- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുമതത്തിൽ ദളിത് വിഭാഗങ്ങൾ നേരിടുന്ന രീതിയിൽ തൊട്ടുകൂടായ്മ ഉൾപ്പെടെയുള്ള വിവേചനത്തിന് മറ്റ് മതങ്ങളിലെ ദളിതരും വിധേയരാണെന്ന് കണ്ടത്തിയത് രംഗനാഥ് മിശ്ര കമ്മിഷൻ; മതപരിവർത്തനം മൂലം പട്ടികജാതി പദവി നഷ്ടപ്പെട്ടവർക്ക് അതു പുനഃസ്ഥാപിക്കുന്നത് പഠിക്കാൻ ഇന്ന് ബാലകൃഷ്ണൻ കമ്മീഷൻ; സംവരണത്തിൽ ബിജെപി ചുവടുമാറ്റുമോ? കേന്ദ്രസർക്കാരിന്റേത് അപ്രതീക്ഷിത നീക്കം
ന്യൂഡൽഹി: ക്രൈസ്തവരെ കൂടെ നിർത്തി 2024ൽ ജയിച്ചു കയറാൻ കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവ പിന്തുണ ബിജെപിക്ക് അനിവാര്യതയായി മാറുന്നു. ഇതിന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് ഉയരുന്ന വിലയിരുത്തൽ. മതപരിവർത്തനം മൂലം പട്ടികജാതി പദവി നഷ്ടപ്പെട്ടവർക്ക് അതു പുനഃസ്ഥാപിക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ കേന്ദ്ര സർക്കാർ നിയമിച്ചത് ഇതിന്റെ ഭാഗമാണ്.
മുൻ ഐഎഎസ് ഓഫിസർ ഡോ. രവീന്ദർ കുമാർ, യുജിസി അംഗം പ്രഫ. സുഷമ യാദവ് എന്നിവരാണ് മറ്റ് അംഗങ്ങൾ. 2 വർഷത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹി ആയിരിക്കും. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 1950 ലെ ഭരണഘടനാ ഉത്തരവു പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതക്കാരല്ലാത്ത ദലിതർക്ക് പട്ടികജാതി പദവിയില്ല. ക്രിസ്ത്യൻ, മുസ്‌ലിം മതങ്ങളിലേക്കു പരിവർത്തനം ചെയ്ത ദലിതർക്ക് പരമ്പരാഗതമായി പട്ടികജാതിക്കാരാണെങ്കിലും പട്ടികജാതി പദവിയോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
ഇതിനെതിരെ ഒട്ടേറെ നിവേദനങ്ങൾ നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. ദീർഘകാലമായുള്ള ഈ ആവശ്യത്തിൽ തീർപ്പുണ്ടാക്കാനാണ് ഇപ്പോൾ സമിതിയെ നിയമിച്ചത്. മതപരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി പുനഃസ്ഥാപിച്ചു നൽകിയാൽ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളും പഠനവിധേയമാക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. ഈ പഠന ഫലമായി ഏതെങ്കിലും സമുദായത്തിന് പട്ടിക ജാതി പദവി നഷ്ടമാകുമോ എന്ന സംശയവും ഉണ്ട്. ഏതായാലും ദളിതരേയും ക്രൈസ്തവ വിഭാഗത്തിലുള്ള ദളിതരേയും കൂടെ നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പരിവർത്തനത്തിന് വിധേയരായ പട്ടികജാതിക്കാരുടെ ജീവിത നിലവാരം ഉയർന്നിട്ടില്ല. ഇതും കേന്ദ്ര നീക്കത്തിന് പ്രചോദനമാണ്.
ഹിന്ദു, സിഖ്, ബുദ്ധമതങ്ങൾ അല്ലാതെ മറ്റു മതങ്ങളിൽ പെട്ടവർക്കൊന്നും പട്ടികജാതി പദവിക്ക് അർഹതയില്ലെന്നാണ് 1950ലെ പ്രസിഡൻഷ്യൽ ഉത്തരവിൽ പറയുന്നത്.. ചരിത്രപരമായി പട്ടികജാതിക്കാർ ആയിരിക്കുകയും ഈ ഉത്തരവിൽ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യപ്പെട്ടവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക. മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതുകൾ പട്ടികജാതി പദവി ആവശ്യുപ്പെടുന്നുണ്ട്. നിലവിൽ ബിജെപി ഇതിന് എതിരാണ്. അതുകൊണ്ടാണ് പുതിയ കമ്മീഷനെ നിയമിക്കൽ അപ്രതീക്ഷിതവും ശ്രദ്ധേയവുമാകുന്നത്. പുതിയ വിഭാഗങ്ങൾക്കും പട്ടികജാതി പദവി നൽകുകയാണെങ്കിൽ അതുണ്ടാക്കുന്ന അനന്തരഫലങ്ങളും സമിതി പരിശോധനയ്ക്ക് വിധേയമാക്കും.
മതം മാറിയ ശേഷം ആചാരം. പാരമ്പര്യം. സാമൂഹ്യവിവേചനം, ദാരിദ്ര്യാവസ്ഥ എന്നിവയിൽ ഉണ്ടായ മാറ്റം സമിതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും സമിതിക്ക് പരിശോധിക്കാമെന്ന് സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. രാജ്യത്തെ മത പരിവർത്തിത വിഭാഗങ്ങൾ സംവരണം മതാതീതമായിരിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. പ്രസിഡൻഷ്യൽ ഓർഡറിൽ പരാമർശിക്കാത്ത മതങ്ങളിലേക്ക് മാറുന്നവർക്ക് എസ്സി പദവി നൽകാനാകുമോ എന്നത് പരിശോധിക്കുകയാണ് കമ്മിഷന്റെ പ്രധാന ലക്ഷ്യം.
പട്ടിക ജാതി വിഭാഗവുമായി ബന്ധപ്പെട്ട സാമൂഹിക സാമ്പത്തിക വിഷയങ്ങൾ ഉൾപ്പെടെയുള്ളവയും പരിശോധിക്കും. മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ശേഷം ആചാരപരമായോ സാമൂഹിക, സാമ്പത്തിക വിവേചനങ്ങളോ ഇവർ നേരിടുന്നുണ്ടോ എന്നതായിരിക്കും പ്രധാന പരിഗണനാ വിഷയം. ഇവർക്ക് എസ്സി പദവി നൽകിയാൽ ഉണ്ടാകുന്ന മറ്റ് സാമൂഹിക പ്രത്യാഘാതങ്ങളും കമ്മിഷൻ പരിശോധിക്കും. ഹിന്ദു, സിഖ്, ബുദ്ധ ഇതര മതം സ്വീകരിക്കുന്ന ഒരു വ്യക്തിയെയും പട്ടികജാതികളിൽ അംഗമായി കണക്കാക്കാൻ പാടില്ല എന്നാണ് ഭരണഘടനാ (പട്ടികജാതി) ഉത്തരവിന്റെ മൂന്നാം ക്ലോസിൽ പറയുന്നത്.
വിഷയം അടിസ്ഥാനപരവും ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും ഭരണഘടനാപരവുമായ ചോദ്യമാണെന്നും വിശദമായ പഠനവും വിപുലമായ കൂടിയാലോചനയും വേണ്ടതാണെന്നും കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു. മതാതീതമായി ദളിത് വിഭാഗക്കാർക്ക് പട്ടികജാതി സംവരണം നൽകണമെന്ന ആവശ്യം രണ്ട് പതിറ്റാണ്ടിലേറെയായി സുപ്രീം കോടതിക്ക് മുന്നിലുണ്ട്. സെന്റർ ഫോർ പബ്ലിക് ലിറ്റിഗേഷൻ 2004ൽ സമർപ്പിച്ച ഹർജിയിൽ ക്രൈസ്തവ സഭകളടക്കം കക്ഷിചേർന്നിട്ടുമുണ്ട്. കേസ് വീണ്ടും ഈ മാസം 11ന് പരിഗണിക്കാനിരിക്കെയാണ് പുതിയ സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചിരിക്കുന്നത്.
ഹിന്ദുമതത്തിൽ ദളിത് വിഭാഗങ്ങൾ നേരിടുന്ന രീതിയിൽ തൊട്ടുകൂടായ്മ ഉൾപ്പെടെയുള്ള വിവേചനത്തിന് മറ്റ് മതങ്ങളിലെ ദളിതരും വിധേയരാണെന്ന് 2007ൽ രംഗനാഥ് മിശ്ര കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മറ്റ് മതങ്ങൾ സ്വീകരിച്ച ദളിതർക്ക് സംവരണം നൽകണമെങ്കിൽ മതപരിവർത്തനത്തിന് മുമ്പ് പിന്തുടർന്നു പോന്ന പാരമ്പര്യവും ആചാരങ്ങളും പിന്തുടരണമെന്നായിരുന്നു 2011ൽ ദേശീയ പട്ടികജാതി കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ച നിലപാട്. 2011ലെ സെൻസസ് പ്രകാരം രാജ്യത്തെ ക്രിസ്ത്യൻ, മുസ്ലിം ജനസംഖ്യ യഥാക്രമം 2.4 കോടി (2.34 ശതമാനം) 13.8 കോടി (13.43 ശതമാനം) എന്നിങ്ങനെയാണ്.
എന്നാൽ പട്ടിക ജാതി വിഭാഗത്തിൽ നിന്നും ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലേക്ക് മതപരിവർത്തനം നടത്തിയവരുടെ കണക്ക് ഔദ്യോഗികമായി നിലവിൽ ലഭ്യമല്ല.
മറുനാടന് മലയാളി ബ്യൂറോ