കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പൊലീസ് റോഡിൽ തടഞ്ഞതിൽ സംഘർഷം. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് കാർത്തിക് ശശി, ജില്ലാ സെക്രട്ടറി ഷഹനാസ്, കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ എന്നിവരെയാണ് ചവറ പൊലീസ് കെ.എം.എം.എൽന് സമീപം ദേശീയ പാതയിൽ വച്ച് തടഞ്ഞത്. ഇവർ സഞ്ചരിക്കുന്ന കാർ പരിശോധിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. മുഖ്യമന്ത്രി കൊല്ലത്ത് എത്തുന്നതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിന്റെ ഭാഗമാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ പരിശോധന നടത്താൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അനുവദിച്ചില്ല.

സംഭവമറിഞ്ഞെത്തിയ നാട്ടുകാരും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പൊലീസ് നടപടി ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി. സാധാരണക്കാർക്ക് റോഡിൽ കൂടി പോകാനുള്ള സ്വാതന്ത്ര്യം പോലും പൊലീസ് നൽകുന്നില്ലെന്ന് അവർ പരാതി പെട്ടു. പ്രവർത്തകരെ കടന്നു പോകാൻ അനുവദിക്കണമെന്ന് ചവറ ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പേടിയെന്നും ടോയ്ലെറ്റിൽ പോകാൻ പോലും ഒൻപത് പൊലീസുകാർ കാവൽ വേണമെന്നും പ്രതിഷേധക്കാർ പരിഹസിച്ചു. മുഖ്യമന്ത്രി വരുന്നതിന് ചവറയിൽ വാഹന പരിശോധന നടത്തുന്നതെന്തിനെന്നായിരുന്നു ചോദ്യം. പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും അതു നിരാകരിച്ചു.



മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്താൻ കരുനാഗപ്പള്ളിയിൽ നിന്നും പുറപ്പെട്ടവരാണ് ഇവരെന്ന് ഐ.ബി റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കാർ തടഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. മണിക്കൂറുകളോളം ദേശീയ പാതയിൽ പൊലീസും യൂത്ത് കോൺഗ്രസ്സുകാരും തമ്മിൽ വാക്കേറ്റം നടന്നു. ഒടുവിൽ പൊലീസിന്റെ നിർദ്ദേശം അനുസരിച്ച് ഇവർ ചവറ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇവരെ പൊലീസ് കരുതൽ തങ്കലിൽ എടുത്തതാണെന്നാണ് വിവരം.

കൊല്ലത്ത് റവന്യു ദിനാഘോഷത്തിലും മറ്റു പരിപാടികളിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി കൊല്ലത്ത് എത്തിയത്. ഇതിന്റെ ഭാഗമായി പ്രതിഷേധിക്കാൻ പോയവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഡി.സി.സി ഓഫീസിൽ തിരഞ്ഞെടുപ്പ് സംബന്ധമായി ചില കാര്യങ്ങൾക്കായി പോകുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

അതേ സമയം കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ വൈ എഫ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

കൊട്ടിയത്തും പാരിപ്പള്ളിയിലും മാടൻനടയിലും വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. മാടൻനടയിൽ ആർവൈഎഫ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും, എസ്.എൻ കോളജ് ജംഗ്ഷനിലും കരിങ്കൊടി പ്രതിഷേധം നടത്തി.