- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ സഞ്ചാരപാത ഇനി വയർലെസിൽ പറയില്ല; ഡ്യൂട്ടിയിലുള്ള പ്രധാന പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് അവസാന നിമിഷം മാത്രം സന്ദേശം എത്തും; റൂട്ട് മാറ്റിയാലും കരിങ്കൊടി എത്തുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന് പൊലീസിലും വിശ്വാസം കുറയുന്നു; എല്ലാം ഏകോപിപ്പിക്കാൻ പുതിയ ഐപിഎസ് തസ്തികയും; പിണറായിക്ക് പരിഭ്രാന്തി കൂടുന്നുവോ?
തിരുവനന്തപുരം: പൊലീസിലും മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള വിശ്വാസം നഷ്ടമാകുന്നു. കരിങ്കൊടി കാട്ടൽ പതിവായതോടെ പരിഭ്രാന്തി കൂടുകയാണ്. ആത്മഹത്യാ സക്വാഡാണ് മുഖ്യമന്ത്രിയെ തടയുന്നതെന്ന് സിപിഎം പറയുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കരതുൽ എടുക്കുകയാണ് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സഞ്ചാരപാത വയർലെസിൽ അറിയിക്കാതെ, ഡ്യൂട്ടിയിലുള്ള പ്രധാന പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് അവസാന നിമിഷം മാത്രം അറിയിക്കുന്ന രീതി തുടങ്ങി. വിവര ചോർച്ച പൊലീസിലൂടെ എന്ന തിരിച്ചറിവിലാണ് ഇത്. വയർലസിൽ പറഞ്ഞാൽ എല്ലാ പൊലീസും അറിയും. അതുകൊണ്ടാണ് പുതിയ നീക്കം.
എന്നാൽ മൊബൈലിലൂടെ വിവരം അറിയിക്കുമ്പോൾ പിഴവുകൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. വിവരം കൃത്യമായി കൈമാറാനായില്ലെങ്കിൽ എല്ലാ അർത്ഥത്തിലും ഗതാഗതമൊരുക്കൽ പാളും. എങ്കിലും റൂട്ട് മാറ്റിയുള്ള യാത്രകൾ പുറത്ത് അറിയാതിരിക്കാനാണ് വയർലെസ് ഒഴിവാക്കുന്നത്. പ്രതിഷേധ സമരങ്ങൾ കനത്തതാണു കാരണം. സാധാരണ ജില്ലാ പൊലീസ് മേധാവിമാർ മുഖ്യമന്ത്രിക്കു വരാനും പോകാനും രണ്ടു വഴികൾ കണ്ടെത്തും. ഈ രണ്ടു വഴിയും പ്രതിഷേധക്കാർ മനസ്സിലാക്കുന്നു. ഇതു കൊണ്ടാണ് പുതിയ പരീക്ഷണം.
മുഖ്യമന്ത്രിയുടെ അതിസുരക്ഷയ്ക്കായുള്ള വാഹനവ്യൂഹവും അതിന്റെ മരണപ്പാച്ചിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ചുള്ള കരിങ്കൊടി പ്രതിഷേധം കൂടിയായപ്പോൾ കാര്യങ്ങൾ സംഘർഷത്തിലായി. കേുതിച്ചുപായുന്ന അകമ്പടി വാഹനങ്ങൾക്കിടയിലേക്ക് കരിങ്കൊടിയുമായി ചാടിവീഴുന്ന യുവാക്കളിൽ ചിലർ ഭാഗ്യം കൊണ്ടാണ് വാഹനമിടിക്കാതെ രക്ഷപ്പെട്ടത്. കാസർകോട്ടും കണ്ണൂർജില്ലയിലെ അഞ്ചരക്കണ്ടിയിലും തളിപ്പറമ്പിലും ഇതു കാണാനിടയായി. തിരുവനന്തപുരത്തും തുടരുന്നു. മുഖ്യമന്ത്രി കടന്നുപോകുന്നതിനുമുമ്പ് ഒട്ടേറെ യുവാക്കളാണ് കരുതൽ തടങ്കലിലായത്. കണ്ണൂരിൽ രാത്രി ഉറങ്ങിക്കിടന്നവരെയാണ് അറസ്റ്റ് ചെയ്തത്. എന്നി്ട്ടും പ്രതിഷേധവും കരിങ്കൊടിയും തുടരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ കരുതലുകൾ. ഒരു റൂട്ടിൽ സമരക്കാരുണ്ടെങ്കിൽ അവസാന നിമിഷം ബദൽ റൂട്ട് സ്വീകരിക്കും. ഇപ്പോൾ ബദൽ റൂട്ടിലും കരിങ്കൊടി ഉയർന്നതോടെയാണ് എല്ലാ പൊലീസുകാർക്കും കേൾക്കാവുന്ന വയർലെസ് സന്ദേശം ഒഴിവാക്കി മൊബൈൽ ഫോണിനെ ആശ്രയിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് സുരക്ഷ നൽകാൻ പ്രത്യേക കമാണ്ടോകളെ സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ഏകോപനത്തിനും പുതിയ സംവിധാനം വരികയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കാരണമാണ്. കരിങ്കൊടി കാട്ടൽ ഒഴിവാക്കാൻ ഏതറ്റം വരേയും സർക്കാർ പോകും.
അതിനിടെ വിവിഐപി സുരക്ഷയ്ക്കായി എസ്‌പി റാങ്കിലുള്ള ഡപ്യൂട്ടി കമ്മിഷണർ (ഡിസിപി) തസ്തിക സൃഷ്ടിച്ച് ജി.ജയദേവിനു ചുമതല നൽകി. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനം മുഴുവനുള്ള ചുമതലയോടെ പുതിയ നിയമനം. ആംഡ് പൊലീസ് ബറ്റാലിയൻ കമൻഡാൻഡിന്റെ അധികച്ചുമതലയും ജയദേവ് വഹിക്കും. ഫലത്തിൽ ജയദേവിനാകും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പ്രാഥമിക ഏകോപന ചുമതല. പൊലീസ് വിന്യാസം അടക്കം ജയദേവിന്റെ ഉത്തരവാദിത്തമാകും.
തിരുവനന്തപുരത്തും മുഖ്യമന്ത്രി്‌ക്കെതിരെ അതിശക്തമായ പ്രതിഷേധമാണ്. വനിതാ വികസന കോർപ്പറേഷന്റെ മുപ്പത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്യാൻ ശ്രീമൂലം ക്ലബിലേക്ക് പോകവെ നഗരത്തിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോർമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നിശ്ചയിച്ചിരുന്ന സമയത്തെക്കാൾ ഒന്നരമണിക്കൂർ വൈകിയാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലേക്ക് ക്ലിഫ് ഹൗസിൽ നിന്നും തിരിച്ചത്. വഴിനീളെ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിരുന്നെങ്കിലും വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ മൂന്ന് യുവമോർച്ച പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ചെത്തി കരിങ്കൊടി കാണിക്കുകയായിരുന്നു.
യുവമോർച്ച പ്രവർത്തകനായ അജി പൂവച്ചലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇരുന്നൂറ് മീറ്റർ മുന്നിലേക്ക് എത്തിയപ്പോൾ ടാഗോർ തിയേറ്ററിന് മുന്നിൽ കരിങ്കൊടിയുമായി വീണ്ടും മൂന്ന് യുവമോർച്ച പ്രവർത്തകരെത്തി. ചെറിയ സംഘർഷത്തിനൊടുവിൽ പ്രവർത്തകരായ വിപിനെയും സുപ്രധരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ പൊലീസ് വലയം ഭേദിച്ച് രക്ഷപ്പെട്ടു. അതിനിടെ അകമ്പടി വാഹനത്തിൽനിന്നും പ്രതിഷേധക്കാരെ അടിച്ചോടിക്കാൻ പൊലീസ് ശ്രമിച്ചതായി കോൺഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞദിവസം ചുടല ദേശീയപാതയിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള കമാൻഡോകളുടെ വാഹനം ഇടിച്ചുകയറ്റാനുള്ള ശ്രമം ഉണ്ടായി.
പലയിടത്തും വാഹനങ്ങൾ തടഞ്ഞിട്ടാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 15 പേർ കസ്റ്റഡിയിലായി. യൂത്ത് ലീഗ് പ്രവർത്തകരും കരുതൽ തടങ്കലിലായി. കാസർകോട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ ബലം പ്രയോഗിച്ച് റോഡിൽത്തന്നെ കിടത്തുകയായിരുന്നു. നീലേശ്വരം കോട്ടപ്പുറത്ത് പുരവഞ്ചികേന്ദ്രം ഉദ്ഘാടനത്തിയ മുഖ്യമന്ത്രിക്കായി പുഴയിൽ ബോട്ടിലും തോണിയിലുമായാണ് പൊലീസ് സുരക്ഷയൊരുക്കിയത്.
15 ഡിവൈ.എസ്‌പി.മാർ, 40 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 900 പൊലീസുകാരെയാണ് കാസർകോട്ട് സുരക്ഷാ ചുമതലയ്ക്കുണ്ടായത്. കണ്ണൂർ ജില്ലയിൽ 11 പൊലീസ് വാഹന സന്നാഹമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. 300-ലധികം പൊലീസുകാർ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടു. ഇതുകൊണ്ടൊന്നും പ്രതിഷേധം തടയാനായില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ