തിരുവനന്തപുരം: റോഡ് ക്യാമറ ഇടപാടിൽ ദുരൂഹതയേറുന്നു. പുതിയ തെളിവുകൾ പുറത്തുവന്നതോടെ സർക്കാരിന്റെ പ്രതിരോധം ദുർബലമാവുകയാണ്. ഉപകരാർ ലഭിച്ച പ്രസാഡിയോ കമ്പനിയുടെ ഉടമ രാംജിത്ത് ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും എസ്ആർഐടിക്കു സാങ്കേതിക സഹായം നൽകിയ ട്രോയ്‌സ് കമ്പനിയുടെ ഡയറക്ടർ ജിതേഷിനു പിണറായി സർക്കാരിൽ വൻ പിടിപാടുണ്ടെന്നുമാണ് ആരോപണം. ഇതോടെ പുതിയൊരു അവതാരവും ചർച്ചയിൽ എത്തുകയാണ്. ദശാവതാരവും കടന്ന് പന്ത്രണ്ട് അവതാരങ്ങൾ പിണറായി സർക്കാരിന്റെ ഏഴു കൊല്ലത്തെ ഭരണത്തിനിടെ കേരളത്തിൽ എത്തുകയാണ്.

ക്യാമറ ഇടപാടിലെ കള്ളത്തരങ്ങൾക്കു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ കൂട്ടുനിന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. ഡാറ്റ മോഷണാണ് നടക്കുന്നത്. കേരളത്തിലെ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ വിവരങ്ങൾ ക്യാമറയിലൂടെ ഒപ്പിയെടുത്ത് സ്വകാര്യ വ്യക്തിയുടെ ഡാറ്റാ ബേസിലേക്ക് മാറ്റുന്നതാണ് എഐ ക്യാമറ. ഇതിലൂടെ കോടികളാണ് സ്വകാര്യ കമ്പനികളുണ്ടാക്കുന്നതെന്ന് ചെന്നിത്തല പറയുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലേക്കും ഓഫീസിലേക്കും ആരോപണമെത്തിയിട്ടും സർക്കാർ ആ തരത്തിൽ പ്രതികരിക്കുന്നില്ല. രാംജിത്തും ജിതേഷും ഇനിയും പുറത്തേക്കും വരുന്നില്ല. ഏതായാലും ഈ വിഷയം കത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം.

വിവാദ റോഡ് ക്യാമറ ഘടിപ്പിക്കുന്നതിൽ എസ്ആർഐടിക്കൊപ്പം ഉൾപ്പെട്ട ട്രോയിസ് ഇൻഫോടെക് കമ്പനിയുടെ പ്രവർത്തനത്തിലും ദുരൂഹതയുണ്ട്. കരാർ ലഭിക്കുന്നതിലും രണ്ടു വർഷം മുൻപു മാത്രമാണ് കമ്പനി രൂപീകരിച്ചതെന്നും ക്യാമറ സ്ഥാപിക്കുന്നതിൽ സാങ്കേതിക പരിജ്ഞാനം ഇവർക്കില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. വടകര സ്വദേശി ടി. ജിതേഷ് ആണ് തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്പനിയുടെ എംഡി.

ട്രോയിസ് കമ്പനിയിൽനിന്ന് ഉയർന്ന വില കൊടുത്ത് ക്യാമറ വാങ്ങാൻ പ്രസാഡിയോ കമ്പനി നിർബന്ധിച്ചതുകൊണ്ടാണ് ഉപകരാറിൽനിന്ന് ഒഴിവായതെന്ന് കോഴിക്കോട്ടെ അൽഹിന്ദ് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടാം ലാവ്ലിൻ അഴിമതിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചപ്പോൾ, അഴിമതിക്കു പുറമേ ഡേറ്റ കച്ചവടം കൂടി ലക്ഷ്യമിട്ടെന്ന ഗുരുതര ആരോപണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. ഉപകരാർ നൽകിയതിനെക്കുറിച്ചു കെൽട്രോണിനു വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നകിന്റെ രേഖകളും ചെന്നിത്തല പുറത്തുവിട്ടു.സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കെൽട്രോണിൽനിന്നു വിജിലൻസ് വിശദാംശങ്ങൾ തേടി. വ്യവസായ വകുപ്പ് പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടങ്ങിയില്ല.

യഥാർഥ ഉപകരണ നിർമ്മാണക്കമ്പനിക്കോ അവരുടെ അംഗീകാരമുള്ള കമ്പനിക്കോ മാത്രമേ കരാർ നൽകാവൂ എന്നിരിക്കെ, ഇതിൽ രണ്ടിലും പെടാത്ത എസ്ആർഐടിക്കു കരാർ നൽകിയതെന്തുകൊണ്ടെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണത്തിലൂടെ മറുപടി ലഭിക്കേണ്ട 7 ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. ക്യാമറ ഇടപാടിന്റെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാനുള്ള ഇടപെടൽ നടത്താനാണ് തീരുമാനം. കരാർ നൽകിയതു മന്ത്രി എ.കെ.ശശീന്ദ്രന്റെ കാലത്താണെങ്കിലും ഇടപാടിനെക്കുറിച്ച് ഓർമയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി ഗതാഗത വകുപ്പിന്റേതാണെങ്കിലും വിശദീകരിക്കേണ്ടതു കെൽട്രോൺ ആണെന്നു മന്ത്രി ആന്റണി രാജു നിലപാടെടുത്തു.

കെൽട്രോണിന്റെ ചുമതലയുള്ള മന്ത്രി പി.രാജീവ് ദിവസങ്ങൾക്കു ശേഷം വിശദീകരണത്തിനു മുതിർന്നെങ്കിലും കെൽട്രോണിനെ സംരക്ഷിക്കുന്നതിനപ്പുറമുള്ള വാദത്തിനു നിന്നില്ല. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണു സാങ്കേതിക വൈദഗ്ധ്യം പരിശോധിച്ചതെന്നു പറഞ്ഞൊഴിയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ആരോപണ മുന നീണ്ടെങ്കിലും അദ്ദേഹം ഇക്കാര്യത്തിൽ മൗനത്തിലാണ്.