ന്യൂഡൽഹി: 2022-ലെ സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മലയാളി തിളക്കം തന്നെ ഇക്കുറിയുണ്ട്. ആദ്യ ഏഴുപത് പേരുടെ പട്ടിക എടുത്താൽ നിരവധി മലയാളികൾക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമാ ഹരതി എൻ, സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവർ. ആദ്യ പത്തു റാങ്കുകളിൽ ഏഴും പെൺകുട്ടികളാണ് സ്വന്തമാക്കിയത്.

മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയത് ഗഹന നവ്യ ജെയിംസ് ആണ്. ആറാം റാങ്കാണ് 26കാരിയായ ഈ പെൺകുട്ടിക്ക് ലഭിച്ചത്. കൂടാതെ, വി എം ആര്യ (36ാം റാങ്ക്), ചൈതന്യ അശ്വതി (37ാം റാങ്ക് ), അനൂപ് ദാസ് (38ാം റാങ്ക്), ഗൗതം രാജ് (63ാം റാങ്ക്) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. രണ്ടാം പരിശ്രമത്തിലാണ് ആര്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്.

പാലാ മുത്തോലി സ്വദേശിയാണ് ഗഹാന നവ്യാ ജയിംസ്. പാലാ സെന്റ്.തോമസ് കോളേജ് അദ്ധ്യാപകൻ ജയിംസ് തോമസിന്റെയും അദ്ധ്യാപിക ദീപാ ജോർജിന്റെയും മകളാണ്. പാലാ അൽഫോൻസാ കോളേജിലും സെന്റ് തോമസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്. അതുകൊണ്ട് തന്നെ വിദേശകാര്യത്തോടാണ് താൽപ്പര്യം.

എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷക വിദ്യാർത്ഥിയാണ് ഗഹന. റാങ്കിൽ മുന്നിലുള്ളതുകൊണ്ട് ഗഹനയ്ക്ക് ഉദ്ദേശിക്കുന്ന മേഖല തന്നെ ലഭിക്കും. ആദ്യ പരിശ്രമത്തിൽ പ്രിലിംസ് പോലും കടക്കാൻ കഴിയാതിരുന്ന നവ്യയ്ക്ക് രണ്ടാമത്തെ ശ്രമത്തിലാണ് ഉന്നത വിജയം നേടാൻ സാധിച്ചത്. ഇത്ര മികച്ച റാങ്ക് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഇത്ര വലിയ വിജയം നേടിത്തന്നതെന്നും ഗഹന പറയുന്നു.

പഠിക്കുന്ന കാലത്ത് തന്നെ സിവിൽ സർവ്വീസ് മേഖല തിരഞ്ഞെടുക്കണമെന്ന നിശ്ചയദാർഢ്യം ഗഹനയ്ക്കുണ്ടായിരുന്നു. എസ്എസ്എൽസി മുതൽ പിജി വരെയുള്ള പഠനം മികച്ച ഗ്രേഡിലും ഒന്നാം സ്ഥാനത്തോടയുമാണ് ഗഹന പൂർത്തീകരിച്ചത്.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗഹന ബിരുദം നേടിയത് ചരിത്രത്തിലായിരുന്നു. ബിഎ ഹിസ്റ്ററിയിലും പിജി പൊളിറ്റിക്കൽ സയൻസിലും ഒന്നാം റാങ്കായിരുന്നു. അമ്മാവന്റെ പാതയിൽ ഫോറിൻ സർവീസിനോടാണ് ഗഹനയ്ക്ക് താൽപ്പര്യം. 'ചെറുപ്പം മുതലേ സിവിൽ സർവ്വീസ് മേഖലയോട് വലിയ അഭിനിവേശമുണ്ടായിരുന്നു. ഞാൻ ഫോറിൻ പോളിസി ഇന്റർ നാഷണൽ റിലേഷൻസ് നല്ല രീതിയിൽ പിന്തുടർന്നിരുന്ന ഒരാളുമായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട പി.എച്ച്.ഡിയാണ് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്', ഗഹന പറയുന്നു. ചെറുപ്പകാലം മുതൽ പത്രവായന ഒരു ശീലമായിരുന്നു. സ്വയം പഠിച്ചാണ് സിവിൽ സർവീസസ് പരീക്ഷയെ അഭിമുഖീകരിച്ചത്. ഇന്ത്യൻ ഫോറിൽ സർവീസാണ് താത്പര്യമെന്നും ഗഹന കൂട്ടിച്ചേർത്തു.

അതേസമയം തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി എം. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലിനോക്കുകയാണ് ആര്യ.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 പേർ
1. ഇഷിത കിഷോർ

2. ഗരിന ലോഹ്യ

3. ഉമ ഹാരതി എൻ.

4. സ്മൃതി മിശ്ര

5. മയൂർ ഹസാരിക

6. ഗഹാന നവ്യ ജയിംസ്

7. വസീം അഹമ്മദ് ഭട്ട്

8. അനിരുദ്ധ് യാദവ്

9. കനിക ഗോയൽ

10. രാഹുൽ ശ്രീവാസ്തവ

ജനറൽ- 345, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇ.ഡബ്ല്യു.എസ്) - 99, മറ്റ് പിന്നാക്ക വിഭാഗം (ഒ.ബി.സി)- 263, പട്ടിക ജാതി- 154, പട്ടിക വർഗം- 72 എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾ. ജനറൽ- 89, ഇ.ഡബ്ല്യു.എസ് - 28, ഒ.ബി.സി- 52, പട്ടിക ജാതി- 5, പട്ടിക വർഗം- 4 എന്നിങ്ങനെ 178 പേരുടെ റിസർവ് ലിസ്റ്റും യു.പി.എ.സി തയാറാക്കിയിട്ടുണ്ട്.

പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാർഥികളെ നിയമിക്കുന്നത്.