കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അടക്കം പിണറായി വിജയന്റെ നിഴലായി പിന്തുടർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയങ്കരനായ സഖാവ്. ചെറുപ്പകാലഘട്ടം മുതൽ തുടങ്ങിയ ബന്ധമാണ് കാൻസർ എന്ന രോഗം ഇല്ലാതാക്കിയത്. ഇന്ന് പയ്യാമ്പലത്ത് ഉറ്റസഖാവ് എരിഞ്ഞടങ്ങുമ്പോൾ നീറുന്ന മനസ്സുമായി പിണറായി ഒപ്പം സാക്ഷിയായി നിന്നും. അവസാന യാത്രയിൽ പ്രിയസഖാവിനെ തോളിലേന്തി പിണറായി വിജയൻ. ഉള്ളിലെ തിരയിളക്കം അതുവരെ പിടിച്ചു നിന്ന മുഖ്യമന്ത്രിക്ക് പക്ഷേ കോടിയേരിയുമായുള്ള ഓർമ്മകൾ സഖാക്കളോട് പങ്കുവെക്കവേ പിടിച്ചു നില്ക്കാനിയില്ല. അവിടെ അദ്ദേഹം തൊണ്ടിയറി വിങ്ങിപ്പൊട്ടി. പ്രസംഗം മുഴുവിക്കാൻ കഴിയാതെ അവസാനിപ്പിക്കുകയായിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം എത്രത്തോളമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ അനുസ്മരണ ചടങ്ങ്.

പയ്യാമ്പലം പാർക്കിലെ സ്‌റ്റേജിലായിരുന്നു കോടിയേരി അനുസ്മരണം സംഘടിപ്പിച്ചത്. പരിപാടിയിൽ ആദ്യം സംസാരിച്ചത് മുഖ്യമന്ത്രി ആയിരുന്നു. തന്റെ വാക്കുകൾ മുറിഞ്ഞേക്കാം വാചകങ്ങൾ മുറിഞ്ഞേക്കാം എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ആദ്യമായി കോടിയേരി ബാലകൃഷ്ണനെ കേരളത്തിലും കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും ചികിത്സിച്ച ഡോക്ടർമാർക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. അവരുടെ കഴിവിന്റെ പരമാവധി അവർ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ അപ്പോളോ ആശുപത്രിയിൽ എത്തിയപ്പോൾ വലിയ തോതിലുള്ള പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രിത്തിൽ അല്ലല്ലോ.. ആദ്യം പ്രതീക്ഷയോടെയാണ് ചികിത്സ തുടങ്ങിയതെങ്കിലും ശരീരത്തിന്റെ അവസ്ഥ അപകടകരമായ നിലയിലേക്ക് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടർമാർക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി. മനുഷ്യ നന്മ നിലനിൽക്കുന്നു എന്ന് വ്യക്തമാക്കുന്ന ഘട്ടമായിരുന്ു ഇതെന്നും അദ്ദേഹം പറഞ്ഞു. സഖാവ് കോടിയേരിയുടെ വേർപാട് ഞങ്ങളെ ഏതുരീതിയിൽ വേദനിപ്പിച്ചെന്ന് പറയാൻ കഴിയില്ല. മനുഷ്യനന്മ പൂർണമായി അവസാനിച്ചില്ലെന്ന് തെളിയിക്കും വിധമാണ് മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തത്. വിവിധ രാഷ്ട്രീയ രംഗത്ത് അഭിപ്രായ ഭിന്നതകൾ മറന്നും സിപിഎമ്മിന്റെ താങ്ങാനാകാത്ത വിയോഗ വേളയിൽ എത്തിയ ഒരു പക്ഷത്ത് എന്ന നിലയില്ലാതെ എല്ലാ രാഷ്ട്രീയക്കാരും കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എന്നതും ഇന്നത്തെ കാലഘട്ടത്തിൽ പ്രധാന്യമുള്ളതാണെന്നും പിണറായി പറഞ്ഞു.

സഖാവ് കോടിയേരി ബാലൃഷ്ണൻ സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പെട്ടന്ന് ഒരു ദിവസം ഇല്ലാതാകുമ്പോഴുള്ള വികാര വായ്‌പ്പോടെയാണ് പാർട്ടിയും പാർട്ടി സ്‌നേഹികളും എല്ലാം കോടിയേരിയെ അവസാനമായി കാണാൻ എത്തിയത്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഗണിക്കാനാണ് ഞങ്ങൾ ശ്രമിക്കാറ്. എന്നാൽ, ഇത് പെട്ടന്ന് പരിഹരിക്കാൻ സാധിക്കുന്ന വിയോഗമല്ലെന്നും പിണറായി വ്യക്തമാക്കി. ഞാൻ നേരത്തെ പറഞ്ഞതു പോലെ......തുടർന്ന് തൊണ്ടയിടറിയതോടെ അവസാനിപ്പിക്കുന്നു എന്ന പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് പയ്യാമ്പലത്ത് നടന്നത്. ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. പയ്യാമ്പലം പാർക്കിലെ ഓപ്പൺ സ്റ്റേജിലാണ് അനുശോചനയോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നേതാക്കളും എംഎൽഎമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്.