- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല; 25 വയസിലാണ് ആളുകൾക്ക് പക്വത വരുന്നത്; അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം; ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങളെ ന്യായീകരിച്ചു ഹൈക്കോടതിയിൽ ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലം
കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഹൈക്കോടതിയിൽ ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലം. ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ വ്യക്തമാക്കി. 25 വയസിലാണ് ആളുകൾക്ക് പക്വത വരുന്നതെന്നും അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ലെന്നും സർവകലാശാല ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
രാജ്യാന്തര തലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 25 വയസിലാണ് ഒരാൾക്ക് പൂർണമായ പക്വത വരികയെന്നും അവർ അതിന് മുമ്പ് എടുക്കുന്ന എന്ത് തീരുമാനങ്ങൾക്കും മാർഗ നിർദ്ദേശം നൽകേണ്ടതുണ്ട് എന്ന് ആരോഗ്യ സർവകലാശാല സത്യവാങ്മൂലത്തിൽ പറഞ്ഞു. പഠിക്കുന്നതിനാണ് അവർ ഹോസ്റ്റലിൽ നിൽക്കുന്നത് നൈറ്റ് ലൈഫ് ആസ്വദിക്കേണ്ടതില്ല എന്നും രാത്രിയിൽ പുറത്തിറങ്ങേണ്ടതില്ല എന്നും സർവകലാശാല പറയുന്നു. 9 മണിക്ക് കോളേജുകളിലെ ലൈബ്രറികൾ അടയ്ക്കും അതുകൊണ്ട് 9.30 യ്ക്ക് ഹോസ്റ്റലിൽ പ്രവേശിക്കണം എന്ന് പറയുന്നതിൽ യാതൊരുവിധ തെറ്റുമില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
രാത്രി 11നു ശേഷവും റീഡിങ് റൂമുകൾ തുറന്നുവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിനാണ് സർവകലാശാലയുടെ മറുപടി. അതേസമയം, മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ക്യാംപസുകളിലെ റീഡിങ് റൂമുകൾ രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ സർക്കാരിനോടു വിശദീകരണം തേടി. കുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിങ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാത്രി 9.30ന് ശേഷം കുട്ടികൾക്കു ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാമോ എന്ന കാര്യത്തിലും സർക്കാർ മറ്റന്നാൾ നിലപാടറിയിക്കണം. രാത്രി 9.30നു ശേഷം മൂവ്മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. രണ്ടാം വർഷം മുതലുള്ള വിദ്യാർത്ഥികൾക്കാണ് ഇതു ബാധകം.
രാത്രി 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങുന്നതു വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ ഹർജി നൽകിയിരുന്നു. ഇതു ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശനത്തിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ