- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിൽ വെറുതെ പോയാൽ പോരാ, നാലുപേരറിയണം; മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം ഇത്തവണ ആഘോഷമാക്കും; വീഡിയോ ഷൂട്ടിനും ഫോട്ടോ കവറേജിനും എല്ലാം പ്രത്യേക ഏജൻസികൾ; ആകെ ചെലവ് ഏഴ് ലക്ഷം രൂപ; മുഖ്യമന്ത്രിയുടെ വിദേശ പര്യടന ഷൂട്ടിന് ആളെ വയ്ക്കുന്നത് ചരിത്രത്തിൽ ഇതാദ്യം; പുതിയ ഉത്തരവ് പിണറായിയുടെ 15 ലേറെ വിദേശ സന്ദർശനം കൊണ്ട് പ്രയോജനം എന്തെന്ന് പ്രതിപക്ഷം സ്വരം ഉയർത്തുമ്പോൾ
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ധൂർത്തിന്റെ മറ്റൊരു കഥകൂടി പുറത്തു വരുന്നു. പിണറായിയുടെ യൂറോപ്യൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. യുറോപ്യൻ പര്യടനം വീഡിയോ, ഫോട്ടോ കവറേജ്, ഉൾപ്പെടെ ആഘോഷ പൂർവം നടത്താനാണ് തീരുമാനം. ഇതിനായി ഏജൻസികളെ തെരഞ്ഞെടുത്തു.
7 ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി നൽകുന്നത്. സന്ദർശനം നടത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയാണ് ഏജൻസിയെ നൽകുക. ഒക്ടോബർ 2 മുതൽ 4 വരെ ഫിൻലൻഡിലും ഒക്ടോബർ 5 മുതൽ 7 വരെ നോർവേയിലും ഒക്ടോബർ 9 മുതൽ 12 വരെ യു.കെ യിലും മുഖ്യമന്ത്രി നടത്തുന്ന സന്ദർശനത്തിന് ഇവരുടെ കവറേജ് ലഭിക്കും.
ഫിൻലൻഡിൽ വീഡിയോ, ഫോട്ടോ കവറേജ് ലഭിച്ചത് സുബഹം കേശ്രീയ്ക്കാണ്. 3200 യൂറോ (2,54, 224 രൂപ)ആണ് ഇയാൾക്ക് ലഭിക്കുന്നത്. നോർവേയിൽ മൻദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോർവീജിയൻ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാൾക്ക് ലഭിക്കുന്നത്. യു.കെ യിൽ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക. ഈ തുകകൾ ഉയരാനും സാധ്യതയുണ്ട്.
വീഡിയോ, ഫോട്ടോ കവറേജ് ചെയ്യാൻ ഈ മൂന്നുപേരും നൽകിയ ക്വട്ടേഷൻ സർക്കാർ അംഗീകരിച്ചു. ഇതിന്റെ ചെലവുകൾ പ്രസ് ഫെസിലിറ്റിസ് എന്ന ശീർഷകത്തിൽ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പി ആർ ഡി യിൽ നിന്നിറങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാൻ ആളെ വയ്ക്കുന്നത്.
ഒന്നാം പിണറായി സർക്കാരിൽ 15 തവണ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തിയപ്പോഴും, 85 തവണ മന്ത്രിമാർ നടത്തിയപ്പോഴും ഇങ്ങനെയാരു വീഡിയോ , ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യയും കുടുംബവും യുറോപ്പ് സന്ദർശിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അതിനെ കുറിച്ചുള്ള ഉത്തരവുകൾ വരും ദിവസങ്ങളിൽ ഇറങ്ങും. കഴിഞ്ഞയാഴ്ച പാരിസ് സന്ദർശനം നടത്തിയ പൊതുമരാമത്ത് മന്ത്രി റിയാസിനെ ഭാര്യ വീണ വിജയനും അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുൻ വിദേശ സന്ദർശനങ്ങൾ കൊണ്ട് സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു. വിഡിയോ , ഫോട്ടോ കവറേജിന് ആളെ വച്ചതോടെ മുഖ്യമന്ത്രിയും കൂട്ടരും ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണെന്ന വിമർശനമാണ് ഉയരുന്നത്.
വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചതിനെ തുടർന്നാണ് പോകുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ വിദേശ യാത്രകളുടെ കാര്യത്തിൽ പിണറായി സർക്കാർ റെക്കോഡിട്ടിരിക്കുകയാണ്. പതിനഞ്ചിലേറെ വിദേശ യാത്രകളാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം നടത്തിയിരിക്കുന്നത്. ഈ യാത്രകൾ കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല എന്നാണ് വിമർശനം. പിന്നെന്തിനാണ് പുതിയ യാത്രയെന്ന് സ്വാഭാവികമായും സംശയമുയരാം.
യുഎഇ, നെതർലൻഡ്സ്, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെല്ലാം സന്ദർശനം നടത്തിയിരുന്നു. അമേരിക്കയിലേക്ക് പോയതും ചർച്ചകൾ നടത്തിയതും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയായിരുന്നു. യുഎഇയിലേക്ക് പൊലീസ് നവീകരണം പഠിക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവർ സന്ദർശനം നടത്തിയത്.ഏറെ ചർച്ചയായ മറ്റൊരു സന്ദർശനമാണ് നെതർലൻഡ്സിലേക്ക് നടത്തിയത്. പ്രളയ പ്രതിരോധം പഠിക്കാനായിട്ടായിരുന്നു സന്ദർശനം. കേരളത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദർശനം.
സ്വിറ്റ്സർലൻഡിലേക്ക് പോയത് ഖരമാലിന്യ സംസ്‌കരണത്തെ കുറിച്ചാണ് പഠിച്ചത്. കേരളം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായിരുന്നു ഇത്. അതുകൊണ്ട് യാത്രയ്ക്ക് പ്രസക്തിയുമുണ്ടായിരുന്നു. ഫ്രാൻസിലേക്ക് പോയത് സാമ്പത്തിക ആസൂത്രണത്തിൽ ചർച്ചയ്ക്കായിട്ടാണ്. വിദഗ്ധരുമായി അടക്കം ചർച്ചകൾക്കായിട്ടായിരുന്നു ഈ യാത്ര പ്ലാൻ ചെയ്തിരുന്നത്. ഇതിന് പുറമേ ലണ്ടനിലേക്കും യാത്ര നടത്തി. കിഫ്ബി മസാലബോണ്ടിന്റെ ലോഞ്ചിംഗിന് വേണ്ടിയിട്ടായിരുന്നു ഈ സന്ദർശനം.