പാലക്കാട്: ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്വകാര്യ കോളജ് അധ്യാപിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആന്‍സി (36) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജംക്ഷന് സമീപമാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആന്‍സിയെ അജ്ഞാത വാഹനം ഇടിച്ചുത്തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ആന്‍സിയുടെ ഒരു കൈ അറ്റുപോയ നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ ആന്‍സി മരണപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് മേല്‍നടപടികള്‍ക്കായി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോളജിലെ ഓണാഘോഷങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോകുകയായിരുന്ന ആന്‍സിയുടെ വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തീരാദുഃഖമായി.