- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പെൻഡിസൈറ്റിസ് രോഗത്തിന്റെ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗ ചികിത്സയ്ക്കു ധനസഹായം; തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ കുറുക്കു വഴിയാക്കി ദുരിതാശ്വാസം; ഡോക്ടർമാരും ഏജന്റുമാരും റവന്യു ഉദ്യോഗസ്ഥരും അക്ഷയ സെന്ററും അടങ്ങുന്ന വമ്പൻ മാഫിയ; പണം കൊടുത്ത് വഞ്ചിതരായെന്ന തിരിച്ചറിവിൽ പ്രവാസികൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നിറയുമ്പോൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്കു ധനസഹായം നൽകുന്നതു കണ്ടെത്തുന്നതിനായി വിജിലൻസ് ബുധനാഴ്ച ആരംഭിച്ച മിന്നൽ പരിശോധന താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും സ്ഥല പരിശോധനയുമായി വ്യാപിപ്പിച്ചപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അതിനിടെ കഷ്ടപ്പെട്ടുണ്ടാക്കുന്നതെല്ലാം നാടിന്റെ നന്മയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നവർ നിരാശരാണ്. പ്രവാസികൾ അടക്കം പ്രതിഷേധത്തിലും. വോട്ട് നേടാനുള്ള അവസരമാക്കി രാഷ്ട്രീയക്കാർ ദുരിതാശ്വാസ നിധിയെ മാറ്റുന്നു. ഇതാണ് വിജിലൻസ് പരിശോധനയിൽ തെളിയുന്നത്.
അതിനിടെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം രംഗത്തു വന്നു. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ലെന്നും ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്നും കെ ജി എബ്രഹാം തുറന്നടിച്ചു. രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്. പ്രവാസികൾ നാട്ടിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ പശ്ചാത്താപിക്കുകയാണെന്നും കെ ജി എബ്രഹാം തുറന്നടിച്ചു. ഇത് തന്നെയാണ് പണം നൽകുന്നവരുടെ പൊതു നിലപാടും.
വിജിലൻസ് ഐജി ഹർഷിത അട്ടെല്ലൂരി, എസ്‌പി ഇ.എസ്.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും തുടർ പരിശോധനയിലും പങ്കെടുക്കുന്നു. ഇനിയും തട്ടിപ്പുകൾ പുറത്തു വന്നേക്കും. അതിനിടെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്യുമെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു. ഭാവിയിൽ സഹായം ലഭിക്കുന്നത് ഒഴിവാക്കുന്നതിന് 6 മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തുന്നതിനും അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിന് എല്ലാ കലക്ടറേറ്റുകളിലും സ്‌പെഷൽ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിനും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന നടത്തും. മാത്രമല്ല ഫണ്ട് അനർഹർക്ക് ലഭിക്കാൻ സാഹചര്യം ഒരുക്കിയ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, ഏജന്റുമാർ തുടങ്ങിയവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മനോജ് ഏബ്രഹാം അറിയിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു വെട്ടിപ്പു നടത്തിയ ഡോക്ടർമാർ, ഏജന്റുമാർ, റവന്യു ഉദ്യോഗസ്ഥർ, അക്ഷയ സെന്റർ നടത്തിപ്പുകാർ എന്നിവർ കുടുങ്ങും. വൻ ലോബിയാണു വർഷങ്ങളായി തട്ടിപ്പിനു പിന്നിലെന്നു വിജിലൻസ് കണ്ടെത്തി. വർക്കല താലൂക്ക് ഓഫിസിൽ നടത്തിയ പരിശോധനയിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് 6 അപേക്ഷകൾ അയച്ചതായി കണ്ടെത്തി. ഇതിന് പിന്നിൽ കോൺഗ്രസുകാരനാണെന്ന വാദവും ചർച്ചയാണ്. കൊല്ലം ജില്ലയിലെ ഫണ്ട് അനുവദിച്ചിട്ടുള്ള നിരവധി അപേക്ഷകൾക്കൊപ്പം റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പുകൾ ഇല്ലായിരുന്നു. 5000 രൂപയിൽ കൂടുതൽ സഹായം ലഭിക്കാൻ മറ്റു ചികിത്സാ രേഖകൾ ആവശ്യമാണെന്നിരിക്കെ അതില്ലാതെ ധനസഹായം അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായധനത്തട്ടിപ്പിനുപിന്നിൽ ആസൂത്രിതനീക്കമെന്ന് വിജിലൻസ് പറയുന്നു. കളക്ടറേറ്റുകളിലെ ചില ഉദ്യോഗസ്ഥരും ഏജന്റുമാരും ഡോക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പുകൾ നടത്തിയതെന്നാണ് വിജിലൻസിന്റെ നിഗമനം. വിവിധ ഓഫീസുകളിൽനിന്നുള്ള അയ്യായിരത്തിലധികം അപേക്ഷാ ഫയലുകൾ പരിശോധനയിലാണ്. പ്രാഥമികാന്വേഷണം നടത്തിയശേഷം തുടർനടപടികളുണ്ടാകും. രണ്ടുവർഷത്തെ അപേക്ഷകൾ പരിശോധിച്ചപ്പോഴാണ് ഇത്രയധികം തട്ടിപ്പ് വ്യക്തമായത്. കൊല്ലം ജില്ലയിലാണ് കൂടുതൽ. ക്രമക്കേടുകളിൽ ഉദ്യോഗസ്ഥബന്ധം വെളിവായാൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തും. തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ കേസെടുക്കും. അപേക്ഷകരുടെ വീടുകളിലെത്തിയും വിവരങ്ങൾ തേടുന്നുണ്ട്.
കെജി എബ്രഹാം പങ്കുവയ്ക്കുന്നത് പ്രവാസ ലോകത്തിന്റെ ആശങ്ക
സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ പ്രവാസികളിൽ നിന്നും സ്വരൂപിച്ച പ്രളയ ഫണ്ട് അർഹരിൽ എത്താതെ പാഴായി പോയെന്ന് തോന്നുന്നതായി കുവൈത്തിലെ പ്രമുഖ വ്യവസായിയും എൻ. ബി. ടി. സി.മാനേജിങ് ഡയറക്ടറുമായ കെ. ജി. എബ്രഹാം ആരോപിച്ചു. വിവിധ ഘട്ടങ്ങളിലായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4 കോടി രൂപയോളം താൻ സംഭാവന നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയക്കാർ നമ്മളെ വിഡ്ഢികളാക്കുന്നു എന്ന തോന്നലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിനാൽ ഭാവിയിൽ നയാ പൈസ പോലും രാഷ്ട്രീയക്കാർക്ക് നൽകില്ലെന്നും സ്വന്തം നിലയിൽ സഹായം നൽകുവാനാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. എൻ. ബി. ടി. സി. യുടെ ആസ്ഥനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഏറെ രോഷാകുലനായി വ്യക്തമാക്കിയത്.പ്രവാസികൾ അയക്കുന്ന കാശ് ഇല്ലായിരുന്നുവെങ്കിൽ കേരളം എങ്ങനെ ജീവിക്കും. എന്നിട്ടും പ്രവാസികളെ ചൂഷണം ചെയ്യുന്ന നിലപാടാണ് രാഷ്ട്രീയക്കാർ സ്വീകരിക്കുന്നത്.
അവർ ഒരു വീട് വെച്ചു അത് അടച്ചിട്ടാൽ അതിനു അധിക നികുതി ചുമത്തപ്പെടുന്നു. ഇത് അഹങ്കാരമാണ്. ഇതിനെതിരെ പ്രവാസികൾ ഒരുമിക്കണം.ബാങ്കുകളിൽ നാം നിക്ഷേപിക്കുന്ന പണത്തിനു പോലും യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത രീതിയിലാണ് നാട്ടിലെ സാമ്പത്തിക അവസ്ഥ എന്നാണ് അറിയാൻ കഴിഞ്ഞത്. ലബനോനിൽ സംഭവിച്ചതിന് സമാനമായി സമീപ ഭാവിയിൽ കേരളത്തിലും സംഭവിക്കാം.. കൊണ്ട് ആരും നാട്ടിലേക്ക് പണം അയക്കരുത്. വോട്ട് ചെയ്യാൻ ലഭിച്ച അവസരങ്ങളിൽ ഇടതു പക്ഷത്തിനു മാത്രമാണ് താണ് വോട്ട് ചെയ്തത്. പക്ഷെ താൻ വിഡ്ഢിയായി പോയെന്ന തോന്നലാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.
അപ്പെൻഡിസൈറ്റിസ് രോഗത്തിന്റെ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗ ചികിത്സയ്ക്കു ധനസഹായം
അപേക്ഷ നൽകിയില്ലെങ്കിലും കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിക്കു പ്രകൃതി ക്ഷോഭത്തിൽ വീടു നശിച്ചെന്ന പേരിൽ അനുവദിച്ചത് 4 ലക്ഷം രൂപയാണ്. അപ്പെൻഡിസൈറ്റിസ് രോഗത്തിന്റെ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മാറനല്ലൂർ സ്വദേശിക്കു ഹൃദ്രോഗ ചികിത്സയ്ക്കു ധനസഹായം ലഭിച്ചു. കാരോട് സ്വദേശി മുഖേന നെയ്യാറ്റിൻകര താലൂക്കിലെ ഇരുപതിലധികം പേർക്കു ധനസഹായം കിട്ടി.
കൊല്ലം തൊടിയൂർ വില്ലേജ് ഓഫിസിൽ സമർപ്പിച്ച പല അപേക്ഷകളിലും ഒരേ കയ്യക്ഷരമായിരുന്നു. അടൂർ ഏനാദിമംഗലം വില്ലേജിൽ 61 അപേക്ഷകളിൽ ഒരാളുടെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയതായും വിജിലൻസ് കണ്ടെത്തി. തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോൺ നമ്പർ ഒന്നായിരുന്നു. ഇവയെല്ലാം ഒരേ അക്ഷയ സെന്റർ വഴി സമർപ്പിച്ചതാണെന്നും കണ്ടെത്തി. കരുനാഗപ്പള്ളി താലൂക്കിലെ 18 അപേക്ഷകളിൽ 13 ലും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതു കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഒരു ഡോക്ടറായിരുന്നു. അതിൽ 6 സർട്ടിഫിക്കറ്റുകൾ നൽകിയത് ഒരേ വീട്ടിലെ അംഗങ്ങൾക്ക്.
പത്തനംതിട്ട ജില്ലയിൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പലതും മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നു കണ്ടെത്തി. കൂടൽ വില്ലേജ് ഓഫിസിൽ 4 വർഷത്തിനിടെ 268 അപേക്ഷകളിൽ ഒരാളുടെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയതായും ഏനാദിമംഗലം വില്ലേജിൽ 61 അപേക്ഷകളിൽ ഒരാളുടെ ഫോൺ നമ്പർ തന്നെയാണെന്നും കണ്ടെത്തി. ചില അപേക്ഷകളോടൊപ്പം തുടർ ചികിത്സയ്ക്കു ചെലവഴിച്ച തുക രേഖപ്പെടുത്തിയില്ല. കോഴഞ്ചേരി താലൂക്കിൽ ഒരു കുടുംബത്തിലെ 4 പേർക്ക് ധനസഹായം നൽകി. ചിലർക്ക് അപേക്ഷ സമർപ്പിച്ച് 2 വർഷ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് വീണ്ടും ധനസഹായം നൽകി.
ആലപ്പുഴയിൽ 14 അപേക്ഷകളിൽ പത്തിലും ഒരു ഡോക്ടർ തന്നെ സർട്ടിഫിക്കറ്റ് നൽകി. കോട്ടയത്തു കോണ്ടൂർ, ആനിക്കാട്, എരുമേലി വടക്ക്, ഞീഴൂർ എന്നിവിടങ്ങളിലെ മുൻ വില്ലേജ് ഓഫിസർമാർ ശരിയായി അന്വേഷണം നടത്താതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിനാൽ അനർഹർക്കും ധനസഹായം ലഭിച്ചു. പാലക്കാട് ആലത്തൂർ വില്ലേജ് ഓഫിസിൽ ലഭിച്ച 78 അപേക്ഷകളിൽ 54 എണ്ണത്തിലും ഒരു ആയുർവേദ ഡോക്ടറും 13 എണ്ണത്തിൽ മറ്റൊരു ആയുർവേദ ഡോക്ടറും 12 അപേക്ഷകളിൽ മൂന്നാമതൊരാളും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി. ഈ ഡോക്ടർമാരെല്ലാം ഒരേ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്.
കോഴിക്കോട് തളക്കളത്തൂർ വില്ലേജിലെ വിദേശ മലയാളിയുടെ മകനു ചികിത്സയ്ക്കായി 3 ലക്ഷം രൂപയും സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മയ്ക്ക് 25,000 രൂപയും അനുവദിച്ചു. മലപ്പുറം എടക്കര വില്ലേജിൽ ഒരു ഏജന്റ് മുഖേന സമർപ്പിച്ച എല്ലാ അപേക്ഷകളിലും ഒരേ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകി. ഇവിടെ 1.02 ഏക്കർ ഭൂമിയുള്ള ഒരാളുടെ വാർഷിക വരുമാനം 60,000 രൂപ ആണെന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 25,000 രൂപ സഹായം അനുവദിച്ചു.
മറുനാടന് മലയാളി ബ്യൂറോ