- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എം.ഡി.എം.എ കിട്ടി; ആദ്യം ഫ്രീയായിട്ടാണ് തന്നത്; പിന്നീട് കാരിയറാക്കി; കൈയിലെ മുറിവ് കണ്ടപ്പോൾ ഉമ്മ പിടിച്ചു; കെണിയിൽ പെടുത്തിയത് ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി'; ഒൻപതാംക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ലഹരിമാഫിയ സംഘത്തിലെ യുവാക്കൾ തന്നെ എംഡിഎംഎ കാരിയറാക്കിയെന്ന വെളിപ്പെടുത്തലുമായി ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടി. രണ്ട് വർഷത്തോളമായി പെൺകുട്ടി ലഹരിമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. വളരെ അപകടകരമായ രീതിയിലായിരുന്നു പെൺകുട്ടിയുടെ ഉപയോഗം.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയെന്നും, പിന്നീട് സംഘം തന്നെ കാരിയറായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിമരുന്ന് സംഘത്തിന്റെ കെണിയിൽ പെട്ടതെന്നും പെൺകുട്ടി പറയുന്നു.
റോയൽ ഡ്രഗ്സ് എന്ന ഗ്രൂപ്പിൽ തന്റെ സുഹൃത്ത് തന്നെ ആഡ് ചെയ്യുകയും, അവിടെ നിന്ന് പരിചയപ്പെട്ട കുറച്ച് ചെറുപ്പക്കാർ ആണ് തനിക്ക് ഡ്രഗ്‌സ് തന്നതെന്നും പെൺകുട്ടി പറയുന്നു. താൻ പഠിക്കുന്ന സ്‌കൂളിന്റെ മുന്നിൽ വച്ചാണ് യുവാക്കൾ എം.ഡി.എം.എ കൊണ്ടുതന്നിരുന്നതെന്നും, ആരെങ്കിലും കണ്ടാലും പ്രശ്‌നമില്ലെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്. 25 വയസുള്ള യുവാക്കളായിരുന്നു ഇതിന്റെ പിന്നിലെന്നാണ് പെൺകുട്ടി നൽകുന്ന വിശദീകരണം.
'ആദ്യമൊന്നും പൈസയില്ലായിരുന്നു. ഫ്രീയായിട്ടാണ് എനിക്ക് തന്നത്. പിന്നെ കാരിയർ ആയപ്പോ കുഴപ്പമില്ല. വൈകിട്ടാണ് കൊണ്ടുതരിക. ഫോണിൽ നോക്കി ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞ് അവർ ഒരു ലിങ്ക് കൂടെ അയച്ച് തന്നു. എന്റെ കൂട്ടുകാർ ഒന്നും ഉപയോഗിക്കുന്നില്ല. പക്ഷേ, ഈ സംഘത്തിന്റെ കൂടെയുള്ള പെൺകുട്ടികൾ ഒക്കെ യൂസ് ചെയ്യാറുണ്ട്. ഏഴാംക്ലാസ് അവസാനംമുതലാണ് കാരിയറായത്. വേറെ കുറേ ഫ്രണ്ട്സുണ്ട്. അവർക്കാണ് കൊടുക്കേണ്ടത്.
എവിടെ ആണ് വരേണ്ടത് എന്ന് മെസ്സേജ് അയച്ച് പറയും. നമ്മൾ അവിടെ കൊണ്ട് കൊടുക്കും. ഒരുഗ്രാമിന് 700 രൂപയൊക്കെയാണ് കിട്ടിയിരുന്നത്. പക്ഷേ, കുറെ കഴിഞ്ഞ് എന്റെ കൈയിലെ വരയെല്ലാം കണ്ടപ്പോൾ ഉമ്മ എന്താണെന്ന് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. ലൗവർ തേച്ചപ്പോൾ അതിന്റെ ഫീലിങ് കൊണ്ട് വരച്ചതാണെന്നാണ് പറഞ്ഞത്. പിന്നീടും വരഞ്ഞത് കണ്ടപ്പോൾ വീണ്ടും ചോദിച്ചു. അപ്പോളാണ് ഇങ്ങനെ പ്രശ്നമുണ്ടെന്ന് പറഞ്ഞത്', പെൺകുട്ടി വെളിപ്പെടുത്തി.
രണ്ട് വർഷം മുൻപ് ആണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ അപരിചിതരായ യുവാക്കളെ പരിചയപ്പെടുന്നത്. ഇവർ പെൺകുട്ടിക്ക് ആദ്യം സൗജന്യമായിട്ടായിരുന്നു ലഹരിമരുന്ന് നൽകിയിരുന്നത്. പിന്നീട് ആണ് കാരിയർ ആയത്. കൈയിൽ ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കി അതിൽ ലഹരിമരുന്ന് വച്ചാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. മകളുടെ കൈയിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
'ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിസംഘത്തിന്റെ കെണിയിൽപ്പെട്ടതെന്നും പെൺകുട്ടി വെളിപ്പെടുത്തി. 'ഇൻസ്റ്റഗ്രാമിൽ. മെസേജ് അയച്ചതാ ഫസ്റ്റ്. പിന്നെ ഞാൻ കുറച്ച് ഇഷ്യൂസ് ഒക്കെ ആയതുകൊണ്ട് വേണമെന്ന് പറഞ്ഞു. അങ്ങനെ യൂസ് ചെയ്തു. അഡിക്ട് ഒന്നും അല്ലായിരുന്നു. പിന്നെ കാരിയറാകണോ എന്ന് ചോദിച്ചപ്പോൾ ആകാലോ എന്ന് പറഞ്ഞതാ. അങ്ങനെ കാരിയറായതാ'പെൺകുട്ടി വെളിപ്പെടുത്തി.
'മെസേജ് ഇങ്ങോട്ടേക്ക് വന്നതാ. എന്റെ ഫ്രണ്ട് ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തിരുന്നു. അതിൽ എന്റെ ഐഡിയുള്ളത് കാരണം എനിക്ക് അയാൾ മെസേജ് അയച്ചതാ. റോയൽ ഡ്രഗ്സ് എന്ന ഗ്രൂപ്പിൽ നിന്നുമാണ് മെസേജ് വന്നത്.
ഏഴാംക്ലാസ് അവസാനംമുതലാണ് കാരിയറായത്. വേറെ കുറേ ഫ്രണ്ട്സുണ്ട്. അവർക്കാണ് കൊടുക്കേണ്ടത്. ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച്, ഞാൻ ഈ സ്ഥലത്തുണ്ടാകുമെന്ന് അവർ പറയും. അവിടെ കൊണ്ടുനൽകിയാൽ മതിയെന്ന് പറയും.
പൈസ കിട്ടുന്നത് ഫ്രണ്ടിന് കൊടുക്കും വീട്ടിൽ കൊണ്ടുപോകലില്ല. വീട്ടിലേക്ക് കൊണ്ടുപോയാൽ എന്താണെന്നൊക്കെ ചോദിക്കും. ഒരുഗ്രാമിന് 700 രൂപയൊക്കെയാണ് കിട്ടിയിരുന്നത്. ഒരാൾ എനിക്ക് തരും. ഞാൻ അത് വേറെ ആൾക്ക് കൊടുക്കും. അത്രേയുള്ളൂ. സ്‌കൂൾ വിടുന്ന സമയത്തായിരുന്നു. വൈകുമ്പോൾ ചോദിക്കും. ഞാൻ ഫ്രണ്ട്സിന്റെ കൂടെ നടക്കുകയാണെന്ന് പറയും', പെൺകുട്ടി വെളിപ്പെടുത്തി.
ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതതോന്നി മാതാവ് കാര്യങ്ങൾ തിരക്കിയതോടെയാണ് ലഹരിസംഘവുമായുള്ള ബന്ധം പുറത്തുവന്നത്. പെൺകുട്ടി കൈയിൽ ബ്ലേഡ് കൊണ്ട് വരച്ചതാണ് ആദ്യം മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ മാതാവ് കാര്യങ്ങൾ തിരക്കിയതോടെ പെൺകുട്ടി കൂടുതൽവിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ