കോന്നി: വീട്ടുമുറ്റത്ത് കിടക്കുന്ന 2005 മോഡൽ മാരുതി ഓൾട്ടോ കാർ. വല്ലപ്പോഴും കോന്നി വരെ അതിൽ പോകും. പക്ഷേ, ഇതേ വാഹനത്തിന് ഇടുക്കി ജില്ലയിലെ മുരിക്കാശേരിയിലെ ഒരു എ.ഐ കാമറയിൽ നിന്ന് ട്രാഫിക് നിയമലംഘനത്തിന് തുടരെ കിട്ടിയത് മൂന്ന് പെറ്റി. ഒറ്റ ദിവസം രണ്ടു തവണ ഒരേ കാമറയിൽ നിന്ന് പെറ്റി കിട്ടി. മൂന്നു തവണയും സീറ്റ് ബെൽറ്റില്ലെന്ന കാരണത്താലാണ് 500 രൂപ വീതം പിഴ വന്നിരിക്കുന്നത്. കോന്നി അട്ടച്ചാക്കൽ പേരങ്ങാട്ട് രാജേഷ് ആർ. കോശിയുടെ കെ.എൽ.03 എം 4940 എന്ന മാരുതി ഓൾട്ടോ കാറിനാണ് പെറ്റി കിട്ടിയിരിക്കുന്നത്.

ഇതേ നമ്പരോടു കൂടിയ കാറാണ് ഇ-ചെല്ലാനിലും കാണുന്നത്. പക്ഷേ, അത് മാരുതി 800 കാറാണ്. ആദ്യപെറ്റി ജൂലൈ 17 ന് വൈകിട്ട് 6.44 നാണ്. മറ്റൊന്ന് ജൂൺ 23 നാണ് രാത്രി 7.45 നാണ്. ഇതേ ദിവസം മറ്റൊരു പെറ്റി കൂടി വന്നിട്ടുണ്ട്. ആദ്യം പെറ്റി കിട്ടിയപ്പോൾ തന്നെ തന്റെ വാഹന നമ്പരിൽ മറ്റൊരു വാഹനം ഓടുന്നുണ്ടെന്നും അതിൽ നടത്തിയ നിയമലംഘനത്തിന് തനിക്ക് പിഴ അടയ്ക്കാൻ നോട്ടീസ് വന്നുവെന്നും കാട്ടി രാജേഷ് കോന്നി പൊലീസിലും ജോയിന്റ് ആർ.ടി.ഓഫീസിൽ പരാതി നൽകി.

ഇടുക്കിയിൽ ഓടുന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും നടപടി സ്വീകരിക്കാമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ രാജേഷിന് ഉറപ്പ് കൊടുത്തരുന്നു. എന്നാൽ, ഇന്ന് രണ്ട് പെറ്റി ഒന്നിച്ചു കിട്ടിയതോടെ രാജേഷ് വീണ്ടും ആർ.ടിഓഫീസിനെ സമീപിച്ചു. തങ്ങൾ ഇടുക്കി ആർടിഓയ്ക്ക് വിവരം കൈമാറിയിരുന്നുവെന്നും അവർ നടപടി എടുത്തതായി അറിയില്ലെന്നുമാണ് കോന്നിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. വീണ്ടും അവിടേക്ക് വിവരം കൈമാറാമെന്നും അതു വരെ പിഴ തുക അടയ്ക്കേണ്ടെന്നുമാണ് രാജേഷിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, ഇത് പിന്നീട് തനിക്ക് പണിയാകുമോ എന്ന പേടിയിലാണ് രാജേഷ്.