കോയമ്പത്തൂർ: രാജ്യത്തെ നടുക്കിയ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയ്ക്ക് ഇന്നു കാൽനൂറ്റാണ്ടു തികയും. ദക്ഷിണേന്ത്യയിലേക്ക് തീവ്രവാദത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ ആദ്യത്തെ സംഭവമായിരുന്നു കോയമ്പത്തൂർ സ്‌ഫോടനം. കേസിൽ പ്രതിപ്പട്ടികയിലെ മുജീബുർ റഹ്മാൻ, ടെയ്ലർ രാജ എന്നിവരെ ഇനിയും കണ്ടെത്താനായില്ല. 167 പ്രതികളുണ്ടായിരുന്ന കേസിൽ 153 പേരാണു ശിക്ഷിക്കപ്പെട്ടത്. ഈ കേസിലാണ് പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിക്ക് 9 വർഷവും 3 മാസവും ജയിലിൽ കഴിയേണ്ടിവന്നത്. അദ്ദേഹത്തെ പിന്നീടു വിട്ടയച്ചു.

1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളിൽ 58 പേർ മരിക്കുകയും ഇരുനൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. അന്നത്തെ ബിജെപി അധ്യക്ഷൻ എൽ.കെ.അഡ്വാനി ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുൻപ്, ആർഎസ് പുരം ഡിബി റോഡ് ജംക്ഷനിൽ അദ്ദേഹത്തിനായി ഒരുക്കിയ വേദിക്കു സമീപം വൈകിട്ട് 4.20ന് ആയിരുന്നു ആദ്യ സ്‌ഫോടനം.

1997 നവംബർ 29നു ട്രാഫിക് കോൺസ്റ്റബിൾ ശെൽവരാജിനെ അൽ ഉമ്മ പ്രവർത്തകർ വധിച്ചതിനെത്തുടർന്നുണ്ടായ കലാപത്തിലും പൊലീസ് വെടിവയ്പിലും 18 പേർ മരിച്ചു. ഇതിനു പകരം വീട്ടാൻ അൽ ഉമ്മ ആസൂത്രണം ചെയ്തതാണു സ്‌ഫോടനങ്ങൾ എന്നായിരുന്നു കേസ്. അൽ ഉമ്മ സംഘടനയെ നിരോധിച്ചു. സ്ഥാപകനും പ്രസിഡന്റുമായ എസ്.എ.ബാഷ, ജനറൽ സെക്രട്ടറി മുഹമ്മദ് അൻസാരി എന്നിവർ ജീവപര്യന്തം തടവുകാരായി ഇപ്പോഴും ജയിലിലാണ്.

1998 മാർച്ച് 31നാണ് മഅ്ദനിയെ എറണാകുളത്തെ കലൂരിലുള്ള വസതിയിൽ നിന്ന് ആദ്യമായി അറസ്റ്റ് ചെയ്തത്. മുതലക്കുളം മൈതാനിയിൽ മതസ്പർധയുളവാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസിൽ കണ്ണൂർ ജയിലിൽ കഴിയുന്നതിനിടെ 60 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസ് ചുമത്തി അതേവർഷം ഏപ്രിൽ നാലിന് കോയമ്പത്തൂർ പൊലീസിന് കൈമാറി. ഈ കേസിൽ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചു. സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും കോയമ്പത്തൂർ സ്ഫോടന കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി.

നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സേലം ജയിലിൽ പൊലീസുമായി ഏറ്റുമുട്ടിയെന്ന കേസുൾപ്പെടെ നിരവധി കേസുകളും ചുമത്തപ്പെട്ടു. കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് പലവട്ടം ആവശ്യമുന്നയിച്ചെങ്കിലും അതെല്ലാം തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീർപ്പാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം വന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു. 2500 സാക്ഷികളുള്ള കേസ് നിരങ്ങിനീങ്ങിയതോടെ മഅ്ദനി പ്രമേഹത്തിനും ഹൃദ്രോഗത്തിനും അടിമയായി. മതിയായ ചികിത്സ പോലും നിഷേധിക്കപ്പെട്ടു. ഒടുവിൽ ഒമ്പത് വർഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് 2007 ഓഗസ്റ്റ് ഒന്നിന് ജയിൽ മോചിതനായി.

പിന്നീട് 2008 ജൂലൈ 25ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് 2010 ഓഗസ്റ്റ് 17ന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2011 ഫെബ്രുവരി 11ന്  കർണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും വിചാരണ നടപടികൾ വൈകുന്നത് പരിഗണിച്ച് സുപ്രീം കോടതി മഅ്ദനിക്ക് സ്ഥിരമായ ജാമ്യം അനുവദിച്ചു. എന്നാൽ, ബെംഗളൂരു നഗരം വിട്ടുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇതോടെ ആശുപത്രിയിൽ കഴിയുകയാണ് മഅ്ദനി.