തൃശൂർ: സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ  സംഘങ്ങളും ഭരിക്കുന്നത് സിപിഎമ്മാണ്. ഇത്തരം സഹകരണ സംഘങ്ങളിലെ സർവകാര്യങ്ങളും നിയന്ത്രിക്കുന്ന പാർട്ടി തന്നെയാണ് താനും. നിയമനങ്ങളിൽ അടക്കം വ്യക്തമായ സ്വാധീനം പാർട്ടിക്കുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി വളർത്താനുള്ള സംവിധാനമാണ് ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾ. ഇത് പരീക്ഷാ ബോർഡിന് വിടാൻ മടിച്ചിരിക്കയാണ് സർക്കാർ.

കരുവന്നൂർ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സഹകരണ സംഘങ്ങളിലെ മുഴുവൻ നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിനു വിടാനെടുത്ത തീരുമാനം മരവിച്ച നിലയിലാണ്. പരീക്ഷാ ബോർഡിനു വിടാനുള്ള തീരുമാനം സർക്കാർ പരിഗണനാ വിഷയമായി ഏറ്റെടുത്തിട്ടുണ്ടെന്ന് 9 മാസം മുൻപു നിയമസഭയിൽ പറഞ്ഞ സഹകരണ മന്ത്രി കഴിഞ്ഞ ദിവസം സഭയിൽ വീണ്ടും ചോദ്യമുയർന്നപ്പോൾ ആവർത്തിച്ചു: 'വിഷയം സർക്കാരിന്റെ പരിഗണനയിലാണ്'.

നിയമനങ്ങൾ പരീക്ഷാ ബോർഡിനു വിട്ടാൽ പിൻവാതിൽ നിയമനങ്ങൾ നിലയ്ക്കുമെന്നതാണു തീരുമാനം 'ഫ്രീസറി'ലാകാൻ കാരണം. സഹകരണ സംഘങ്ങളിലെ പ്യൂൺ, അറ്റൻഡർ, ഡ്രൈവർ തസ്തികകളിൽ പാർട്ടി അണികളെ തിരുകിക്കയറ്റുകയാണ് പതിവ്. 300 കോടി രൂപയുടെ ക്രമക്കേട് സംശയിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ രാഷ്ട്രീയ പിൻവാതിൽ നിയമനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

സഹകരണ വകുപ്പിനുള്ളിൽ തന്നെ ഇക്കാര്യം ചർച്ചയായതോടെയാണു നിയമനങ്ങൾ ബോർഡിനു വിടാൻ ധാരണയായത്. എന്നാൽ, സഹകരണ നിയമ സമഗ്ര ഭേദഗതിയിൽ ഇക്കാര്യം പരിഗണനാ വിഷയമായി ഉൾപ്പെടുത്തിയതൊഴിച്ചാൽ മറ്റു നടപടികളൊന്നും നടന്നില്ല.

അതേസമയം കരുവന്നൂർ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിൽ ഉണ്ടായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ബിൽ കൊണ്ടുവരുന്നുണ്ട്. ബാങ്കുകളിലെ നിക്ഷേപം, വായ്പ എന്നിവയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സർക്കാറിന് നേരിട്ട് ഇടപെടാനും പൊലീസ് നടപടികൾ സ്വീകരിക്കാനുമുള്ള വ്യവസ്ഥകൾ ബില്ലിൽ ഉണ്ടാകും. തട്ടിപ്പുകൾക്ക് തടയിടാൻ 1969 ലെ സഹകരണ സംഘം ചട്ടം. സമഗ്രമായി പരിഷ്‌ക്കരിക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതി ബില്ലിൽ ഉൾക്കൊള്ളിച്ചേക്കും.

തട്ടിപ്പ് കണ്ടെത്തിയാൽ ഉടൻ സർക്കാറിന് നേരിട്ടുള്ള ഇടപെടലിലൂടെ നടപടി സ്വീകരിക്കാനുള്ള അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിലവിൽ സഹകരണ വകുപ്പിന്റെ അന്വേഷണം പൂർത്തിയായാൽ മാത്രമേ മറ്റ് അന്വേഷണ ഏജൻസികൾക്ക് ഇടപെടാനാകൂ. ഇതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരാറുണ്ട്. ഇതിനിടയിൽ കുറ്റക്കാർ രക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കി കുറ്റകൃത്യങ്ങൾക്കെതിരെ സത്വര നടപടികൾ സ്വീകരിക്കാൻ സർക്കാറിനുള്ള അധികാരമാണ് ബിൽ നിയമമാകുന്നതിലൂടെ സംജാതമാകുന്നത്.

നിലവിലെ ഓഡിറ്റ് സമ്പ്രദായത്തിൽ വരുത്തേണ്ട പരിഷ്‌ക്കരണ നിർദ്ദേശങ്ങളും ബില്ലിൽ ഉണ്ടാകും. കൺകറന്റ്, വാർഷിക കണക്കെടുപ്പുകൾക്ക് ഗ്രൂപ്പ് ഓഡിറ്റ് നിർബന്ധമാക്കിയേക്കും. ഒരു ഉദ്യോഗസ്ഥൻ ഒരു സംഘത്തിൽ ദീർഘനാൾ ഓഡിറ്ററായി തുടരുന്ന സാഹചര്യവും അനുവദിക്കില്ല.

ഭരണ സമിതി അംഗങ്ങളുടെ കാലാവധി രണ്ടു ടേമായി പരിമിതപ്പെടുത്താനുള്ള വ്യവസ്ഥയും ബില്ലിൽ പ്രതീക്ഷിക്കാം. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വായ്പ, ചിട്ടി വിവരങ്ങൾ അംഗങ്ങളുടെ പൊതുയോഗത്തിൽ വെളിപ്പെടുത്താനുള്ള നിർദ്ദേശവും ഉൾപ്പെടുത്തും. നിർദ്ദിഷ്ട സഹകരണ ബില്ലിലെ ഭേദഗതികൾ നിയമമാകുന്നതിലൂടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.