- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'വിശ്വാസം, അത് തന്നെയാണ് ബിസിനസ്'! ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായ അറ്റലസ് രാമചന്ദ്രന്റെ വഴിയേ നീങ്ങിയ തൃശൂരുകാരന്; ജോയ് അറയ്ക്കല്‍, ടി.പി. അജിത്, സുല്‍ഫാഉല്‍ ഹഖ് റിയാസ്.. ഇവരുടെ പിന്നാലെ സ്വപ്നങ്ങള്‍ക്ക് വീടൊരുക്കിയ 'കോണ്‍ഫിഡന്റ്' നായകനും; സിജെ റോയിയുടെ മടക്കം പ്രവാസി മലയാളികള്‍ക്കും നോവ്

ബംഗളൂരു: ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തലചായ്ക്കാന്‍ സുരക്ഷിതമായ വീടൊരുക്കിയ 'കോണ്‍ഫിഡന്റ്' നായകന്‍ ഒടുവില്‍ ജീവിതത്തില്‍ നിന്ന് മടങ്ങിയിരിക്കുന്നു. ജീവിതത്തിന് സ്വയം പൂര്‍ണ്ണവിരാമമിടുന്ന പ്രവാസി ബിസിനസുകാരുടെ നിരയിലേക്ക് സി.ജെ. റോയിയുടെ പേര് കൂടി ചേര്‍ക്കപ്പെടുമ്പോള്‍ വിങ്ങുന്നത് പ്രവാസലോകമാണ്. വെറുംകൈയോടെ ബെംഗളൂരുവിലെത്തി ദക്ഷിണേന്ത്യയിലെയും ദുബായിലെയും റിയല്‍ എസ്റ്റേറ്റ് ഭൂപടം മാറ്റിവരച്ച ഈ തൃശൂര്‍ക്കാരന്റെ ജീവിതം ഏതൊരു മലയാളി യുവാവിനും ആവേശമായിരുന്നു. ആ ആവേശമാണ് ഇപ്പോള്‍ ഒരു വെടിയൊച്ചയില്‍ അവസാനിച്ചിരിക്കുന്നത്. തൃശൂരുകാരനായ സിജെ റോയി പ്രവാസികള്‍ക്കും ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്.
ഒരു സാധാരണ ശമ്പളക്കാരനില്‍ നിന്ന് ശതകോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ റോയ്, പ്രവാസികള്‍ക്ക് എന്നും വലിയൊരു അത്താണിയായിരുന്നു. 'വിശ്വാസം, അത് തന്നെയാണ് ബിസിനസ്' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പ്രവാസി മലയാളി വലിയ വില നല്‍കിയിരുന്നു. ദുബായിലും നാട്ടിലുമായി ഒരേപോലെ ബിസിനസ് പടര്‍ത്തിയ അദ്ദേഹം, ഗള്‍ഫിലെ മലയാളികള്‍ക്ക് നിക്ഷേപിക്കാനും താമസിക്കാനും ഏറ്റവും വിശ്വസ്തമായ ഇടമായി കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ മാറ്റി. 11 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയ 'കോണ്‍ഫിഡന്റ് ലാന്‍കോസ്റ്റണ്‍' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രവാസികള്‍ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം വര്‍ദ്ധിപ്പിച്ചു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന അറ്റ്‌ലസ് രാമചന്ദ്രന്റേതിന് സമാനമായ ടാഗ് ലൈനാണ് റോയിയും ഉപയോഗിച്ചത്.
പ്രവാസലോകത്തെ ആശങ്കകള്‍ ജോയ് അറയ്ക്കല്‍, ടി.പി. അജിത്, സുല്‍ഫാഉല്‍ ഹഖ് റിയാസ് തുടങ്ങി പ്രവാസി ബിസിനസ് ലോകത്തെ കരുത്തുറ്റ വന്മരങ്ങള്‍ ഓരോന്നായി കടപുഴകി വീഴുന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സി.ജെ. റോയിയുടെ വിയോഗവും സംഭവിക്കുന്നത്. ജോയ് അറയ്ക്കല്‍ 2020ല്‍ ദുബായിലെ ബിസിനസ് തകര്‍ച്ചയെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ടി.പി. അജിത് 2020ല്‍ കോവിഡ് കാലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. സുല്‍ഫാഉല്‍ ഹഖ് റിയാസ്, അബുദാബിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈ മരണങ്ങളെല്ലാം പ്രവാസി സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
സി.ജെ. റോയിയുടെ മരണം ഒരു വലിയ പാഠമാണ്. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പേര് പോലെ 'കോണ്‍ഫിഡന്റ്' ആയിരുന്ന ഒരാള്‍ പോലും തകര്‍ന്നുപോയിട്ടുണ്ടെങ്കില്‍, അത് പ്രവാസലോകത്തെ ബിസിനസ് സമ്മര്‍ദ്ദങ്ങള്‍ എത്രത്തോളം കടുത്തതാണെന്ന് വ്യക്തമാക്കുന്നു. രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയില്‍ ആവുകയാണ്. സി.ജെ. റോയിയുടെ ആത്മഹത്യയോടെ ആറ് വര്‍ഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നത്. 2019ല്‍ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ ആദായനികുതി വകുപ്പിന്റെ പീഡനവും മറ്റ് ബാഹ്യ സമ്മര്‍ദ്ദങ്ങളുമാണ് തന്നെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അയച്ച കത്തില്‍ കര്‍ണാടക, ഗോവ റേഞ്ച് ഇന്‍കം ടാക്‌സ്, മുന്‍ ഡയറക്ടര്‍ ജനറല്‍-ഇന്‍വെസ്റ്റിഗേഷന്‍സ് ആയിരുന്ന ബി.ആര്‍. ബാലകൃഷ്ണന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചു. ആരോപണത്തെക്കുറിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഇപ്പോള്‍ അന്വേഷണവും നടത്തി. അന്നത്തെ പ്രതിപക്ഷം ആദായനികുതി വകുപ്പിനെതിരെ രംഗത്തെത്തുകയും ചെയ്തു.
ആ സംഭവത്തിന് വെറും ആറ് വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു ബിസിനസ് പ്രമുഖന്റെ മരണം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കിയത്.


