കണ്ണൂർ: മുഖ്യമന്ത്രിയുടെ മുഖം കാണുന്നതിനായി പടുകൂറ്റൻ ഫ്ളക്സ്ബോർഡിന് മുൻപിലേക്ക് ചാഞ്ഞ സ്‌കൂൾ വളപ്പിലെ മരം മുറിച്ച സംഭവത്തിൽ പ്രതിഷേധവുമായി യു.ഡി. എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനും. ഇതോടെ മരംമുറിവിവാദം രാഷ്ട്രീയപോരായി മാറിയിരിക്കുകയാണ്. ഇതു സംബന്ധിച്ചു അനുവാദമില്ലാത മരം മുറിച്ചവർക്കെതിരെ നിയമനനടപടി സ്വീകരിക്കുമെന്നാണ് കണ്ണൂർ കോർപറേഷൻ അധികൃതർ പറയുന്നത്.

കണ്ണൂർ താവക്കരയിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷൻ പരസ്യ ബോർഡ് മറഞ്ഞതിന് സ്‌കൂൾ മുറ്റത്തെ മരത്തിന്റെ കൊമ്പുകൾ അനുവാദമില്ലാതെ മുറിച്ചതിനെതിരെ പരിസ്ഥിതിപ്രവർത്തകരും സ്‌കൂൾ അധികൃതരുംരംഗത്തുവന്നിട്ടുണ്ട്. മൂന്നുപേരടങ്ങുന്ന സംഘമാണ് അവധി ദിനത്തിൽ ആളില്ലാത്ത സമയം നോക്കി മുറിച്ചു മാറ്റിയത്. ഇതേ തുടർന്ന് താവക്കരയു.പി സ്‌കൂൾ ഹെഡ് മാസ്റ്റർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ കണ്ണൂർ കോർപറേഷനും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ റോഡരികിലെ കെട്ടിടത്തിന് മുകളിലാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതാണ് ചിത്രം. ഫ്ളക്സ് ബോർഡിന്റെ കാഴ്‌ച്ച മറക്കുന്നതിനാൽ സ്‌കുളിലെ മരം മുറിച്ചു മാറ്റണമെന്ന് സ്‌കൂളിലെ ഓഫിസ് അസിസ്റ്റന്റിനോട് ചിലർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മൂന്നംഗ സംഘമെത്തി സ്‌കൂൾ അധികൃതരുടെ അനുവാദമില്ലാതെ മരച്ചില്ലകൾ മുറിച്ചു മാറ്റിയെന്നാണ് പരാതി.

അവധി ദിനമായതിനാൽ സ്‌കുളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടായിരുന്നില്ല. ഫ്ളക്സ് ബോർഡ് കാണാൻ വേണ്ടിയാണ് മരം മുറിച്ചതെന്നാണ് ഇവർ പറയുന്നത് ഫ്ളക്സ് ബോർഡിലെ ചിത്രം കാണുന്നുണ്ടെന്നു ഉറപ്പു വരുത്താനായി മുറിച്ച ശേഷം ഫോണിൽ ചിത്രമെടുത്ത ശേഷമാണ് മൂന്നുപേരും മടങ്ങിയത്. എന്നാൽ സംഭവത്തിനു പിന്നിലാരാണെന്ന കാര്യം പൊലിസിനു ഇതുവരെ വ്യക്തമായിട്ടില്ല. കണ്ണൂർ ടൗൺ സ്റ്റേഷനു തൊട്ടുമുൻപിലാണ് താവക്കര യു.പി സ്‌കൂൾ.സംഭവം വിവാദവും പരാതിയുമായതിനെ തുടർന്ന് മരംമുറിച്ചവരെ ഉടൻ പിടികൂടാനാണ് കണ്ണൂർ ടൗൺ പൊലിസിന്റെ തീരുമാനം.