ആലപ്പുഴ: അഞ്ചു വര്‍ഷം മുന്‍പ് ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷാ ജോസഫിന്റെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്) കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ശസ്ത്രക്രിയയില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, നഴ്‌സ് ധന്യയ്ക്കും സംവിധാനത്തിലെ പോരായ്മകള്‍ക്കുമാണ് ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നഴ്‌സിനെ ബലിയാടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ ആരോപിച്ചു.

റിപ്പോര്‍ട്ട് പ്രകാരം, ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങള്‍ പൂര്‍ണമായി പുറത്തെടുത്തോ എന്ന് നഴ്‌സ് ധന്യയോട് ചോദിച്ചതിന് ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയത്. ഡോക്ടര്‍ നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ടെന്ന് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ജീവനക്കാര്‍ പരിമിതമായിരുന്നു. ഓപ്പറേഷന്‍ ഫ്‌ലോറില്‍ ഡോക്ടര്‍ക്കൊപ്പം ഒരു ഫ്‌ലോര്‍ നഴ്‌സ് ഉണ്ടായിരുന്നില്ല. നഴ്‌സായ ധന്യ ഒരേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് പി.പി.ഇ. കിറ്റ് ധരിച്ചുള്ള ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷത്തെ കടുത്ത വേദനയ്ക്ക് ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഉഷാ ജോസഫിന്റെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കത്രിക അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് സംഭവത്തില്‍ പുതിയ വഴിത്തിരിവാകുകയും നഴ്‌സിങ് സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.