തിരുവനന്തപുരം: കേരളത്തിൽ ഖജനാവ് കാലിയാണ്. ശമ്പളം കൊടുക്കണമെങ്കിൽ പോലും കടമെടുക്കേണ്ട അവസ്ഥ. സർക്കാർ ജീവനക്കാർ നൽകുമെന്ന് പറഞ്ഞ ആനുകൂല്യവും നൽകുന്നില്ല. കേരളത്തിലെ വികസന പദ്ധതികൾക്കു പോലും കിഫ്ബിയെ കൊണ്ട് കടമെടുക്കുന്ന കേരള സർക്കാർ. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് പറയുന്ന ധനമന്ത്രി കെ എൻ ബാലഗോപാലും പ്രതിസന്ധി സ്ഥിരീകരിക്കുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ അതിഥിയാക്കുന്നുവെന്നാണ് റിപ്പോർട്ട്.

നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇയിലേക്കു പോകും. അടുത്ത മാസം ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. അടുത്ത മാസം 8 മുതൽ 10 വരെ അബുദാബി നാഷനൽ എക്‌സ്ബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം. കടക്കെണിയിൽ പെട്ടുഴലുന്ന കേരളം യുഎഇയിൽ എന്ത് നിക്ഷേപം നടത്തുമെന്നതാണ് ഉയരുന്ന ചോദ്യം.

യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ അടുത്ത മാസം 7 ന് വൈകിട്ട് 7 മണിക്ക് നാഷനൽ തിയറ്ററിൽ നടത്തുന്ന പരിപാടിയിലും 10 നു ദുബായിലെ പരിപാടിയിലും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി തുടങ്ങി 9 അംഗ സംഘമാണ് യുഎഇ സന്ദർശിക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാലിനെ കൊണ്ടു പോകുന്നുമില്ല.

സാധാരണ ഒരു രാജ്യത്തെ നിക്ഷേപക സംഗമം നടത്തുന്നത് അവിടേക്ക് നിക്ഷേപം സ്വരൂപിക്കാനാണ്. അബുദാബിയിലെ നിക്ഷേപക സംഗമവും അതിന് വേണ്ടിയാണ്. ഈ സാഹചര്യത്തിൽ എന്തിനാണ് കടക്കെണിയിൽ ഉഴലുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയെ അബുദാബിയിലേക്ക് ക്ഷണിച്ചതെന്നത് ദുരൂഹമായി തുടരുന്നു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗരസ്വീകരണമൊരുക്കുന്നതിനായി സംഘാടക സമിതി രൂപവത്കരിച്ചു. വിവിധ സംഘടനാ ഭാരവാഹികൾ ചേർത്തുകൊണ്ട് കേരളാ സോഷ്യൽ സെന്ററിൽ ചേർന്ന യോഗത്തിലാണ് സംഘടകസമിതിയായത്. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ വി.പി. അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം അഡ്വ. അൻസാരി സൈനുദ്ദീൻ സ്വീകരണ പരിപാടി യോഗത്തിൽ വിശദീകരിച്ചു.

ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യരക്ഷാധികാരിയായി 151 അംഗ സംഘാടകസമിതിയാണ് രൂപവത്കരിച്ചത്. അഡ്വ. അൻസാരി സൈനുദ്ദീൻ ചെയർമാനും വി.പി.കൃഷ്ണകുമാർ ജനറൽ കൺവീനറുമാണ്. രക്ഷാധികാരികൾ: ഒ.വി മുസ്തഫ (ഡയറക്ടർ, നോർക്ക), നന്ദകുമാർ. വി (ഡയറക്ടർ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ, ലുലു ഗ്രൂപ്പ്), കെ.മുരളീധരൻ, ഗണേശ് ബാബു, രാജൻ അമ്പലത്തറ, കുഞ്ഞിരാമൻ നായർ, ഡി.നടരാജൻ (പ്രസിഡന്റ്, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ), ബാവ ഹാജി (പ്രസിഡന്റ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ), റഫീക്ക് കയനയിൽ (പ്രസിഡന്റ്, അബുദാബി മലയാളി സമാജം), മുബാറക് മുസ്തഫ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ), പത്മനാഭൻ പി., ബാബു വടകര (ലോക കേരളസഭ), യേശുശീലൻ എന്നിവർ രക്ഷാധികാരികളാണ്.