കൊച്ചി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ തോൽവിക്ക് ആക്കം കൂട്ടിയെന്ന രോപണം ശക്തമായിരിക്കവേ വീണ്ടും വിവാദ കേസ് ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യുവിന്റെ നിയമപോരാട്ടം തുടരുകയാണ്. മാത്യു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിർകക്ഷികൾക്കും നോട്ടീസ് നൽകി.

ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം. ഹർജി കോടതിയുടെ പരിഗണനയിൽ എത്തിയാൽ എതിർകക്ഷികൾക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ അവസരം നൽകാൻ വേണ്ടിയാണ് നോട്ടീസ് നൽകുന്നത്. ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ളത് കോടതി കേൾക്കും. അതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമ വിധിയുണ്ടാകുക.സ്വാഭാവിക നടപടിയാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു.

'ഇതൊരു സ്വാഭാവിക നടപടിയാണ്. കീഴ്ക്കോടതി വിധിയിലെ നിയമപരമായ പിശകുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എനിക്ക് ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതും, കോടതിയിൽ സമർപ്പിച്ചിട്ടുള്ളതും. എനിക്ക് ആത്മവിശ്വാസമുണ്ട്. തുടർനടപടികൾക്കായി കാത്തിരിക്കുന്നു.'- മാത്യു കുഴൽനാടൻ പ്രതികരിച്ചു.

സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഹർജി തള്ളിയത്.എന്നാൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഹർജിയെത്തുമ്പോൾ വാദം കേൾക്കാതെ തള്ളുന്നത് അപക്വമാണെന്ന് മാത്യു കുഴൽനാടൻ വിമർശിച്ചിരുന്നു.

നേരത്തെ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സിഐ.ആർ.) രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വീണയുടെ എക്‌സാലോജിക് കമ്പനിയുടെ ഇടപാടുകൾ അടക്കം ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരും. ഇക്കാര്യത്തിൽ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇ.സിഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്.

മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. വീണയുടെ എക്‌സാലോജിക് കമ്പനി, സിഎംആർഎൽ, കെഎസ്‌ഐഡിസി എന്നിവർക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുകയുണ്ടായി.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) നോട്ടിസ് നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉൽപന്നമോ സേവനമോ നൽകിയതിന് എക്‌സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്‌സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളിൽനിന്നു രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്എഫ്‌ഐഒ ചെന്നൈ ഓഫിസിലെ കെ.പ്രഭു നോട്ടിസ് അയച്ചത്.