പത്തനംതിട്ട: ഭരിക്കുന്ന പാർട്ടിയുടെ ഏതെങ്കിലും പോഷക സംഘടനയുടെ നേതാവായാൽ ആരെയും കൂസാതെ മയക്കു മരുന്നും മദ്യവും കടത്താം എന്നതാണ് കേരളത്തിലെ നിലവിലുള്ള സ്ഥിതി. കഞ്ചാവ്, എംഡിഎംഎ, ചാരായം, അളവിൽ കൂടുതൽ വിശേദമദ്യം തുടങ്ങി ലഹരി വസ്തു ഏതുമാകട്ടെ കടത്തുന്നത് പാർട്ടിക്കാരൻ ആയാൽ എങ്ങനെയും തലയൂരാം. എന്നാൽ, പിടിയിലായി കേസുമെടുത്ത് കഴിയുമ്പോഴാകും പലപ്പോഴും ഇയാൾ പാർട്ടിക്ക് വേണ്ടപ്പെട്ടവനാണ് എന്ന് അറിയപ്പെടുന്നത്. പിന്നെ എംഎൽഎയല്ല, മന്ത്രി ആയാലും വിളിച്ചു പറഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ല ഉദ്യോഗസ്ഥർക്ക്.

അങ്ങനെ ഒരാൾ കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായി.ഓട്ടോറിക്ഷാ ഡ്രൈവറായ ചിറ്റാർ അജി വിലാസത്തിൽ അജി(49)യെ ആണ് 21 കുപ്പി വിശേദമദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ആള് ചില്ലറക്കാരനല്ല. ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) പെരുനാട് ഏരിയാ കമ്മറ്റി മുൻ സെക്രട്ടറിയാണ്. അനേക നാളുകളായി ഇയാൾ മദ്യവിൽപനയും കഞ്ചാവ് വിൽപനയും നടത്തുന്നതായി പരാതി ഉണ്ടായിരുന്നതിനാൽ എക്സൈസ് ഷാഡോ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

സെപ്റ്റംബർ ഒന്നിനാണ് അളവിൽ കൂടുതൽ വിദേശമദ്യവുമായി ഇയാൾ പിടിയിലാകുന്നത്. പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം കഞ്ചാവും ഉണ്ടായിരുന്നുവെന്ന് പറയുന്നു. സിപിഎമ്മിന്റെ ജനപ്രതിനിധി അടക്കം ഇടപെട്ട് എഫ്ഐആറിൽ നിന്ന് കഞ്ചാവിന്റെ കാര്യം ഒഴിവാക്കിയെന്നാണ് ആക്ഷേപം.

ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യം ആ വശ്യക്കാർക്ക് ഒന്നാം തീയതി ഇരട്ടി വിലയ്ക്ക് വിൽ പന നടത്തിക്കൊണ്ടിരിക്കവെയാണ് ഇയാൾ എക്സൈസ് ഷാഡോ വിഭാഗത്തിന്റെ കെണിയിലായത്. എക്സൈസ് പാർട്ടിയെക്കണ്ട് ഓടി രക്ഷപ്പെട്ട് വീടിനുള്ളിൽ ഒളിച്ചിരിക്കവേയാണ് വീട് ബലമായി തുറന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ചിറ്റാർ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അജി ആവശ്യക്കാർക്ക് വാഹനത്തിൽ മദ്യം എത്തിച്ചു നൽകും. ഏറെ നാളായി ഇയാൾക്കെതിരേ പരാതി ഉണ്ടായിരുന്നെങ്കിലും വിൽപ്പന നിർബാധം തുടരാൻ സിപിഎം ബന്ധം തുണയായി. നിലവിൽ സിഐടിയു പെരുനാട് ഏരിയാ കമ്മറ്റി അംഗമാണ്.

ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ ബി.ദിനേശിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബിജു ഫിലിപ്പ്, ബിജു .പി. വിജയൻ, പി.ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ജഗൻകുമാർ, ഡി. അജയകുമാർ, ആസിഫ് സലീം, എ. ഷെഹിൻ, ശ്യാം രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ. രാജിമോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.