തിരുവനന്തപുരം: മാതൃഭൂമി കൊല്ലം ലേഖകനായിരുന്ന ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന കേസില്‍ ഹാജരാകുന്ന പ്രതികളെയും സാക്ഷികളെയും മുന്‍പ് ഇതേ കേസില്‍ പ്രതിയായിരുന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് വഞ്ചിയൂര്‍ പോലീസില്‍ പരാതി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അഞ്ചാം പ്രതിയായിരിക്കുകയും പിന്നീട് സിബിഐ കോടതി വിചാരണ കൂടാതെ ഒഴിവാക്കി വിടുകയും ചെയ്ത മുന്‍ എസ്.പി. എന്‍. അബ്ദുള്‍ റഷീദിനെതിരേയാണ് മൂന്നു പ്രതികള്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ നടപടിയെടുക്കാതെ പോലീസ് ഉരുണ്ടു കളിക്കുകയാണ്.

തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന എസ് സി 1357/2013 കേസിലെ ആറാം പ്രതി സന്തോഷ് കുമാര്‍, രണ്ടാം പ്രതി വി.ആര്‍. ആനന്ദ്, മൂന്നാം പ്രതി ഷെഫീഖ് എന്നിവരാണ് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐ അബ്ദുള്‍റഷീദിനെ അഞ്ചാം പ്രതിയാക്കുകയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 90 ദിവസം റഷീദ് റിമാന്‍ഡില്‍ കഴിഞ്ഞു. അതിന് ശേഷം പുറത്തിറങ്ങിയ ഇയാളെ പിന്നീട് സിബിഐ കോടതി വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. ഏറെ പ്രയത്നിച്ച്, രാഷ്ട്രീയ പിന്തുണയോടെ ഇയാള്‍ ഐപിഎസും നേടിയെടുത്തു. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരികയാണ്.

എപ്പോഴൊക്കെ സിബിഐ കോടതിയില്‍ ഉണ്ണിത്താന്‍ വധശ്രമക്കേസ് പോസ്റ്റ് ചെയ്യുന്നുണ്ടോ അപ്പോഴൊക്കെ അഭിഭാഷക വേഷത്തില്‍ അവിടെ റഷീദും ഹാജരാകുന്നുവെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ എന്ന നിലയില്‍ ഈ കോടതിയില്‍ റഷീദിന് വക്കാലത്തൊന്നുമില്ല. സിബിഐ പ്രോസിക്യൂട്ടറെ സഹായിക്കുന്നതിന് വേണ്ടിയാണ് താന്‍ കോടതിയില്‍ ഹാജരാകുന്നത് എന്നാണ് ഇയാള്‍ പരാതിക്കാരോട് പറഞ്ഞിട്ടുള്ളത്. അതു കൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുമോ എന്ന് ഭയമുളളതായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സിബിഐ ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് ഇയാള്‍ കേസില്‍ നിന്ന് വിടുതല്‍ വാങ്ങിയതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. കേസിലെ പ്രതികളെയും 161 സ്റ്റേറ്റ്മെന്റ് നല്‍കിയ സാക്ഷികളെയും സ്വാധീനിക്കാന്‍ റഷീദ് ശ്രമിക്കുന്നുണ്ടത്രേ. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയാണ് എന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 16 ന് കേസ് വിളിച്ചപ്പോള്‍ റഷീദിന്റെ ഭാഗത്തു നിന്ന് തങ്ങള്‍ക്ക് ഭീഷണിയുണ്ടായെന്ന് കാട്ടി സന്തോഷ്്കുമാര്‍, ആനന്ദ്, ഷെഫീക് എന്നിവര്‍ സിബിഐ കോടതി ജഡ്ജിക്ക് പ്രത്യേകം പരാതികള്‍ നല്‍കിയിരുന്നു. ഇത് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന് ശേഷം പരാതിക്കാര്‍ കോടതി വിട്ടിറങ്ങിയപ്പോള്‍ ഇവര്‍ക്ക് മുന്നിലെത്തിയ റഷീദ് തടഞ്ഞു നിര്‍ത്തി ഭീഷണി മുഴക്കി എന്നാണ് പരാതി. തനിക്കെതിരേ കോടതിയില്‍ നേരിട്ട് പരാതി പറയാറായോ? വെളിയില്‍ ഇറങ്ങിയാല്‍ നിന്നെയൊക്കെ കാച്ചിക്കളയും എന്നായിരുന്നു ഭീഷണി. നേരത്തേ കേസിലെ മാപ്പുസാക്ഷിയായ കണ്ടെയ്നര്‍ സന്തോഷ് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ഇപ്പോള്‍ നിയൊക്കെ കൂടിയാണെന്നും റഷീദ് പറഞ്ഞുവെന്ന് പരാതിയിലുണ്ട്.

ഭയന്നു പോയ തങ്ങള്‍ വിവിധ വാഹനങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നും കെ.കെ. എക്സ്പ്രസില്‍ സ്വദേശമായ കൊല്ലത്തേക്ക് യാത്ര ചെയ്തപ്പോള്‍ സന്തോഷ്‌കുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് അബ്ദുള്‍ റഷീദ് വിളിച്ചു. നീയൊക്കെ കേരള എക്സ്പ്രസില്‍ ഉണ്ടെന്ന് അറിയാമെന്നും താന്‍ പിന്തുടരുന്നുണ്ടെന്നും കൊല്ലത്ത് ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നും പറഞ്ഞു. കൊല്ലത്ത് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഭീഷണി ഭയന്ന് മൂവരും ഇറങ്ങിയോടി. റഷീദ് അട്ടഹസിച്ചു കൊണ്ട് പിന്നാലെ ഓടുകയും പിടിച്ചു നിര്‍ത്തി വീണ്ടും ഭീഷണി മുഴക്കുകയും ചെയ്തുവെന്നും പരാതിക്കാര്‍ പറയുന്നു.

ജൂലൈ 29 ന് തന്റെ കേസ് സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ അബ്ദുള്‍ റഷീദ് അവിടെയെത്തുകയും കോടതി മുറിയിലും വരാന്തയിലും വച്ച് അഭിഭാഷകനായ പ്രണവ് കൃഷ്ണയെ പിന്നാലെ ചെന്ന് ശല്യപ്പെടുത്തിയെന്ന് സന്തോഷ് കുമാര്‍ സിബിഐ കോടതി ജഡജിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വഞ്ചിയൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ ഒളിച്ചു കളിക്കുകയാണെന്നാണ് ആക്ഷേപം.