- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആറുപതിറ്റാണ്ടത്തെ അനുഭവത്തിൽ ചിലത് പറയാനുണ്ട്; രാഷ്ട്രീയനിലപാട് അടുത്തദിവസം പറയും'; കോൺഗ്രസ് വിടുമെന്ന സൂചനയുമായി സി.കെ.ശ്രീധരൻ; ആത്മകഥ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി; മുൻ കെപിസിസി വൈസ് പ്രസിഡന്റും സിപിഎമ്മിലേക്കോ?
കാസർകോട്: കാസർകോട് ജില്ലയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെ പി സി സി വൈസ് പ്രസിഡന്റുമായ സി കെ ശ്രീധരന്റെ ആത്മകഥ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെ
കോൺഗ്രസ് വിടുമെന്ന സൂചന നൽകി അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയനിലപാട് അടുത്തദിവസം പറയുമെന്നാണ് സി.കെ.ശ്രീധരൻ മനോരമ ന്യൂസിനോട് പ്രതികരിച്ചത്.
ആറുപതിറ്റാണ്ടത്തെ അനുഭവത്തിൽ ചിലത് പറയാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സി.കെ.ശ്രീധരന്റെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരിക്കെയാണ് പ്രതികരണം. ടി.പി വധക്കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സി.കെ ശ്രീധരൻ
കെപിസിസി. വൈസ് പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവാണ് സി.കെ ശ്രീധരൻ. ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു. നേതൃത്വവുമായി ഇടഞ്ഞു നിലനിൽക്കുന്നതിനിടെയാണ് സി.കെ. ശ്രീധരന്റെ ആത്മകഥയായ 'ജീവിതം, നിയമം, നിലപാടുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്. ഇതിന് പിന്നാലെ ചില രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും ജില്ലയിൽ തുടക്കം കുറിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസിലെ പ്രമുഖ നേതാക്കളെ അടർത്തിയെടുക്കാൻ സമീപകാലത്ത് സി പി എമ്മിന് സാധിച്ചിരുന്നു. സമാനമായ രീതിയിൽ സി കെ ശ്രീധരനും സിപിഎമ്മിലേക്ക് ചേക്കേറുമെന്നാണ് പൊതുവെ ഉയർന്ന സംസാരം. നീക്കം അതാണെങ്കിൽ പ്രമുഖ അഭിഭാഷകൻ കൂടിയായ നേതാവ് സി പി എം പാളയത്തിലെത്തുകയും എത് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകുകയും ചെയ്യും.
നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നടന്ന പുനഃസംഘടനയിലാണ് കോൺഗ്രസ് നേതൃത്വം സികെ ശ്രീധരനെ തഴയുന്നത്. ഇതോടെ അദ്ദേഹം പാർട്ടി നേതൃത്വവുമായി അകലുകയും ചെയ്തു. ഇതിനിടയിലാണ് ആത്മകഥയായ 'ജീവിതം നിയമം നിലപാടുകൾ' പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതും. ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവരിൽ പലരും സി പി എം നേതാക്കളാണ്. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം അദ്ദേഹത്തെ സി പി എം ക്യാമ്പിലെത്തിച്ചാൽ അത്ഭുതമില്ലെന്നാണ് ചില നേതാക്കൾ അഭിപ്രായപ്പെടുന്നത്.
അതേസമയം സികെ ശ്രീധരൻ സി പി എമ്മിലേക്ക് പോവുമെന്ന അഭ്യൂഹങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം എന്നും കോൺഗ്രസുകാരനായി തുടരുമെന്നുമാണ് ചടങ്ങിന്റെ ചുമതല വഹിക്കുന്നവരിലൊരാളായ ഡിസിസി ജനറൽ സെക്രട്ടറി ബഷീർ ആറങ്ങാടി പ്രതികരിച്ചത്.
ടി.പി. ചന്ദ്രശേഖരൻ, നാൽപാടി വാസു, അരിയിൽ ഷുക്കൂർ, ചീമേനി കൊലക്കേസുകൾ, ഇ.പി. ജയരാജൻ വധശ്രമം തുടങ്ങിയ കേസുകളിൽ കോൺഗ്രസിന് വേണ്ടി കോടതികളിൽ വാദിച്ച വ്യക്തിയാണ് സികെ ശ്രീധരൻ. ടിപി കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിക്കുന്നതിലേക്ക് കോടതി എത്തിയപ്പോൾ അദ്ദേഹം കോടതിയിൽ നടത്തിയ ഇടപെടൽ ശ്രദ്ധേയമായിരുന്നു.
ഇ.പി. ജയരാജൻ വധശ്രമക്കേസ് നടന്നത് ചെന്നൈയിലെ കോടതിയിലായിരുന്നെങ്കിലും അന്നത്തെ എൽ ഡി എഫ് സർക്കാർ തിരുവനന്തപുരത്ത് ഗൂഢാലോചന കേസും എടുത്തിരുന്നു. ഈ കേസിൽ റിമാൻഡിലാകാതെ സുധാകരനെ രക്ഷിച്ചതും സികെയായിരുന്നു. നാൽപാടി വാസു വധക്കേസിൽ തലശ്ശേരി കോടതി സുധാകരനെ ശിക്ഷിച്ചേക്കുമെന്ന വിധി വന്നപ്പോഴും ശക്തമായ വാദങ്ങളുമായി കോടതിയിൽ ശ്രദ്ധേയ പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. ഇത്തരത്തിലുള്ള തന്നെ പാർട്ടി നേതൃത്വം തഴഞ്ഞതാണ് ശ്രീധരന്റെ അതൃപ്തിക്കുള്ള കാരണം.
മറുനാടന് മലയാളി ബ്യൂറോ