- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ സഖാവെ നിങ്ങൾക്ക് എന്റെ നെഞ്ചിലാണ് സ്ഥാനം... കോടിയേരിയുടെ ചിത്രമുള്ള ബാഡ്ജ് നെഞ്ചോട് ചേർത്ത് വയ്ക്കുമ്പോൾ ഒന്നു പതറി മുഖ്യമന്ത്രി; തലശ്ശേരി ടൗൺഹാളിൽ ഉറ്റസഖാവിന് അരികെ മണിക്കൂറുകളോളം കൂട്ടിരുന്നു; പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിച്ച് പതിനായിരങ്ങൾ; നായനാരുടെയും ചടയന്റെയും സ്മൃതികൂടീരങ്ങൾക്ക് ഇടയിൽ കോടിയേരിക്ക് നാളെ അന്ത്യനിദ്ര
തലശ്ശേരി: നിഴലുപോലെ കൂടെ നിൽക്കുകയും രാഷ്ട്രീയ പാതയിൽ കൂടെ സഞ്ചരിക്കുകയും ചെയ്ത പ്രീയസഖാവായകോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലിയർപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനെത്തിയപ്പോൾ തിങ്ങിനിറഞ്ഞ പുരുഷാരമുള്ള തലശേരി നഗരസഭാ ടൗൺ ഹാൾ ശോകമൂകമായി. പ്രിയ സഖാവിന്റെ മരണം ഇനിയും ഉൾക്കൊള്ളാനാവാത്ത ഭാവമായിരുന്നു കാരിരുമ്പിന്റെ കരുത്തുള്ള മുഖ്യമന്ത്രിയുടെ മുഖത്ത്. പ്രിയ സഖാവിന്റെ ചിത്രമുള്ള ബാഡ്ജ് തന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുമ്പോൾ മുഖ്യമന്ത്രിയുടെ പതർച്ച ഒറ്റനോട്ടത്തിൽ തന്നെ ദൃശ്യമായിരുന്നു. പ്രീയസഖാവെ നിങ്ങൾ എന്റെ നെഞ്ചിലെപ്പോഴുമുണ്ടെന്ന് പറയാതെ പറയുകയായിരുന്നു പിണറായി ആ ഭാവചലനങ്ങളിലൂടെ.
തലശ്ശേരിയിലെ ടൗൺഹാളിലെ പ്രിയസഖാവിന് ഒപ്പം മണിക്കൂറുകളോളമാണ് മുഖ്യമന്ത്രി കാത്തിരുന്നത്. ടൗൺഹാളിൽ നിന്നും കോടിയേരിയുടെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന സമയം വരെ മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്നു. ആദ്യം മുതൽ തന്നെ മുഖ്യമന്ത്രി തലശേരി ടൗൺ ഹാളിലുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹം കോടിയേരിയുടെ മൃതദേഹത്തിന് അരികെ തന്നെ തുടരുകയാണ്. എം.എ ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പിണറായിക്ക് സമീപത്തുണ്ട്.
പിന്നീട് വൈകുന്നേരത്തോടെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനിയോടും മക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സിപിഎമ്മിനെ സ്വന്തം കാൽക്കീഴിലാക്കാൻ പിണറായിക്ക് തുണയായത് കോടിയേരിയെന്ന മന്ദഹസിക്കുന്ന സൈന്യാധിപനായിരുന്നു. പാർട്ടിയിൽ വിഭാഗീയത കത്തിനിൽക്കുമ്പോഴും പിണറായിക്ക് കരുത്തായി നിശബ്ദ സാന്നിധ്യമായി കോടിയേരിയുണ്ടായിരുന്നു.
മറ്റൊരു നേതാവിനെ കുറിച്ചും തന്റെ സഹോദരനെന്ന് മുഖ്യമന്ത്രി ഇതുവരെ വിശേഷിപ്പിച്ചിട്ടില്ലെന്നത് ആ ബന്ധത്തിന്റെആഴവും പരപ്പും വ്യക്തമാക്കുന്നു. പാർട്ടിയെ കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെ കുറിച്ചുമാണ് അവസാനകാലത്തു പോലും കോടിയേരി ചിന്തിച്ചിരുന്നതെന്ന് മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു. അസുഖം മൂർച്ഛിച്ച്തനിക്ക് പൂർണമായും ചുമതലകൾ നിർവഹിക്കാൻ കഴിയാതിരുന്നപ്പോൾ പാർട്ടിസെക്രട്ടറി സ്ഥാനം ഒഴിയാൻ സഖാവ് സ്വയം സന്നദ്ധനായി മുൻപോട്ടുവരികയായിരുന്നുവെന്നും അതിനു നിർബന്ധം പിടിച്ചുവെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ ഓർമിച്ചിരുന്നു.
ഇരുവരും തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു എന്നാണ് ഇരുവർക്കിടയിലും പ്രവർത്തിച്ച ജോൺ ബ്രിട്ടാസ് പറഞ്ഞത്. കോടിയേരിക്ക് രോഗമാണന്ന് അറിഞ്ഞ സമയം പിണറായി വിജയൻ നിസ്സഹായനായി ഇരിക്കുകയായിരുന്നുവെന്നും പിണറായിയെ ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടില്ലെന്നുമാണ് ബ്രിട്ടാസ് പറഞ്ഞ്. ബാലകൃഷ്ണൻ തന്റെയൊക്കെ ശരീരത്തിന്റെ ഭാഗമാണ് എന്നായിരുന്നു പിണറായി അന്ന് പറഞ്ഞിരുന്നത്.
വൈകാരികമായി വിട ചൊല്ലി തലശ്ശേരി
സൗമ്യനായ സിപിഎം നേതാവിന് തലശ്ശേരി നഗരം വൈകാരികമായ വിടചൊല്ലതാണ് നൽകിയത്. ലാൽസലാം വിളികളുമായി പതിനായിരങ്ങൾ ടൗൺഹാളിലേക്ക് ഒഴുകി എത്തി. തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴും കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ കാത്തു നിന്നു. തലശ്ശേരി ടൗൺ ഹാളിൽ ഉച്ചയോടെ ആരംഭിച്ച പൊതുദർശനം രാത്രി പത്ത് മണിയോടെയാണ് അവസാനിപ്പിച്ചത്. സമൂഹത്തിലെ നാനാ കോണിനുള്ളവർ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.
പൊലീസെന്ന സ്വപ്നത്തിന് ചിറകുമുളപ്പിച്ച കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമായി നൂറോളം കുട്ടി പൊലീസുകാരുടെ ബിഗ് സല്യൂട്ട നൽകാനെത്തി. സ്‌കൂളുകളുടെ വരാന്തകളിൽ കടന്നെത്താൻ ശ്രമിക്കുന്ന ലഹരി പദാർഥങ്ങളെ പാടെ തടുത്തുനിർത്തിയതിൽ കുട്ടി പൊലീസിന്റെ പങ്ക് ചെറുതല്ല. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുട്ടി പൊലീസെന്ന ദീർഘദർശനം വെറുതെയായില്ല. പൗരബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ളൊരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടിയേരി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്ന ആശയം ആവിഷ്‌കരിച്ചത്. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ വിഭാവനംചെയ്ത പദ്ധതിയെ കുറിച്ച് അറിയാനും അത് മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കാനും പ്രതിനിധികൾ കേരളത്തിലെത്തിയിരുന്നു.
മമ്പറം ഗവ. ഹയർസെക്കൻഡറി, സെന്റ് ജോസഫ് ഹയർസെക്കൻഡറി തലശേരി, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ തലശേരി, എ കെ ജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പിണറായി എന്നിവിടങ്ങളിലെ കേഡറ്റുകളാണ് ജില്ലാ നോഡൽ ഓഫീസർ കെ രാജേഷിന്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സ്റ്റേറ്റ് നോഡൽ ഓഫീസർ ഐജി പി വിജയൻ ഐപിഎസിനുവേണ്ടി പുഷ്പചക്രം സമർപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10 വരെ മാടപ്പീടികയിലെ വീട്ടിലും പിന്നീട് കണ്ണൂർ സിപിഎം ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. ശേഷം വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്‌കാരം. ഞായറാഴ്ച ഉച്ചക്ക് 12.55ഓടെയാണ് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ കണ്ണൂർ മട്ടന്നൂർ വിമാനത്താവളത്തിൽ കോടിയേരിയുടെ മൃതദേഹം എത്തിച്ചത്. പ്രിയസഖാവിന്റെ ഭൗതിക ശരീരം സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, സ്പീക്കർ എ.എൻ. ഷംസീർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, മന്ത്രിമാരായ വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരടക്കം വിമാനത്താവളത്തിലെത്തിയിരുന്നു.
തുറന്ന വാഹനത്തിൽ നിരവധി പ്രവർത്തകരുടെ അടമ്പടിയോടെയാണ് വിലാപയാത്ര ആരംഭിച്ചത്. നിരവധി വാഹനങ്ങൾ വിലാപയാത്രയെ അനുഗമിച്ചു. മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. നൂറുകണക്കിന് പേർ വഴിയോരങ്ങളിൽ കാത്തുനിന്ന് അന്തിമോപചാരം അർപ്പിച്ചു. തലശ്ശേരി ടൗൺ ഹാളിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി. നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പ്രിയ നേതാവിനെ അവസാനമായി കണ്ടു. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി.
നായനാർക്കും ചടയനും അരികിലായി അന്ത്യവിശ്രമം
കേരളത്തിൽ സമരപുളകങ്ങൾ തീർക്കുകയും വിഞ്ജാനത്തിന്റെയും നവോത്ഥാനത്തിന്റെയും വെളിച്ചം വിതറുകയും ചെയ്ത മഹാന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത് കോടിയേരിയെന്ന പ്രിയനേതാവിന് അന്ത്യനിദ്ര. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുക. ഇരുവരും പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.
അഴീക്കോടൻ രാഘവന്റെ രക്തസാക്ഷികുടീരവും എ കെ ജിയുടേയും സുകുമാർ അഴീക്കോടിന്റേയും എൻ സി ശേഖറിന്റേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരുടെ സ്മൃതികുടീരങ്ങൾ സമീപത്തുണ്ട്. ഇവിടെ സംസ്‌കാരച്ചടങ്ങുകൾക്കായി വലിയ പന്തലുയർന്നു. പയ്യാമ്പലം പാർക്കിലെ ഓപ്പൺസ്റ്റേജിലാണ് അനുശോചനയോഗം ചേരുക. ഇവിടെയും പന്തൽ നിർമ്മിച്ചിട്ടുണ്ട്. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങൾ തിങ്കളാഴ്ച കണ്ണൂർ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
മറുനാടന്‍ മലയാളി ബ്യൂറോ