- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പൽ നിർമ്മാണ ഓർഡറില്ലാതെ വലഞ്ഞപ്പോൾ നഗരത്തിലെ ഓടകൾക്ക് കോൺക്രീറ്റ് മൂടി പണിതു; തൊഴിലാളി സമരത്തിൽ കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്തി; പത്മിനി മുതൽ വിക്രാന്ത് വരെ; തകർച്ചയുടെ നെല്ലിപ്പലകയിൽ നിന്ന് അഭിമാനമായ കൊച്ചി കപ്പൽശാലയുടെ വീരഗാഥ
കൊച്ചി: ഒരിക്കൽ തകർച്ചയുടെ നെല്ലിപ്പലകയിൽ വീണ സ്ഥാപനമാണ് കൊച്ചി കപ്പൽശാല. ആ കഥയാണ് ഐഎൻസ് വിക്രാന്ത് മാറ്റി മറിക്കുന്നത്. ഒരു കപ്പൽ പോലും നിർമ്മിക്കാൻ ഓർഡറില്ലാതെ കൊച്ചി നഗരത്തിലെ ഓടകൾക്ക് കോൺക്രീറ്റ് മൂടി പണിയാനുള്ള ജോലി വരെ ഏറ്റെടുത്ത കൊച്ചി കപ്പൽ നിർമ്മാണ ശാല. ഇവിടെ നിന്നാണ് ഇന്ത്യയുടെ ആദ്യ തദ്ദേശിയ വിമാന വാഹിനി കപ്പൽ പിറന്നത്. ദുരിതകാലത്തെ പ്രതീക്ഷയുടെ ഭാവിയിലേക്ക് മാറ്റിയെടുത്ത കപ്പൽ നിർമ്മാണമാണ് കൊച്ചിയിൽ സംഭവിച്ചത്. ഇനി കൊച്ചിയും തല ഉയർത്തും. കൂടുതൽ യുദ്ധ കപ്പലുകൾ ഇവിടെ പണിയും. അവ നമ്മുടെ രാജ്യത്തിന്റെ അതിർത്തിയും കാക്കും.
അറ്റകുറ്റപ്പണിക്കു പോലും കപ്പലില്ലാത്ത ഭൂത കാലം കൊച്ചിക്കുണ്ടായിരുന്നു. കപ്പലുകൾക്കു പകരം ചില ഓയിൽ റിഗുകൾ നിർമ്മിക്കാനുള്ള ഓർഡറുകളാണ് ആശ്വാസമായി മാറിയത്. തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത് നാവികസേനാവ്യൂഹത്തിൽ ഉൾപ്പെടുമ്പോൾ സുവർണ ചരിത്രം കുറിക്കുകയാണ് കൊച്ചി കപ്പൽശാല. 2,800 കോടി രൂപയുടെ വികസനപദ്ധതികൾ പൂർത്തിയാക്കി വിക്രാന്തിന്റെ ഇരട്ടിവലിപ്പമുള്ള വിമാനവാഹിനി നിർമ്മിക്കാനുള്ള പ്രാരംഭനടപടികൾ കപ്പൽശാല ആരംഭിച്ചു. അങ്ങനെ കൊച്ചിക്ക് ഇനി കുതിപ്പിന്റെ കാലമാകും.
78ലാണ് ഇവിടെ കപ്പൽ നിർമ്മാണം തുടങ്ങിയത്. 81ൽ ആദ്യ കപ്പൽ നീറ്റിലിറക്കി, എംവി റാണിപത്മിനി. ചരക്കു കപ്പലായിരുന്നു അത്. അതേ വർഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചതും. 90ൽ ഇവിടെ നിർമ്മിച്ച ആദ്യ എണ്ണടാങ്കർ മോട്ടിലാൽ നെഹ്റു നീറ്റിലിറക്കി. മോട്ടിലാൽ നെഹ്റുവിനു ശേഷം കാര്യമായ കപ്പലോർഡർ ഒന്നും ലഭിച്ചില്ല.ഈ സമയത്താണ് ഒരു എൻജിസിക്കുവേണ്ടി റിഗുകൾ നിർമ്മിക്കാൻ ആരംഭിച്ചത്. 2004 ജനുവരിയിലാണ് കപ്പൽ നിർമ്മാണത്തിന് ഓർഡർ ലഭിച്ചത്.
ബഹാമസിലെ ഒരു കമ്പനിക്കു വേണ്ടി ആറ് എണ്ണടാങ്കറുകൾ നിർമ്മിക്കുക. അതിനൊപ്പം ഓയിൽ റിഗുകളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും നിർമ്മാണവും തുടർന്നു. 2008ൽ നാവിക സേനയുടെ ഐഎൻഎസ് വിരാടിന്റെ അറ്റകുറ്റപ്പണിയും നടത്തി. 2010 ലാണ് തീരരക്ഷാ സേനയ്ക്കു വേണ്ടി 20 അതിവേഗ പട്രോളിങ് വെസലുകൾ നിർമ്മിക്കാൻ ഓർഡർ ലഭിച്ചത്. 2012, 2013ൽ ഷിപ്പിങ് കോർപ്പറേഷനു വേണ്ടി അഞ്ചു ചരക്കു കപ്പലുകളും ലൈബീരിയക്കു വേണ്ടി ഒരു കപ്പലും നിർമ്മിച്ചു.
2013ലാണ് വിക്രാന്ത് എന്ന വിമാനവാഹിനി നിർമ്മിക്കാൻ ഓർഡർ ലഭിച്ചത്. 2014 മാർച്ചിൽ നൂറാമത്തെ കപ്പൽ പണിത് നൽകി. 2015-16ൽ കോസ്റ്റ്ഗാർഡിനു വേണ്ടി ആറ് അതിവേഗ പട്രോൾ വെസലുകൾ പണിതു നൽകി. പിന്നീടാണ് അബുദാബിക്കു വേണ്ടി വൻകിട ബാർജ് പണിയാൻ ഓർഡർ ലഭിച്ചത്. ചരക്കു കപ്പലുകളും റോ റോ വെസലുകളും സൈന്യങ്ങൾക്കു വേണ്ടിയുള്ള ചെറുകിട കപ്പലുകളും മറ്റും നിർമ്മിക്കുന്ന പദ്ധതികളുമായി കപ്പൽശാല മുന്നേറുകയാണ്. മറ്റൊരു വിമാനവാഹിനിയും നാവിക സേനയ്ക്കായി മൂന്നു യുദ്ധക്കപ്പലുകളും നിർമ്മിക്കാനുള്ള കരാറുകളും കപ്പൽശാല നേടിക്കഴിഞ്ഞു.
വിക്രാന്ത് സേനാവ്യൂഹത്തിൽ ചേർന്നതോടെ ആഗോള കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി വിപണിയിൽ നിന്ന് ഓർഡറുകൾ നേടുകയാണ് ലക്ഷ്യം. ഓർഡർ ലഭിച്ചാൽ 70,000 ടൺ ഭാരമുള്ള വിമാനവാഹിനിയുടെ നിർമ്മാണം അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കും. പ്രാഥമികരൂപരേഖ തയ്യാറാക്കി നാവികസേനയുമായി ചർച്ച ആരംഭിച്ചു. വിമാനവാഹിനികളുടെ അറ്റകുറ്റപ്പണി നടത്തിയ പരിചയവും ധൈര്യവും മുതലാക്കിയാണ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് വിക്രാന്തിന്റെ രൂപകല്പന നിർവഹിച്ചത്.
2004ൽ ഓർഡർ ലഭിച്ചെങ്കിലും 2005 ഏപ്രിലിലാണ് നിർമ്മാണം ആരംഭിച്ചത്. ഉന്നതനിലവാരമുള്ള ഉരുക്ക് ലഭിക്കാൻ വൈകിയതാണ് കാരണം. 2009 ഫെബ്രുവരിയിൽ കീലിട്ട് 2013ൽ ആദ്യഘട്ടം പൂർത്തിയാക്കി 2020ന് കപ്പൽ നീറ്റിലിറക്കി.ഡിസൈൻ തയ്യാറാക്കിയ ശേഷം വികസിപ്പിച്ച സാങ്കേതികവിദ്യകളും വിക്രാന്തിൽ ചേർത്തു. യുദ്ധവിമാനങ്ങൾ ഇറങ്ങാനും പറക്കാനും ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് സ്വീകരിച്ചത്. 500-ാളം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
970 കോടിയുടെ വെല്ലിങ്ടൺ യാർഡിലെ അന്താരാഷ്ട്ര അറ്റകുറ്റപ്പണി കേന്ദ്രം പൂർത്തിയാകുമ്പോൾ വൻകിട കപ്പലുകൾ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയും. 30 വർഷമായി കപ്പൽശാല തുടർച്ചയായി ലാഭത്തിലാണ്. 6,500 കോടി രൂപയുടെ ഓർഡറുകളാണ് നിലവിലുള്ളത്. അടുത്ത അഞ്ചുവർഷത്തിനകം കൊച്ചി കപ്പൽശാല കപ്പൽ അറ്റകുറ്റപ്പണികളുടെ ആഗോളകേന്ദ്രമായി മാറുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ പറയുന്നു.
2,800 കോടി രൂപയുടെ വികസനപദ്ധതികൾ നടക്കുന്നു. ഇതുവഴി മൂവായിരം തൊഴിലവസരങ്ങൾ ലഭ്യമാക്കും. വെല്ലിങ്ടൺ യാർഡിലെ ഇന്റർനാഷണൽ ഷിപ്പ്‌റിപ്പയർ ഫെസിലിറ്റി (ഐ.എസ്.ആർ.എഫ്) 2023 ഡിസംബറിൽ സജ്ജമാകും. 970 കോടിയുടെ പദ്ധതിയാണിത്. ഇതോടനുബന്ധിച്ച് മാരിടൈം പാർക്കുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കപ്പൽശാലയുടെ ഏഴു യൂണിറ്റുകളും ലാഭത്തിലാണ്.
കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും വഴി 4,400 കോടി രൂപയുടെ വരുമാനവളർച്ച നേടി. അഞ്ചുവർഷത്തിനകം വരുമാനം ഇരട്ടിയാകുമെന്ന് കരുതുന്നു. 6,500 കോടി രൂപയുടെ ഓർഡറുകളാണ് നിലവിലുള്ളത്. അമേരിക്ക, നോർവെ എന്നിവിടങ്ങളിൽ നിന്നും ഓർഡറുകളുണ്ട്.ഈ രംഗത്ത് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമായി സഹകരിക്കാനും കോഴിക്കോട് ഐ.ഐ.എമ്മുമായി ധാരണയുണ്ട്. ചെന്നൈ ഐ.ഐ.ടിയുമായും ഉടൻ ധാരണാപത്രം ഒപ്പുവയ്ക്കും.
തൊഴിലാളി സമരങ്ങൾ മൂലം കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്താൻ കപ്പൽശാലയ്ക്ക് കഴിഞ്ഞു. ഹർത്താൽ ഒഴികെ 35 വർഷത്തിനിടെ സ്ഥിരംതൊഴിലാളികൾ ഒരുദിവസം പോലും പണിമുടക്കിയിട്ടില്ലെന്നും മധു എസ് നായർ പറയുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ