- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ ഒരു പ്രവണതയും കടന്നു കൂടാൻ അനുവദിക്കില്ല; ദുരിതാശ്വാസനിധി സഹായം അനർഹർ കൈപ്പറ്റുന്നത് തടയാൻ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി; വിജിലൻസിന് തുടർ നടപടികൾക്ക് നിർദ്ദേശം നൽകി; അനർഹരായവർക്ക് ധനസഹായം പറ്റിയവർക്കും കൂട്ടുനിന്നവർക്കും ദാക്ഷിണ്യവുമില്ലാത്ത നടപടിയെന്നും പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടാൻ അനുവദിക്കില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ. രാജനും നേരത്തെ വ്യക്തമാക്കിയിരുന്നു. റവന്യൂ വകുപ്പ് തന്നെയാണ് വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. പണം അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വേണോയെന്നതിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും. സി.എം.ഡി.ആർ.എഫിൽ ആകെ ക്രമക്കേടാണെന്ന വാദം ശരിയല്ല. ആരെങ്കിലും ഒരാൾ തെറ്റ് ചെയ്തെന്ന് കരുതി അർഹതപ്പെട്ടവർക്ക് സഹായം നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസിന്റെ പരിശോധന കഴിഞ്ഞദിവസം മുതൽ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് 'ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ പരിശോധന നടക്കുന്നത്. ദുരിതാശ്വാസനിധിയുടെ പേരിൽ സംഘടിതമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസ് മേധാവി എ ഡി ജി പി മനോജ് എബ്രഹാം ഇന്ന് പറഞ്ഞു. 'എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുൾപ്പെടെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സർക്കാരിൽ നിന്ന് തന്നെ ഇതുസംബന്ധിച്ച പരാതി ലഭിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി കിട്ടി എങ്ങനെ തട്ടിപ്പ് നടത്തി എന്ന് സംബന്ധിച്ച് പരിശോധന നടക്കുന്നു'.ഇന്നും നാളെയും പരിശോധന തുടരുമെന്നും മനോജ് എബ്രഹാം പറഞ്ഞു. ഒരു ജില്ലയിൽ ഏകദേശം 300 അപേക്ഷകൾ പരിശോധിക്കുന്നു.തട്ടിപ്പ് പണത്തിന്റെ പങ്കു വയ്ക്കൽ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. സഹായ വിതരണത്തിനുള്ള മാർഗനിർദ്ദേശം സർക്കാരിന് നൽകും.സഹായ വിതരണത്തിന്റെ തടസ്സം ഉണ്ടാകില്ല.വില്ലേജ് ഓഫീസ്, ഗുണഭോക്താക്കകളുടെ വീട് എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.
അതേസമയം, ദുരിതാശ്വാസനിധി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ പറഞ്ഞു. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. അന്വേഷിച്ചാൽ കേസിലെ സിപിഎം പങ്ക് പുറത്തുവരും. തീക്കട്ടയിൽ ഉറുമ്പരിക്കുന്നത് പോലെയാണ് ഇതെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ