കണ്ണൂര്‍: പേരാവൂര്‍ താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 108 ആംബുലന്‍സിന് മുന്നില്‍ സിഐടിയു നടത്തുന്ന കൊടികുത്തി സമരം കാരണം സാധാരണക്കാര്‍ക്ക് സേവനം മുടങ്ങുന്നു. ആംബുലന്‍സിന്റെ താക്കോല്‍ സമരക്കാര്‍ ഊരി കൊണ്ട് പോയി. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലെ 108 ആംബുലന്‍സ് സര്‍വീസ് നടത്തുന്നില്ല. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനം പേരാവൂരിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണെന്നാണ് പരാതി.

അച്ചടക്ക നടപടിയുടെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവറും സിഐടിയു 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ ധനേഷ് എപിയെ കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് സിഐടിയു പ്രവര്‍ത്തകര്‍ കഴിഞ്ഞ മൂന്നുദിവസമായി ആംബുലന്‍സ് ഓടിക്കാതെ സമരം നടത്തുന്നത്.

ഇതിനിടയില്‍ ഇന്നലെ പകരം ജോലിക്ക് വന്ന ജീവനക്കാര്‍ അത്യാഹിതത്തില്‍പ്പെട്ട രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഇത് തടയുകയും ആംബുലന്‍സിന്റെ താക്കോല്‍ ഊരിക്കൊണ്ട് പോകുകയും ചെയ്തതായി പറയുന്നു. പേരാവൂര്‍ പോലീസ് ഇടപെട്ട് താക്കോല്‍ തിരികെ വാങ്ങാന്‍ പല തവണ ശ്രമം നടത്തിയെങ്കിലും സമരക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം.

സംഭവത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് കമ്പനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ധനേഷിനെയും മറ്റ് ചില ജീവനക്കാരെയും പ്രോഗ്രാം മാനേജര്‍ നീക്കം ചെയ്തതോടെ ഇവരെ പിരിച്ചുവിട്ടതാണെന്ന് ആരോപിച്ചു കൊണ്ടാണ് സമരം ആരംഭിച്ചിരിക്കുന്നത് എന്ന ആരോപണവും ഉണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനം നിലച്ചിട്ടും നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആംബുലന്‍സിന് മുന്നില്‍ സിഐടിയു കൊടികെട്ടിയ പ്രതിഷേധക്കാര്‍ ധനേഷിനെ തിരികെ പേരാവൂരില്‍ ജോലിക്ക് പ്രവേശിപ്പിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ്.

സമരത്തിന് കാരണം

യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമാണ് സ്ഥലംമാറ്റിയ ഡ്രൈവര്‍ ധനേഷ്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് സ്ഥലം മാറ്റം എന്ന് 108 ആംബുലന്‍സ് വിഭാഗം പറയുന്നു. ആദിവാസി യുവതിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകും വഴി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആംബുലന്‍സ് സ്വകാര്യ ആശുപത്രിയിലേക്ക് പോയതാണ് തര്‍ക്കത്തിനും നടപടിക്കും കാരണമായതെന്നാണ് യൂണിയന്‍ പറയുന്നത്. അവസരോചിതമായി പ്രവര്‍ത്തിച്ചതിനെ അഭിനന്ദിക്കുന്നതിന് പകരം ശിക്ഷണ നടപടിയാണ് ഉണ്ടായതെന്നും യൂണിയന്‍ പറയുന്നു.

സ്വകാര്യ ആശുപത്രി അവരുടെ കച്ചവട താല്‍പര്യാര്‍ഥം 108 ആംബുലന്‍സ് ജീവനക്കാരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി മെമന്റോ നല്‍കി ആദരിച്ചിരുന്നു. ഇതാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കാരണമെന്നാണ് ധനേഷ് പറയുന്നത്.

ധനേഷിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് സ്വകാര്യ കമ്പനി

ആംബുലന്‍സ് ഡ്രൈവര്‍ ധനേഷിനെ പിരിച്ചുവെട്ടുവെന്ന പ്രചാരണം ശരിയല്ലെന്ന് 108 ആംബുലന്‍സ് സേവന ദാതാക്കളായ ഇം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് പ്രതികരിച്ചു. അടിയന്തര ആംബലന്‍സ് സേവനം തടയുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ചടങ്ങുകളില്‍ ഉള്‍പ്പടെ പങ്കെടുക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ളതാണ്. ഇത്തരം വിഷയങ്ങളില്‍ ഹെഡ് ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതുമറികടന്ന് സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിനാണ് ധനേഷിന് എതിരെ നടപടി സ്വീകരിച്ചത്. തന്റെ വീഴ്ച ധനേഷ് സമ്മതിക്കുകയും ചെയ്തിരുന്നു. പേരാവൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ധനേഷിനെ മാറ്റിയെങ്കിലും ധനേഷ് ജോലിയില്‍ പ്രവേശിച്ചില്ല. പിന്നീട് പൊതുജനസേവനം നിര്‍ത്തി വച്ചുകൊണ്ടുള്ള സമരത്തിലേക്ക് ചില ജീവനക്കാര്‍ നീങ്ങുകയായിരുന്നു എന്നാണ് കമ്പനിയുടെ വാദം.

ഏതായാലും കഴിഞ്ഞ മൂന്നുദിവസമായി 108 കനിവ് ആംബുലന്‍സ് സേവനം മുടങ്ങിയിരിക്കുകയാണ്