെ താരങ്ങൾ എത്തുന്നതും പതിവാണ്. സ്ഥിരമായി യുകെയെ തങ്ങളുടെ ട്രാവൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും പതിവായിക്കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളും മറ്റും കണ്ടുകഴിഞ്ഞ മലയാള താരങ്ങൾക്ക് യുകെയിൽ തികച്ചും സ്വകാര്യമായി ജീവിതം ആസ്വദിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്നതാണ് പതിവുള്ള യാത്രയുടെ പ്രധാന കാരണം. മിക്കവാറും പേർക്കും ഉറ്റ ബന്ധുക്കളും പരിചയക്കാരും ഒക്കെ ഉള്ളതും അപരിചത്വം ഇല്ലാത്ത യാത്രാനുഭവമായി മാറുന്നുണ്ട്. മധ്യ വയസിൽ എത്തിയ താരങ്ങളിൽ പലരുടെയും മക്കളുടെ ഉന്നത വിദ്യാഭ്യാസം യുകെയിൽ ആയതും ഇടയ്ക്കിടെയുള്ള യാത്രകൾക്ക് കാരണവുമാണ്.

എന്നാൽ കഴിഞ്ഞ രണ്ടാഴ്ച ആയി മലയാള സിനിമയിലെ താരങ്ങളിൽ മുതിർന്ന ഒരുപറ്റം ആളുകൾ ഒരു ചടങ്ങിന്റെ ഭാഗമായി യുകെയിൽ എത്തിയതിനെ തുടർന്ന് ലണ്ടൻ ഓക്സ്ഫോഡ് സ്ട്രീറ്റിലും കെന്റിലെ ലാവണ്ടർ പാർക്കിലും എന്നുവേണ്ട എവിടെ തിരഞ്ഞാലും മലയാളി താരങ്ങളാണ് എന്നതാണ് അവസ്ഥ. മമ്മൂട്ടിയും മഞ്ജുവാര്യരും സുരാജും കുഞ്ചാക്കോ ബോബനും ടൊവീനോയും പിഷാരടിയും ഒക്കെയുള്ള ഈ സംഘം ഒരു റൗണ്ട് യാത്രകൾ കഴിഞ്ഞതോടെ മോഹൻലാലും ലണ്ടനിൽ ലാൻഡ് ചെയ്തിരിക്കുകയാണ്. തികച്ചും സ്വകാര്യ സന്ദർശനത്തിനുള്ള ഇവരെ പാപ്പരാസികളെ പോലെ കണ്ടുമുട്ടുന്ന മലയാളികൾ ചിത്രങ്ങളെടുത്തു സോഷ്യൽ മീഡിയയിൽ ഇടുന്നതോടെ താരങ്ങളുടെ ഉല്ലാസ വേളകൾ അത്ര പരസ്യമല്ലാതായിക്കഴിഞ്ഞു.

ഇക്കാരണം കൊണ്ട് തന്നെ ഇപ്പോൾ ഇക്കൂട്ടത്തിൽ ഉള്ള കുഞ്ചാക്കോ ബോബൻ വിവാദ കേന്ദ്രമായിരിക്കുകയാണ്. കുഞ്ചാക്കോയുടെ പത്മിനി എന്ന ചിത്രത്തിന്റെ സംഘാടകരാണ് പരാതിക്കാർ. സിനിയമയുടെ പ്രൊമോഷനിൽ സഹകരിക്കാതെ കുഞ്ചാക്കോ ലണ്ടനിൽ ഉല്ലാസ വേള പങ്കിടുന്നതാണ് സിനിമയുടെ നിർമ്മാതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ചടങ്ങിന്റെ പേര് പറഞ്ഞു യാത്രയായ കുഞ്ചാക്കോ തങ്ങളെ പറഞ്ഞു പറ്റിക്കുക ആയിരുന്നു എന്നാണ് സിനിമ പ്രവർത്തകർ മനസിലാക്കുന്നത്. സിനിമയ്ക്കുള്ള പ്രതിഫലമായി രണ്ടര കോടി രൂപയും വാങ്ങിയ ശേഷം താരം പ്രൊമോഷനിൽ പങ്കെടുക്കാത്തത് തികഞ്ഞ വഞ്ചന ആണെന്നാണ് സിനിമ പ്രവർത്തകരുടെ പരാതി. ഇതേക്കുറിച്ചു കുഞ്ചാക്കോയുടെ പ്രതികരണം അറിവായിട്ടില്ല. നിർമ്മാതാവ് സുവിൻ കെ വർക്കി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച സങ്കടം ഇപ്പോൾ കുഞ്ചാക്കോയുടെ യുകെ ടൂറിനെ കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണ്.

നായകന്റെ ഭാര്യ തന്നെ നിർദ്ദേശിച്ച കൺസൽട്ടൻസി എതിർ അഭിപ്രായം പറഞ്ഞതോടെ പ്ലാൻ ചെയ്ത പ്രൊമോഷണൽ പരിപാടികളിൽ നിന്നുമാണ് താരം വിട്ടു നിന്നതെന്നും ആരോപണമുണ്ട്. ഇത് ആദ്യ അനുഭവം അല്ലെന്നും കുഞ്ചാക്കോ നായകനായ ഏതാനും ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കും ഇതേ അനുഭവം ഉണ്ടായതിനാൽ കൂടിയാണ് ഈ വെളിപ്പെടുത്തൽ നടത്തുന്നത് എന്നും സുവിൻ കൂട്ടിച്ചേർക്കുന്നു. കുഞ്ചാക്കോ നിർമ്മാണ പങ്കാളി ആണെങ്കിൽ എല്ലാവിധ പ്രൊമോഷനും ഏറ്റെടുക്കുന്ന അദ്ദേഹം തനിക്ക് ലാഭ വിഹിതം കിട്ടുന്നില്ലെങ്കിൽ ഇത്തരത്തിൽ പെരുമാറുന്നത് ആരെങ്കിലും ചോദ്യം ചെയ്യേണ്ടതാണ്. സിനിമയുടെ മാർക്കറ്റിംഗിൽ താരങ്ങൾ സഹകരിക്കാതിരുന്നാൽ നിർമ്മാതാക്കൾ വശം കെടും. വിഷയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ എത്തിച്ചെങ്കിലും വേണ്ട പിന്തുണ കിട്ടിയില്ലെന്നും സുവിന്റെ കുറിപ്പിലുണ്ട്.

സിനിമ ബോക്സ് ഓഫിസ് വിജയം ആണെങ്കിലും താരങ്ങൾ ഓരോ സിനിമയ്ക്കും നൽകുന്ന പ്രൊമോഷൻ കാണികളെ തിയേറ്ററിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അതിനാലാണ് വില കൂടിയ താരങ്ങളെ പല സിനിമയിലും എടുക്കുന്നത്. ചില വേഷങ്ങൾ ആര് ചെയ്താലും നന്നാകും, ഇന്ന ആൾ വേണമെന്ന് പോലുമില്ല. ഇത്തരത്തിൽ വികാരഭരിതമായ തരത്തിലാണ് ഇപ്പോൾ പത്മിനിയുടെ സംഘാടകർ പ്രതികരിക്കുന്നത്. ഏകദേശം പത്തു കോടിയോളം രൂപ ചെലവിട്ട ചിത്രമാണ് പത്മിനി എന്നാണ് പുറത്തു വരുന്ന വിവരം.

ഇതിൽ നാലിൽ ഒന്ന് തുകയും നായക നടന് വേണ്ടി ചെലവാക്കി എന്ന നിർമ്മാതാക്കളുടെ അവകാശവാദത്തോടു കുഞ്ചാക്കോ ബോബന്റെ പരസ്യ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.