ഓസ്ലോ: നോർവ മോഡൽ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും നോർവ്വയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ സന്ദർശനത്തിനാണ് തുടക്കമാത്. ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. നാളെ നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെ 3. 55 നുള്ള വിമാനത്തിൽ കൊച്ചിയിൽ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. ഖത്തർ വഴിയാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പോയത്. ദോഹയിൽ രണ്ട് മണിക്കൂറോളം സമയം അദ്ദേഹം ചിലവഴിച്ചിരുന്നു. നോർവേയിൽ നിന്നും യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം. രണ്ട് ദിവസം മുൻപ് യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചതെങ്കിലും സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തിയുണ്ട്. സാധാരണ മുഖ്യമന്ത്രിമാർ വിദേശത്തേക്ക് പോകുമ്പോൾ രാജ്ഭവനിലെത്തി ഗവർണറെ അക്കാര്യം അറിയിക്കുകയോ രേഖാമൂലം യാത്രയുടെ വിശദാംശങ്ങൾ കൈമാറുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാൽ രാജ്ഭവന് വിവരം നൽകാതെയാണ് ഇക്കുറി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് യാത്രയ്ക്ക് പോയത് എന്നാണ് രാജ്ഭവന്റെ പരാതി. ഇന്നലെ കണ്ണൂരിൽ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്.

ഒക്ടോബർ ഒന്നിനാണ് പോകാനിരുന്നത്. എന്നാൽ കോടിയേരിയുടെ രോഗാവസ്ഥ പരിഗണിച്ച് യാത്ര നീട്ടി. വേണ്ടെന്ന് വച്ചുവെന്ന തരത്തിലാണ് വാർത്ത വന്നത്. കോടിയേരിയുടെ മരണമായതു കൊണ്ട് തന്നെ ഉടൻ പോകില്ലെന്നും കരുതി. എന്നാൽ വിദേശത്തെ കൂടിയാലോചനകൾ അടിയന്തരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇതോടെ ഫിൻലൻഡ് ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോകാൻ തീരുമാനിച്ചു.

നോർവേ സന്ദർശനത്തിൽ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുക. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ നോർവീജിയൻ മാതൃകകളും പരിചയപ്പെടും. ഇംഗ്ലണ്ടിലേക്കും വെയ്ൽസിലേക്കും ആരോഗ്യമന്ത്രി വീണാ ജോർജും പോകുന്നുണ്ട്. വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസ്സിലാക്കുകയാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷും രംഗത്തുവന്നു. ഗവർണർക്കെതിരെ വിമർശനമുയർത്തിയ മന്ത്രി, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രവർത്തിക്കാനുള്ള അവകാശം ജനങ്ങളാണ് നൽകിയതെന്നും ചൂണ്ടിക്കാട്ടി.