- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ഗീത മൊഴിയെടുത്തപ്പോഴോ മാധ്യമങ്ങള്‍ക്ക് മുന്പിലോ പറയാത്ത ആരോപണം പോലീസിനോട് പറഞ്ഞത് ദിവ്യയെ രക്ഷിക്കാനെന്ന് സൂചന; രാവിലെ തന്നെ വിവരം അറഞ്ഞിട്ടും നവീന്‍ ബാബുവില്‍ നിന്ന് മറച്ച് വച്ചത് ഗൂഢാലോചന; കുറ്റ സമ്മത വാദം കോടതി തള്ളിയതോടെ പ്രതിക്കൂട്ടിലാകുന്നത് കളക്ടര്‍ അരുണ്‍ കെ വിജയന്‍; കളക്ടറും പ്രതിയാകേണ്ട സാഹചര്യം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയനും ഗൂഡാലോചനയില്‍ പങ്കെന്ന വാദം ശക്തമാകുന്നു. നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണത്തില്‍ കളക്ടര്‍ ഇരട്ട നിലപാട് എടുത്തുവെന്ന് വ്യക്തമാണ്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ ശ്രമിച്ചുവെന്ന ആരോപണം ശക്തമാക്കുന്ന മൊഴി പുറത്തു വന്നിരുന്നു. ഇതോടെ യാത്ര അയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ എത്തിയത് ദുരൂഹമായി മാറുന്നു. കളക്ടറുടെ ഇടപെടലും നവീന്‍ ബാബുവിന്റെ മരണത്തിന് കാരണമായിട്ടുണ്ട്. ദിവ്യയ്‌ക്കൊപ്പം ജില്ലാ കളക്ടര്‍ ആയ മേലുദ്യോഗസ്ഥന്റെ രീതികളും നവീന്‍ ബാബുവിനെ സ്വാധീനിച്ചു. നവീന്‍ ബാബുവിന്റെ മരണം അറിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ ഓടിയെത്തിയ കളക്ടറുടെ നേതൃത്വത്തില്‍ തെളിവ് നശീകരണം നടന്നുവെന്ന സംശയവും വ്യാപകമാണ്. അതിവേഗ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവുമെല്ലാം സംശയത്തിലാവുകയാണ്. എന്നാല്‍ അന്വേഷണം പിപി ദിവ്യയില്‍ ചുരുക്കാനാണ് പോലീസ് നീക്കം. കണ്ണൂരിലെ എഡിഎമ്മിന്റെ മരണത്തിലെ സത്യം കണ്ടെത്താന്‍ സിബിഐ എന്ന അനിവാര്യതയിലേക്ക് ചര്‍ച്ച എത്തുകയാണ്. ഇതിനെല്ലാം കാരണം ദിവ്യയുടെ ജാമ്യം തള്ളല്‍ വിധിയില്‍ കളക്ടറുടെ ഇടപെടലുകള്‍ ദരൂഹമാണെന്ന സൂചനയുള്ളതു കൊണ്ട് കൂടിയാണ്. കളക്ടറെ സര്‍ക്കാര്‍ കൈവിടുന്നില്ലെന്നതും ശ്രദ്ധേയാണ്. നവീന്‍ ബാബു മരിച്ചിട്ടും ഇത്രയും ദിവസം കളക്ടറെ കണ്ണൂരില്‍ നിന്നും മാറ്റാത്ത സര്‍ക്കാര്‍ നിലപാടും സംശയങ്ങള്‍ക്ക് പുതുമാനം നല്‍കുന്നു.
ഒരു യാത്രയയപ്പ് യോഗം, സ്വസ്ഥതയും സന്തോഷവും തകര്‍ത്തെറിഞ്ഞത് മലയാലപ്പുഴ കാരുവള്ളില്‍ വീട്ടിലേതാണ്. ഈ വിവാദത്തില്‍ കളക്ടറെ എന്നും സംശയ നിഴലില്‍ നിര്‍ത്തുകയാണ് നവീന്‍ ബാബുവിന്റെ കുടുംബം ചെയ്തത്. എന്നിട്ടും സര്‍ക്കാര്‍ കളക്ടര്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. ഇതിനിടെയാണ് ജാമ്യ ഹര്‍ജി വിധിയില്‍ കളക്ടറുടെ നിലപാടിനെ കോടതി തന്നെ ചോദ്യം ചെയ്തത്. ഇതോടെ നവീന്‍ ബാബുവിന്റെ ഭാര്യയുടെ കളക്ടര്‍ക്കെതിരായ നിലപാടിന് പ്രസക്തിയും കൂടി. സ്റ്റാഫ് കൗണ്‍സില്‍ നടത്തിയ യോഗമായിരുന്നു. അവിടെ ദിവ്യ എത്തി സംസാരിച്ചതും ലോക്കല്‍ ചാനലിനെ ഉപയോഗിച്ച് അതെല്ലാം ചിത്രീകരിച്ചതും ശരിയായില്ല. കളക്ടറായിരുന്നു അധ്യക്ഷന്‍. ആക്ഷേപം ഉണ്ടായപ്പോള്‍ കളക്ടര്‍ക്ക് ഇടപെടാമായിരുന്നു. കളക്ടര്‍ മിണ്ടാതിരുന്നപ്പോള്‍ താന്‍ തെറ്റു ചെയ്‌തെന്ന് എല്ലാവരും കരുതുന്നുണ്ടാവാമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും. കളക്ടര്‍ വീട്ടില്‍ വരേണ്ടെന്ന് പറഞ്ഞത്, എനിക്ക് താങ്ങാവുന്നതിനപ്പുറമുള്ള ആഘാതം ഉണ്ടായതിനാലാണ്. ഒക്ടോബര്‍ നാലിന് വിടുതല്‍ ചെയ്യേണ്ടിയിരുന്ന അദ്ദേഹത്തെ പിടിച്ചുനിര്‍ത്തിയത് മരണത്തിലേക്ക് തള്ളിവിടാന്‍ വേണ്ടിയായിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് ഹൃദയംപൊട്ടുന്നതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറയുന്നു. കളക്ടറുടെ ഗൂഡാലോചനയില്‍ കുടുംബത്തിന് വ്യക്തമായ സംശയങ്ങളുണ്ടെന്നതിന് തെളിവാണ് ഇത്. എന്നിട്ടും ഒരു ചെറിയ സ്ഥലം മാറ്റത്തിന് പോലും അരുണ്‍ കെ വിജയനെ വിധേയനാക്കുന്നില്ല സര്‍ക്കാര്‍ എന്നതും ശ്രദ്ധേയം.
തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനു നല്‍കിയ മൊഴി പുറത്ത് വരുമ്പോള്‍ പല സംശയവും ഉയരുന്നു. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി. ഒരു പക്ഷേ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നവീന്‍ ബാബു പറഞ്ഞതുമാകും. നിബന്ധനകള്‍ക്ക് വിധേയമായി എന്‍ഒസി അനുവദിച്ചത് തന്നെ നവീന്‍ ബാബുവിന്റെ അഴിമതി വിരുദ്ധതയ്ക്ക് തെളിവാണ്. എന്നാല്‍ അതിനെ ദിവ്യയ്ക്ക് അനുകൂലമാക്കാനുള്ള ശ്രമായി കളക്ടറുടെ മൊഴി വിലയിരുത്തപ്പെടുന്നു. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ഉന്നയിച്ചിരുന്നു. ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കാനായൊരു പോയിന്റായി അത് മാറി എന്നതാണ് വസ്തുത. വകുപ്പ് തല അന്വേഷണത്തില്‍ നവീന്‍ ബാബുവിനെ കുറിച്ച് നല്ലതു മാത്രമാണ് കളക്ടര്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് പോലീസിന് നല്‍കിയ മൊഴി വിവാദമായി മാറുന്നത്.
യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീത നല്‍കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്. ഇതു കൊണ്ടാണ് പോലീസിലെ മൊഴിക്ക് ഗൂഡാലോചനാ സ്വഭാവം വരുന്നത്. ഇതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് തന്നെയാണ് നവീന്‍ ബാബുവിനെ സ്‌നേഹിക്കുന്നവര്‍ കരുതുന്നത്. ഇതിനൊപ്പം മറ്റൊരു വിഷയവുമുണ്ട്. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി.പി.ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നു കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ രാവിലെ കളക്ടറോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പറഞ്ഞ കാര്യം ആ സമയം എഡിഎമ്മിന്റെ ശ്രദ്ധയില്‍ കളക്ടര്‍ പെടുത്തിയില്ല. അതു ചെയ്യാത്തതും ദിവ്യയുടെ പ്രസംഗം കേട്ട് നവീന്‍ ബാബു ഞെട്ടട്ടേ എന്ന ചിന്തയിലാണെന്ന വാദവും സജീവം.
ചടങ്ങ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കളക്ടര്‍ അരുണ്‍ കെ വിജയന്‍ വാദങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുയാണ്. ഇതോടെ പോലീസ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത കൂടി. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും കളക്ടര്‍ പറഞ്ഞു, അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യം ചെയ്യലിനിടെ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതല്‍ക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്. ഇതും എല്ലാം കളക്ടര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന വാദമാണ് ശക്തമാക്കുന്നത്.
'സത്യം സത്യമായി പറയാന്‍ വേണ്ടിയാണ് പോലീസിന് മൊഴി നല്‍കിയത്. എന്റെ മൊഴി അന്വേഷണത്തിലെ പ്രധാന ഭാഗമായതിനാല്‍ ആ മൊഴി പുറത്തുപറയുന്നില്ല. വിധിയില്‍ ഞാന്‍ പറഞ്ഞതായി പറയുന്ന ആ കാര്യം ശരിയാണ്.'' ''എന്റെ മൊഴി പുറത്തുപറഞ്ഞാല്‍ അന്വേഷണത്തെ ബാധിക്കും. എന്റെ പ്രസ്താവന പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എല്ലാം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവട്ടെ. പറയാനുള്ളത് പറഞ്ഞു. ബാക്കി കാര്യം പോലീസാണ് കണ്ടുപിടിക്കേണ്ടത്.'' - കളക്ടര്‍ പറഞ്ഞു. യാത്രയയപ്പു ചടങ്ങില്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് എഡിഎമ്മിനെതിരെ ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ എഡിഎം നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായാണ് കളക്ടര്‍ പോലീസിന് മൊഴി നല്‍കിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് നല്‍കിയ മൊഴിയിലാണ് ഈ കാര്യം പറഞ്ഞത്.
എന്നാല്‍ കളക്ടറുടെ ഈ മൊഴി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി ഈ വാക്കുകള്‍ കണക്കാക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തന്റെ വാദങ്ങള്‍ക്ക് ശക്തി പകരാന്‍ വേണ്ടിയാണ് ദിവ്യ തന്റെ ഹര്‍ജിയില്‍ പോലീസിന് കളക്ടര്‍ നല്‍കിയ മൊഴി ചേര്‍ത്തിരുന്നത്.