തിരുവനന്തപുരം: പ്രിയ വർഗീസിന്റെ സ്റ്റുഡന്റസ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധമെന്ന് ആരോപണം. കണ്ണൂർ വിസിയുടെ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി നിവേദനം നൽകി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗ്ഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനെതിരായുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി 2019 മുതൽ രണ്ടു വർഷക്കാലം ഡെപ്യൂട്ടേഷനിൽ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്നതിന് തെളിവുകൾ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി പുറത്തുവിട്ടത്. ഡെപ്യൂട്ടേഷൻ നിയമനവും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

അനധ്യാപക വിഭാഗം ജീവനക്കാരുടെ സേവന വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി ഓർഡിനൻസ് പ്രകാരം സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തികയിൽ നിയമനത്തിന് ആറു വർഷത്തെ അദ്ധ്യാപന പരിചയവും ഭരണ പരിചയവും നിഷ്‌കർഷിക്കുന്നു. കേരള സർക്കാരിന്റെ എല്ലാ ശമ്പള പരിഷ്‌കരണ ഉത്തരവുകളിലും സ്റ്റുഡൻസ് ഡയറക്ടർ തസ്തിക അനദ്ധ്യാപക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലയളവ് ഒഴിച്ചാൽ മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണ് പ്രിയ വർഗീസിനുള്ളത്. ഭരണ രംഗത്ത് യാതൊരു പരിചയവും പ്രിയ വർഗീസിന് ഇല്ല. ഈ തസ്തികയ്ക്ക് പിജി ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളതിനാൽ കേരളാ വർമ്മ കോളേജിലെ മൂന്നുവർഷത്തെ സേവനം മാത്രമേ കണക്കിലെടുക്കാനാവുകയുള്ളു. ആറു വർഷത്തെ അദ്ധ്യാപനപരിചയം ഈ തസ്തികയ്ക്ക് നിർ ബന്ധമാണ്.

സ്റ്റുഡന്റസ് ഡയറക്ടർ കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകിയിട്ടുള്ളത്. പ്രിയ വർഗീസിനെ സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി നിയമിച്ച വിസി ഡോ:ഗോപിനാഥ് രവീന്ദ്രന്റെ ചട്ടവിരുദ്ധ നടപടിയും അന്വേഷണ വിധേയമാക്കണമെന്ന് ക്യാമ്പയിൻ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നൽകിയിരുന്നു. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹർജി നാളെ വീണ്ടും പരിശോധിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ യുജിസിയെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നടപടികൾ പാലിച്ചല്ല നിയമനം എന്ന പരാതിയിൽ ഗവർണർ, സർക്കാർ, കണ്ണൂർ വിസി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവർണർക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗൺസിൽ കൈപ്പറ്റി. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു.

പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവർണർ സ്റ്റേ ചെയ്തത്. അദ്ധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കിയായിരുന്നു ഗവർണറുടെ നടപടി. ചാൻസലർ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.