തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നത് പൊലീസ് നടപടികളുടെ പേരിലാണ്. എന്നാൽ, സിപിഎം സംസ്ഥാന സെ്ക്രട്ടറിയായി എം വി ഗോവിന്ദൻ അധികാരമേറ്റതോടെ ഇക്കാര്യത്തിൽ കർശന നിലപാടിലേക്ക് നീങ്ങുകയാണ് പാർട്ടി. സർക്കാറിന് ചീത്തപ്പേരുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിക്കാനാണ് എം വി ഗോവിന്ദന്റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് സർക്കാർ ഗുണ്ടാ ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കൈക്കൊള്ളുന്നതും.

അതേസമയം ക്രിമിനൽ ബന്ധമുള്ളവർക്കെതിരെ നടപടികൾ തുടരുമ്പോഴും ചില ഉദ്യോഗസ്ഥരുടെ ഇടപെടലിനെ സംശയത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും കാണുന്നത്. ഇഷ്ടമില്ലാത്ത ഓഫീസർമാർ ഒതുക്കാനുള്ള അവസരമായി ഇതിനെ കാണുന്നവരുമുണ്ട്. ഇതിനിടെയാണ് ഗുണ്ടാബന്ധത്തെക്കുറിച്ചുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ്, സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ നാൽപതിലേറെ ഇൻസ്‌പെക്ടർമാരെ നേരിട്ടു ഫോണിൽ വിളിച്ചു വിവരം ശേഖരിച്ചത്.

രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വിരോധം തീർക്കാനും ഇവർക്കു ബന്ധമുള്ള ഗുണ്ടകളെ സംരക്ഷിക്കാനും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ റിപ്പോർട്ട് അയയ്ക്കുന്നുവെന്നു പരാതിയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് എസ്എച്ച്ഒമാരെ നേരിട്ടു വിളിച്ചു കാര്യങ്ങൾ തിരക്കിയത്. എസ്എച്ച്ഒമാർക്ക് പറയാനുള്ളത് എന്താണെന്നത് അടക്കമുള്ള വിവരങ്ങളാണ് തേടിയത്.

ചിലർ സർവീസിലെ പ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി. 8 വർഷം മുൻപും മറ്റും എസ്‌ഐമാരായി സർവീസിൽ കയറിയപ്പോൾ ചെയ്ത ജോലികൾ തന്നെയാണ് സ്റ്റേഷൻ ചുമതലയുള്ള ഇൻസ്‌പെക്ടർമാരായി തങ്ങൾ ഇപ്പോഴും ചെയ്യുന്നതെന്നു പലരും പരാതി പറഞ്ഞു. അനാവശ്യ അച്ചടക്കനടപടികളുമുണ്ടാകുന്നു. പിൽക്കാലങ്ങളിൽ എസ്‌ഐ നിയമനം ലഭിച്ചുവന്നവരെ സ്റ്റേഷൻ ചുമതല ഏൽപിക്കുകയും തങ്ങളെ മറ്റു ചുമതലകളിലേക്കു മാറ്റുകയും വേണമെന്നു പലരും ആവശ്യപ്പെട്ടു. ഇത്തരത്തിൽ എസ്‌ഐമാരെ നൂറിലേറെ സ്റ്റേഷനുകളുടെ ചുമതല ഏൽപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

അതിനിടെ ബലാത്സംഗം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരുടെ വിവരങ്ങൾ തേടി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തും മുന്നോട്ടു പോകുകയാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു. പൊലീസ്-ഗുണ്ടാ ബന്ധം വെളിച്ചത്തായതോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള കൂടുതൽ പൊലീസുകാർക്കെതിരേ നടപടിയിലേക്ക് ഡിജിപി നീങ്ങുന്നത്. ഇതിനിടെ സംസ്ഥാനവ്യാപകമായി 24 എസ്.എച്ച്.ഒ.മാരെ സ്ഥലംമാറ്റി. ഗുണ്ടാബന്ധത്തിന്റെ പേരിൽ നടപടി നേരിട്ട സിഐ.മാർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.

പൊലീസ് സേനയിലെ കളങ്കിതർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് യൂണിറ്റ് മേധാവികൾക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനുള്ള നിർദ്ദേശം നൽകിയത്. ഐ.ജി.മാർ, ഡി.ഐ.ജി.മാർ, സിറ്റി പൊലീസ് കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പെടെയുള്ളവരാണ് പ്രതികളായവരുടെ പട്ടിക തയ്യാറാക്കേണ്ടത്. പോക്സോ, ബലാത്സംഗം, വിജിലൻസ് കേസ് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെട്ട പൊലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സസ്പെൻഷൻ ഉൾപ്പെടെ ശിക്ഷാ നടപടികൾ നേരിട്ട പൊലീസുകാരുടെ വിവരങ്ങളും ഡി.ജി.പി. തേടിയിട്ടുണ്ട്. മുൻകാല ഇന്റലിജൻസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കാനും ഡി.ജി.പി. ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മുഴുവൻ പൊലീസുകാരും നടപടി നേരിട്ട മംഗലപുരം പൊലീസ് സ്റ്റേഷനിൽ പുതിയ എസ്.എച്ച്.ഒ.യെ നിയമിച്ചു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സിഐ. സിജു കെ.എൽ. നായരാണ് മംഗലപുരം എസ്.എച്ച്.ഒ. സസ്പെൻഷനിലായ പേട്ട സിഐ. റിയാസ് രാജയ്ക്കു പകരം എസ്.എസ്. സുരേഷ് ബാബുവിനെയും നിയമിച്ചു. അതിനിടെ കസ്റ്റഡി കൊലപാതകം, മണൽ മാഫിയ ബന്ധം എന്നിവയുടെ പേരിൽ സസ്പെൻഷനിലായിരുന്ന തിരുവല്ല മുൻ എസ്.എച്ച്.ഒ. സുരേഷ് വി. നായരെ സർവീസിൽ തിരിച്ചെടുത്തു. താനൂർ കൺട്രോൾ റൂമിലാണ് പുതിയ നിയമനം.

രാത്രി 11നു ശേഷം പ്രവർത്തിക്കുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകൾക്കു കർശന നിയന്ത്രണം വരുന്നത്. അനുമതിയില്ലാത്ത ഡിജെ പാർട്ടി നടക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, പൊതുകെട്ടിടങ്ങളിലെ സംഘം ചേർന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാൽ ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽകും. കെട്ടിടങ്ങൾക്കുള്ളിൽ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷം മൈക്ക് പ്രവർത്തിപ്പിച്ചാലും നടപടി വരും.