പത്തനംതിട്ട: ക്ഷേത്ര ഉൽസവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ് സംബന്ധിച്ച തർക്കത്തിനിടെ സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ നടുറോഡിൽ തള്ളി വീഴ്‌ത്തിയ കോയിപ്രം എസ്ഐ ഗ്ലാഡ്വിൻ എഡ്വേർഡിനെ സ്ഥലം മാറ്റി. കൊടുമൺ സ്റ്റേഷനിലേക്കാണ് മാറ്റം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 11 ന് വൈകിട്ട ആറരയോടെ പുല്ലാട് ജങ്ഷനിൽ വച്ചാണ് എസ്ഐയും സിപിഎം ഇരവിപേരൂർ ഏരിയാ കമ്മറ്റിയംഗം എ.കെ. സന്തോഷ്‌കുമാറുമായി വാക്കേറ്റം ഉണ്ടായത്. പ്രപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള എഴുന്നള്ളത്ത് പുല്ലാട് ജങ്ഷനിൽ എത്തിയപ്പോൾ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡിൽ ഒരു വരിയാക്കണമെന്ന്
എസ്‌ഐ നിർദേശിച്ചു. ക്ഷേത്രഭാരവാഹികൾ ഇതിനെ എതിർത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങൾ കടന്നു പോകാൻ പൊലീസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടതാണ് എസ്ഐയെ പ്രകോപിപ്പിച്ചത്.

ഇവർ തമ്മിലുള്ള വാക്കേറ്റത്തിനിടെ എസ്ഐ സന്തോഷ് കുമാറിനെ നെഞ്ചിൽ പിടിച്ച് തള്ളി നീക്കാൻ ശ്രമിച്ചു. നില തെറ്റിയ സന്തോഷ് റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് വീണതെന്ന് പറയുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അഡ്വ. പിലിപ്പോസ് തോമസ് എന്നിവരുടെ നേതത്വത്തിൽ പ്രകടനം നടത്തി. രണ്ടു ദിവസം ജില്ലാ പൊലീസ് മേധാവി സ്ഥലത്തില്ലാതിരുന്നതിനാലാണ് നടപടി വൈകിയത്.