പത്തനംതിട്ട: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കിടെ ബഹളമുണ്ടാക്കിയ എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് മർദനം. അദ്ധ്യാപകരുടെ മുന്നിലിട്ടും ക്ലാസ് മുറിക്ക് വെളിയിലിട്ടും പൊലീസ് എസ്എഫ്ഐക്കാർക്ക് അടി കൊടുത്തു. അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ പൊലീസിനെ വിദ്യാർത്ഥികൾ അസഭ്യം വിളിക്കുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ പ്രശ്നങ്ങളാണ് വൈകിട്ട് ആറു മണിയോടെ പൊലീസിന്റെ കൈയിൽ നിന്ന് അടി വാങ്ങി അവസാനിപ്പിച്ചത്. പത്രികാ സമർപ്പണത്തിന്റെ പേരിൽ ഉച്ചയ്ക്ക് കെഎസ യു-എസഎഫ്ഐ വിദ്യാർത്ഥി സംഘട്ടനം ഉണ്ടായിരുന്നു. കോളജ് അധികൃതർ അറിയിച്ചതനുസരിച്ച് സ്ഥലത്ത് വന്ന പൊലീസ് സംഘം അവിടെ ക്യാമ്പ് ചെയ്തു. വൈകിട്ടാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നത്. കെഎസ്.യുക്കാരുടെ പത്രികകൾക്കെല്ലാം എസ്എഫ്ഐ പ്രവർത്തകർ തർക്കം ഉന്നയിച്ചതോടെ സംഘർഷം ഉടലെടുത്തു.

ഇതറിഞ്ഞ് പരിശോധന നടക്കുന്ന ഹാളിൽ കയറിയ പൊലീസുകാർ അവിടെ ഇട്ട് തന്നെ എസ്എഫ്ഐക്കാരെ അടിച്ചു. വലിച്ചിഴച്ച് ക്ലാസ് റൂമിന് വെളിയിലെത്തിച്ച് ലാത്തിച്ചാർജും നടത്തി. ഇതോടെയാണ് രംഗം ശാന്തമായത്. ഹാളിൽ കയറിയ പൊലീസുദ്യോഗസ്ഥരെ എസ്എഫ്ഐക്കാർ തെറി വിളിക്കുകയും ചെയ്തു. നേതാക്കളായ അഭിജിത്ത്, സൂഫിയാൻ, സെയ്ദ് എന്നിവർക്കാണ് പൊലീസിൽ നിന്ന് മർദനമേറ്റത്. പൊലീസ് മർദനം ആരോപിച്ച് ഇവർ ആശുപത്രിയിൽ ചികിൽസ തേടി.